
ചെന്നൈ:. വൈകാരിക സ്വപ്നങ്ങൾ പങ്കുവച്ച്, ജനങ്ങളെ ആവേശഭരിതരാക്കി ദളപതി വിജയ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റു. 'സി. ജോസഫ് വിജയ് എന്ന നാൻ... ആണ്ടവൻ മീതെ ആണയിട്ട്..." എന്നു തുടങ്ങിയ സത്യപ്രതിജ്ഞാചടങ്ങ്, നന്ദി പ്രകടനത്തിനും വേദിയായി.
കോൺഫിഡന്റായി ഇറുങ്കൈ, നല്ലതേ നടക്കും. വെട്രി നിശ്ചയം. കോടി മക്കൾ എൻകൂടെ ഇരിക്കുംപോത് എതുവന്താലും പാത്തുക്കലാം, എന്തുവന്താലും പാത്തുക്കലാം. അപ്പടി അന്ത കോൺഫിഡൻസ് എൻ മനസിലിറുക്ക്. നന്ദിവാക്കുകൾ അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു.
ദൈവനാമത്തിലായിരുന്നു പ്രതിജ്ഞ. വൈകാരികത ലവലേശം കലരാതെ പേപ്പറിൽ കുറിച്ചുവച്ച വാചകങ്ങൾ മാത്രം പറഞ്ഞ് അവസാനിപ്പിക്കുന്ന പതിവ് ശൈലി ഉപേക്ഷിച്ച് വെള്ളിത്തിരയിലെ ത്രസിപ്പിക്കുന്ന സംഭാഷണം പോലെ വ്യത്യസ്തമായി ചടങ്ങ്.
ഒരുഘട്ടത്തിൽ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെടുകയും പേപ്പറിലുള്ളത് പറഞ്ഞാൽ മതിയെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഗവർണർ മടങ്ങിയതോടെ, ഭരണത്തെക്കുറിച്ചുള്ള തന്റെ സ്വപ്നങ്ങൾ ജനങ്ങളുമായി പങ്കുവയ്ക്കാൻ വിജയ് ആ വേദിതന്നെ പ്രയോജനപ്പെടുത്തി. സദസ്യരെ സാക്ഷി നിറുത്തി ആദ്യ ഉത്തരവിൽ ഒപ്പിട്ടു. സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവായിരുന്നു അത്. ആദ്യമായാണ് ഒരു മുഖ്യമന്ത്രി സത്യപ്രതിജ്ഞാവേദിയിൽ വച്ചു ഉത്തരവിൽ ഒപ്പിടുന്നത്.
തുടർന്നാണ് ജനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് തന്റെ ഭരണം എങ്ങനെ ആയിരിക്കുമെന്ന് പ്രഖ്യാപിച്ചത്.
ദളപതി അധികാരമേൽക്കുന്ന നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ നെഹ്റു സ്റ്റേഡിയത്തിന് അകത്തും പുറത്തുമായി തടച്ചുകൂടിയത് പതിനായിരങ്ങൾ. 59 വർഷം ദ്രാവിഡ കക്ഷികൾ മാറിയും തിരിഞ്ഞും കൈവശംവച്ച ഭരണമാണ് വിജയ്‌യുടെ കൈകളിലേക്ക് എത്തിയത്.
ആദ്യം വന്ദേ മാതരം
1. പതിവിന് വിരുദ്ധമായി വന്ദേമാതരം ആലപിച്ചുകൊണ്ടായിരുന്നു ചടങ്ങിന് തുടക്കം. പിന്നാലെ ദേശീയ ഗാനം. അതിനുശേഷമാണ് തമിഴ് ജനതയുടെ അഭിമാനമായ വാഴ്ത്തുപാട്ട് ആലപിച്ചത്.
2. എൻ. ആനന്ദ്, ആദവ് അർജുന, ഡോക്ടർ കെ.ജി.അരുൺ രാജ്, കെ.എ.സെങ്കോട്ടയ്യൻ, പി.വെങ്കട്ടരമണൻ, ആർ.നിർമ്മൽകുമാർ, രാജ്‌മോഹൻ, ഡോ.ടി.കെ.പ്രഭു, എസ്. കീർത്തന എന്നീ 9 മന്ത്രിമാരും വിജയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു. കോൺഗ്രസ് അംഗങ്ങൾ ആരും സത്യപ്രതിജ്ഞ ചെയ്തില്ല.
3. രാഹുൽ ഗാന്ധിയടക്കമുള്ള രാഷ്ട്രീയ പ്രമുഖരും പങ്കെടുത്തു. വിജയ്‌യുടെ മാതാപിതാക്കളായ എസ്.ഐ.ചന്ദ്രശേഖറും ശോഭാ ചന്ദ്രശേഖറും മുൻനിരയിൽ ഉണ്ടായിരുന്നു. തൃഷ, ജെയ് ഉൾപ്പെടെയുള്ള സിനിമാ താരങ്ങളും എത്തി.
4. പിന്തുണ നൽകിയ കോൺഗ്രസ്, സി.പി.എം, സി.പി.ഐ, വി.സി.കെ. മുസ്ലീംലീഗ് നേതാക്കളുടെ പേരെടുത്തു പറഞ്ഞ് നന്ദി പറഞ്ഞു. 107 അംഗങ്ങൾ ഉള്ള ടി.വി.കെ ഈ പാർട്ടികളുടെ പിന്തണയോടെയാണ് ഭൂരിപക്ഷം തികച്ചത്. ശേഷം വിജയ് സെക്രട്ടേറിയറ്റിലെത്തി
ചുമതല ഏറ്റെടുത്തു.
മക്കൾ പണം വിജയ് തൊടാത്
``ഞാനല്ലാതെ മറ്റൊരു അധികാര കേന്ദ്രവും ഉണ്ടാകില്ല. അധികാരത്തിന്റെ ഏക കേന്ദ്രം ഞാനായിരിക്കും.
ഞാൻ ഒരിക്കലും തെറ്റ് ചെയ്യില്ല. പൊതുജനങ്ങളുടെ പണത്തിൽ ഒരു പൈസ പോലും ഞാൻ തൊടില്ല.``
-വിജയ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |