SignIn
Kerala Kaumudi Online
Thursday, 21 May 2026 2.38 AM IST

സോഷ്യൽ മീഡിയയിൽ ഹിറ്റായി കോക്രോച്ച് ജനതാ പാർട്ടി

d

ന്യൂ‌ഡൽഹി: സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് 'കോക്രോച്ച് ജനതാ പാർട്ടി'. തൊഴിൽ രഹിതരായ യുവാക്കളെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 'കീടങ്ങളോടും' 'പാറ്റകളോടും' ഉപമിച്ചതിൽ പ്രതിഷേധിച്ച് ഉയർന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയാണ് 'കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി)'. വെറുമൊരു ഇന്റർനെറ്റ് തമാശയായി തുടങ്ങിയ ഈ കൂട്ടായ്മയിൽ നാല് ദിവസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം ആളുകളാണ് അംഗങ്ങളായത്. തൊഴിലില്ലായ്മയും പരീക്ഷാ വിവാദങ്ങളും കാരണം സിസ്റ്റത്തോട് പ്രതിഷേധമുള്ള യുവാക്കളുടെയും വിദ്യാർത്ഥികളുടെയും വലിയൊരു താവളമായി മാറി ഈ ഓൺലൈൻ കൂട്ടായ്മ. തങ്ങളെ പാറ്റകൾ എന്ന് വിളിച്ചവർക്ക് മറുപടിയായി, 'രാജ്യത്തെ സിസ്റ്റം അത്രമാത്രം ചീഞ്ഞുനാറിയത് കൊണ്ടാണ് പാറ്റകൾക്ക് പുറത്തുവരേണ്ടി വന്നത്' എന്നാണ് ഈ കൂട്ടായ്മ രൂപീകരിച്ചവർ പറയുന്നത്.

നിലവിൽ പാർട്ടിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിന് നാലുലക്ഷത്തിലധികം ഫോളോവേഴ്സും എക്സ് അക്കൗണ്ടിൽ 38,000ലധികം ഫോളോവേഴ്സുമുണ്ട്. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ പബ്ലിക് റിലേഷൻസ് വിദ്യാർത്ഥിയായ 30കാരൻ അഭിജീത് ദിപ്കെയാണ് ഈ ഡിജിറ്റൽ പാർട്ടിയുടെ സ്ഥാപകൻ. 2020 മുതൽ 2023വരെ ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ ടീമിൽ സജീവമായി പ്രവർത്തിച്ചിട്ടുള്ള ആളാണ് അഭിജീത്.

മേയ് 15ന് സുപ്രീം കോടതിയിൽ നടന്ന ഒരു കേസ് വിചാരണയ്ക്കിടയിലാണ് ഈ വിവാദ സംഭവമുണ്ടാകുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉൾപ്പെട്ട ബെഞ്ച്, ഹർജിക്കാരന്റെ സോഷ്യൽ മീഡിയ ഇടപെടലുകളെ വിമർശിച്ചത്. "തൊഴിലില്ലാത്ത, സ്വന്തം മേഖലകളിൽ ഒരിടവുമില്ലാത്ത ചില യുവാക്കൾ പാറ്റകളെപ്പോലെയാണ്. അവർ മാദ്ധ്യമപ്രവർത്തകരും സോഷ്യൽ മീഡിയക്കാരുമായി മാറി വ്യവസ്ഥിതിയെ മുഴുവൻ ആക്രമിക്കുകയാണ്" എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം. ഇതോടെ, ചീഫ് ജസ്റ്റിസ് രാജ്യത്തെ യുവാക്കളെയും മാദ്ധ്യമപ്രവർത്തകരെയും അധിക്ഷേപിച്ചു എന്ന് ആരോപിച്ച് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നു. മാദ്ധ്യമ സംഘടനകൾ ഉൾപ്പെടെ ഇതിനെതിരെ രംഗത്തുവന്നു. ചീഫ് ജസ്റ്റിസ് വിശദീകരണവുമായി രംഗത്തെത്തി. തന്റെ വാക്കുകൾ മാദ്ധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും രാജ്യത്തെ യുവാക്കളെയല്ല താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360