SignIn
Kerala Kaumudi Online
Monday, 22 June 2026 4.49 AM IST

തമിഴ്നാട് കളിയിൽ കടുപ്പിച്ച് കേരളം: മുല്ലപ്പെരിയാർ സമിതി പ്രവർത്തനം നിറുത്തണം

READ ENGLISH VERSION
dam

സംസ്ഥാനം അറിയാതെ കേരള
പ്രതിനിധിയെ കേന്ദ്രം ഒഴിവാക്കി
നടപടി അംഗീകരിക്കില്ല, തിരുത്തണം

ന്യൂഡൽഹി: തമിഴ്നാടിന്റെ സമ്മർദ്ദത്തിൽ മുല്ലപ്പെരിയാർ വിദഗ്‌ദ്ധസമിതിയിലെ കേരളത്തിന്റെ പ്രതിനിധിയെ മാറ്റിയ കേന്ദ്രന ടപടി തിരുത്തണമെന്ന് സംസ്ഥാനം. സമിതിയുടെ പ്രവർത്തനം നിറുത്തിവയ്ക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ഏകപക്ഷീയ നടപടി അംഗീകരിക്കില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് പ്രതികരിച്ചു.

സുപ്രീംകോടതി നിർദ്ദേശപ്രകാരം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധനയ്‌ക്ക് ജനുവരി ആറിന് രൂപീകരിച്ച സമിതിയിൽ നിന്നാണ് കേരളത്തിന്റെ പ്രതിനിധിയായ കേന്ദ്ര ജലകമ്മിഷൻ മുൻ ചീഫ് എൻജിനിയർ ടി.കെ. ശിവരാജനെ മാറ്റിയത്. പകരം ഇന്റർനാഷണൽ സെന്റർ ഫോർ എക്സലൻസ് ഫോർ ഡാംസ് മേധാവിയും ഐ.ഐ.ടി റൂർക്കി ഭൂകമ്പ എൻജിനിയറിംഗ് വിഭാഗം പ്രൊഫസറുമായ എം.എൽ. ശർമ്മയെ ഉൾപ്പെടുത്തി. ഇതോടെ സമിതിയിൽ കേരളത്തിന്റെ പ്രതിനിധിയില്ലാതായി.

കേരളമറിയാതെ, ജൂൺ 16ന് കേന്ദ്ര ഡാം സുരക്ഷാ അതോറിട്ടി എടുത്ത തീരുമാനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വ്യക്തിപരമായ കാരണങ്ങളാൽ ശിവരാജന് തുടരാൻ കഴിയാത്തതിനാൽ പുനഃസംഘടിപ്പിച്ചെന്നാണ് വാദം. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിനെതിരെ തമിഴ്‌നാട്ടിൽ വിജയ്‌‌യുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാരും രംഗത്തുവന്നതിന് പിന്നാലെയാണ് രഹസ്യ നീക്കം.

അണക്കെട്ട് സുരക്ഷിതമല്ലെന്ന കേരളത്തിന്റെ വാദങ്ങൾ തെളിയിക്കാൻ സുരക്ഷാപരിശോധന റിപ്പോർട്ട് നിർണായകമാണെന്നിരിക്കെ ആണിത്. കേരളത്തിന്റെ പ്രാതിനിദ്ധ്യമില്ലാത്ത സമിതിയുടെ കണ്ടെത്തലുകൾ സുതാര്യമാകില്ലെന്ന് കേന്ദ്ര ജലവിഭവ വകുപ്പിന് കേരളം അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.

 തമിഴ്നാട് പ്രതിനിധി രഹസ്യം

സമിതി രൂപീകരിച്ചതുമുതൽ ശിവരാജനെ മാറ്റാൻ തമിഴ്നാട് സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതുകാരണം സമിതിയുടെ പ്രവർത്തനം നടന്നിരുന്നില്ല. സമിതി രൂപീകരിച്ച് ഒരു മാസത്തിനുള്ളിൽ മുല്ലപ്പെരിയാറിലെത്തി പരിശോധിച്ച് നാലു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടതായിരുന്നു. സമിതി ചെയർമാൻ നാഷണൽ ഹൈഡ്രോഇലക്‌ട്രിക് പവർ കോർപ്പറേഷൻ (എൻ.എച്ച്.പി.സി) മുൻ ചെയർമാൻ ബൽരാജ് ജോഷി, അംഗങ്ങളായ എൻ.എച്ച്.പി.സി മുൻ അംഗം ഗോപാൽ ധവാൻ, ജി.എഫ്.സി.സി അംഗം ഗുൽഷൻ രാജ്, സി.എസ്.എം.ആർ.എസിലെ മുൻ ശാസ്‌ത്രജ്ഞൻ എൻ. ശിവകുമാർ എന്നിവർ സമിതിയിൽ തുടരും. ഇവരിൽ ആരാണ് തമിഴ്നാട് പ്രതിനിധിയെന്നത് രഹസ്യമാണ്.

''കേരള പ്രതിനിധിയെ ഒഴിവാക്കിയെന്ന കത്തുവന്നു. അംഗീകരിക്കില്ലെന്ന് വകുപ്പ് സെക്രട്ടറി മറുപടി കൊടുത്തു. കേരളത്തിന്റെ പ്രതിനിധിയായി കേരളത്തിൽ നിന്നുള്ളയാൾ തന്നെ വേണം. പകരം യു.പിക്കാരനെ നിയമിച്ചിട്ട് എന്തുകാര്യം

-മോൻസ് ജോസഫ്,

ജലവിഭവ വകുപ്പ് മന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, DAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360