
ന്യൂഡൽഹി: ആശുപത്രികളിലെ ഐ.സി.യു സൗകര്യങ്ങളെ പരസ്പരം ജി.പി.എസ് അധിഷ്ഠിത ട്രാക്കിംഗ് സംവിധാനം വഴി ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. ആശുപത്രികളിലെ അതിതീവ്രപരിചരണ വിഭാഗങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ആവശ്യമായ നിർദ്ദേശങ്ങൾ കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നൽകി. രാജ്യത്ത് ജനസംഖ്യയ്‌ക്ക് ആനുപാതികമായി ആരോഗ്യ സംരക്ഷണ സൗകര്യങ്ങളില്ലാത്ത ഭയാനകമായ അവസ്ഥയിലാണെന്നും വിമർശിച്ചു.
ആശുപത്രികളിലെ ഐ.സി.യു, ക്രിട്ടിക്കൽ കെയർ സൗകര്യങ്ങളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ അഹ്‌സാനുദ്ദീൻ അമാനുല്ല, ആർ.മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച്.
ഐ.സി.യു, ക്രിട്ടിക്കൽ കെയർ സൗകര്യങ്ങൾ സംസ്ഥാനങ്ങൾ രണ്ടുമാസത്തിനുള്ളിൽ വിലയിരുത്തണം. ഐ.സി.യു മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനുള്ള ചട്ടക്കൂട് രൂപപ്പെടുത്തണം. പ്രാദേശികമായി ജനങ്ങൾക്ക് അടിയന്തരഘട്ടങ്ങളിൽ, കുറഞ്ഞ സൗകര്യങ്ങളുള്ള (മിനിമം ലെവൽ- 1) ഐ.സി.യു ലഭ്യതയെങ്കിലും ഉറപ്പാക്കാനുള്ള നടപടികൾ നിർദ്ദേശിക്കണം.
അടിയന്തര ഘട്ടങ്ങളിൽ രോഗികളെ കൊണ്ടുപോകാൻ വെന്റിലേറ്ററുകളും പരിശീലനം ലഭിച്ച ജീവനക്കാരുമുള്ള, കുറഞ്ഞത് അഞ്ച് ആംബുലൻസുകളെങ്കിലും ഒാരോ സംസ്ഥാനത്തും വിന്ന്യസിക്കണം. രോഗികളെ കൈമാറാനും ഏകോപനത്തിനും ആശുപത്രികൾക്കിടയിൽ പ്രത്യേക നെറ്റ്‌വർക്ക് വേണം.
നഴ്സിംഗ് കോളേജുകൾക്ക്
അടുത്ത് ആശുപത്രി വേണം
നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആശുപത്രികൾ അകലെ പ്രവർത്തിക്കാൻ അനുവദിക്കുന്നതിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു. അടിസ്ഥാന നഴ്സിംഗ് കോഴ്സുകൾക്ക് ദിവസേന ഐ.സി.യു പരിശീലനം ആവശ്യമാണ്. ആശുപത്രികളിൽ നിന്ന് 30 കിലോമീറ്റർവരെ അകലെയുള്ള സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളെ എങ്ങനെ പഠിപ്പിക്കും. ഐ.സി.യു സൗകര്യങ്ങളുള്ള, ഒരു കിലോമീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന ആശുപത്രികളുമായി നഴ്സിംഗ് സ്ഥാപനങ്ങൾ ബന്ധിപ്പിക്കണമെന്നും നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |