
ചെന്നൈ: 59 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിമാർ. പി. വിശ്വനാഥൻ, രാജേഷ് കുമാർ എന്നിവർ ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. മേലൂരിൽ നിന്ന് ജയിച്ച വിശ്വനാഥൻ തമിഴ്നാട്ടിൽ ജനറൽ സീറ്റിൽ വിജയിച്ച ഏക ദളിത് സ്ഥാനാർത്ഥിയാണ്. കിള്ളിയൂർ എം.എൽ.എയായ രാജേഷ് കുമാർ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവാണ്. മന്ത്രിസഭാ വികസനത്തിലൂടെ വിജയ് സർക്കാരിൽ ഇരുപതിൽ അധികം മന്ത്രിമാരുണ്ടാകുമെന്ന് സൂചന. വി.സി.കെയും മുസ്‌ലിം ലീഗും മന്ത്രിസഭയിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി ടി.വി.കെ അറിയിച്ചു.
ഇന്ന് രാവിലെ 10ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണറുടെ ചുമതലയുള്ള ആർ.വി ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും. കൃഷി, ഉന്നത വിദ്യാഭ്യാസം, റവന്യു തുടങ്ങിയ വകുപ്പുകളിൽ ഇതുവരെ മന്ത്രിമാരെ തീരുമാനിച്ചിട്ടില്ല. കോൺഗ്രസിനെ ഭരണത്തിൽ ഉൾപ്പെടുത്തിയത് വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സഖ്യം ശക്തമാക്കാൻ സഹായിക്കുമെന്നാണ് ടി.വി.കെയുടെ വിലയിരുത്തൽ. അണ്ണാ ഡി.എം.കെയിലെ വിമത വിഭാഗത്തെ ഇപ്പോൾ മന്ത്രിസഭയിൽ ഉൾപ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി വിജയ് തീരുമാനിച്ചിട്ടുണ്ട്. സഖ്യകക്ഷികളുടെ എതിർപ്പിനെ തുടർന്നാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |