ഇന്തോനേഷ്യ , ആ പേരിലുണ്ട് ഇന്ത്യയുമായുള്ള ഇഴയടുപ്പം. ചരിത്രത്തിനുമപ്പുറം ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവുമായും അത് ബന്ധിക്കപ്പെട്ടിരിക്കുന്നു. രാമായണത്തിൽ സീതയെ തിരഞ്ഞ് സുഗ്രീവന്റെ നേതൃത്വത്തിലുള്ള വാനരപ്പട പോയ യാവാദ്വീപ് ഇന്തോനേഷ്യയിലെ ജാവാ ദ്വീപാണെന്ന് പറയുന്നു. നൂറ്റാണ്ടുകൾക്ക് മുൻപേ ഇന്തോനേഷ്യൻ ദ്വീപസമൂഹങ്ങളിലെ ജനങ്ങൾ ഇന്ത്യൻ ഉപഭൂഖണ്ഡവുമായി ഇടപഴകിയതിന് തെളിവുണ്ട്. നളന്ദ സർവകലാശാലയിൽ അവിടെ നിന്നുള്ള വിദ്യാർത്ഥികൾ പഠിച്ചിട്ടുണ്ടത്രേ. കടൽ വഴി വ്യാപാരം നടന്നു. ഹിന്ദു, ബുദ്ധമതങ്ങളും ഇന്ത്യൻ വിശ്വാസങ്ങളും ഇന്തോനേഷ്യൻ കലയിലും പാരമ്പര്യത്തിലും ഭാഷയിലും, ക്ഷേത്ര വാസ്തുവിദ്യയിലും വരെ സ്വാധീനം ചെലുത്തി. മുസ്ളീം രാജ്യമെങ്കിലും ഹിന്ദു സംസ്‌കാരവുമായുള്ള അഭേദ്യ ബന്ധം, ഇന്തോനേഷ്യൻ ജനതയ്‌ക്ക് കൈവന്നതും ഈ പൗരാണിക ബന്ധത്തിലൂടെ.
ത്രിമൂർത്തികളായ ബ്രഹ്‌മാവ്, വിഷ്‌ണു, ശിവൻ പ്രതിഷ്‌ഠയുള്ള ഇന്തോനേഷ്യയിലെ 9-ാം നൂറ്റാണ്ടിൽ നിർമ്മിച്ച യുനെസ്‌കോ പൈതൃക പട്ടികയിൽ ഇടംപിടിച്ച പ്രംബനൻ ക്ഷേത്രം അടക്കം നിരവധി അവശേഷിപ്പുകൾ ആ ബന്ധത്തിന്റെ കഥ പറയുന്നു. പ്രംബനനിലെ ഓപ്പൺ തിയേറ്ററിൽ സ്ഥിരമായി മുസ്ളീം കലാകാരന്മാർ പൗർണമി നാളുകളിൽ രാമായണ കഥയെ ആസ്‌പദമാക്കിയുള്ള നൃത്തം അവതരിപ്പിക്കാറുണ്ട്.
സൗഹൃദം തന്ത്രപരം
ചരിത്രാതീത ബന്ധത്തെ ഇന്ന് തന്ത്രപരമായ ആവശ്യങ്ങൾക്കും വാണിജ്യ പ്രതിരോധ ഇടപാടുകൾക്കുമായി ഇന്ത്യ ഫലപ്രദമായി ഉപയോഗിക്കുന്നതിന്റെ തെളിവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനിടെ എടുത്ത തീരുമാനങ്ങൾ. സന്ദർശനത്തെ 2014 മുതൽ നരേന്ദ്രമോദി സർക്കാർ നടപ്പാക്കുന്ന ആക്‌ട് ഈസ്റ്റ് ഏഷ്യാ നയത്തിന്റെ ഭാഗമായി വിലയിരുത്താം. കിഴക്കൻ ഏഷ്യ, തെക്കുകിഴക്കൻ ഏഷ്യ, ഇന്തോ-പസഫിക് മേഖല രാജ്യങ്ങളുമായുള്ള കണക്റ്റിവിറ്റി, വ്യാപാരം, സുരക്ഷാ സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്ന നയമാണിത്. അസോസിയേഷൻ ഒഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (ആസിയാൻ) സംഘടനയുമായുള്ള ഇടപെടൽ വർദ്ധിപ്പിക്കലും ലക്ഷ്യമാണ്. ഈ നയത്തിന്റെ ഭാഗമായി ഇന്ത്യൻ മഹാസമുദ്രത്തിന്റെ കിഴക്കൻ സമുദ്ര മേഖലയിലേക്ക് ഇന്ത്യ നയതന്ത്ര ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. മൗറീഷ്യസ്, സീഷെൽസ്, ജപ്പാൻ രാജ്യങ്ങളുമായുള്ള ഇടപെടലുകളുടെ തുടർച്ചയായാണ്, ഇപ്പോൾ ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് രാജ്യങ്ങളിൽ അദ്ദേഹം സന്ദർശം നടത്തുന്നത്. ഇന്തോ-പസഫിക് മേഖലയിലുടനീളം തന്ത്രപരവും സാമ്പത്തികവും സുരക്ഷാപരവുമായ പങ്കാളിത്തം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. സുപ്രധാന സമുദ്രപാതകൾ സുരക്ഷിതമാക്കൽ, വ്യാപാരബന്ധങ്ങൾ വികസിപ്പിക്കൽ, ചൈനയുടെ സ്വാധീനത്തെ ചെറുക്കൽ, അതുവഴി മേഖലയിലെ ഭൗമരാഷ്ട്രീയ ഭൂപ്രകൃതിയിൽ നിർണായക പങ്കു വഹിക്കൽ ഇതൊക്കെയാണ് ഇന്ത്യയുടെ ലക്ഷ്യം.
ഹോർമൂസ് പോലെ മലാക്ക
ഇന്തോനേഷ്യൻ ദ്വീപായ സുമാത്രയ്‌ക്കും മലായ് ഉപദ്വീപിനും ഇടയിലെ 900 കിലോമീറ്റർ (560 മൈൽ) നീളവും 65 മുതൽ 250 കിലോമീറ്റർ (40 മുതൽ 155 മൈൽ) വരെ വീതിയുമുള്ള ഒരു ഇടുങ്ങിയ ജലപാതയാണ് മലാക്ക കടലിടുക്ക്. ഇത് ആൻഡമാൻ കടലിനെയും (ഇന്ത്യൻ മഹാസമുദ്രം) ദക്ഷിണ ചൈനാ കടലിനെയും (പസഫിക് സമുദ്രം) ബന്ധിപ്പിക്കുന്നു. ഹോർമൂസ് കടലിടുക്ക് പോലെ എണ്ണയും മറ്റ് ചരക്കുകളും അടക്കം ആഗോള വാണിജ്യ കടത്തിന്റെ 25 ശതമാനവും നീങ്ങുന്നത് ഇതുവഴിയാണ്. ചൈനയുടെ അസംസ്കൃത എണ്ണ ഇറക്കുമതിയുടെ ഏകദേശം 80 ശതമാനവും ചരക്ക് വ്യാപാരത്തിന്റെ ഏകദേശം 60 ശതമാനവും വരുന്നതും ഇതുവഴി. ഇതുകാരണം മേഖലയിൽ തന്ത്രപരമായ സ്വാധീനമുണ്ടാക്കാൻ അവർ ശ്രമിക്കുന്നു. അത് ഇന്ത്യൻ മഹാസമുദ്രത്തിലേക്കും നീളും. ആഫ്രിക്ക മുതൽ വടക്കെ അമേരിക്ക വരെ പരന്നു കിടക്കുന്ന ഇന്തോ-പസഫിക് മേഖല എന്ന വലിയ കാൻവാസിൽ ചൈനയ്‌ക്കെതിരെ ആഗോള സുരക്ഷാ കൂട്ടായ്‌മയുണ്ടാക്കാൻ ശ്രമിക്കുന്ന ഇന്ത്യയ്‌ക്ക് തങ്ങൾക്ക് തൊട്ടടുത്തുള്ള മലാക്ക കടലിടുക്കിലെ ചൈനീസ് സാന്നിദ്ധ്യം അവഗണിക്കാനാവുന്നതല്ല. ഇന്ത്യയുടെ എണ്ണ അടക്കം ചരക്കു ഗതാഗതത്തിനും പാത നിർണായകം. മലാക്കയിലുണ്ടാകുന്ന ഏത് തടസവും ഹോർമൂസ് പോലെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കും. അതിനാൽ ഇന്തോനേഷ്യയുമായുള്ള തന്ത്രപരമായ ഉഭയകക്ഷി ബന്ധം മലാക്കാ കടലിടുക്കിലെ താത്‌പര്യങ്ങളും മുന്നിൽ കണ്ടാണ്.
ചബാഹർ പോലെ സബാംഗ്
പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിനിടെ, സുമാത്ര ദ്വീപിന്റെ വടക്കേ അറ്റത്തുള്ള തന്ത്രപ്രധാനമായ സബാംഗ് തുറമുഖം സംയുക്തമായി വികസിപ്പിക്കാനുള്ള കരാർ ഒപ്പിട്ടത് ഈ സാഹചര്യത്തിൽ വേണം കാണാൻ. ഇത് ഇന്തോ-പസഫിക്കിലെ സമുദ്ര സഹകരണം ശക്തിപ്പെടുത്താനും മലാക്കാ കടലിടുക്കിന് സമീപം ഇന്ത്യയ്ക്ക് തന്ത്രപരമായ അടിത്തറ നൽകാനും ഉപകരിക്കും. ഹോർമൂസിലെ സ്വാധീനത്തിനായി ഇറാനുമായി ചേർന്ന് ചബാഹർ തുറമുഖം സംയുക്തമായി വികസിപ്പിക്കാൻ തീരുമാനിച്ചതിന് സമാനമാണ്. ആൻഡമാൻ നിക്കോബാർ ദ്വീപിൽ ഇന്ത്യ നിർമ്മിക്കുന്ന ഗ്രേറ്റ് നിക്കോബാർ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖവും സബാംഗുമായി ഏകദേശം 160 കിലോമീറ്റർ അകലം മാത്രമാണുള്ളത്. സബാംഗ് തുറമുഖത്ത് പിടിമുറുക്കുക വഴി മലാക്ക കടലിടുക്കിന് ഇരുവശവും ഇന്ത്യയ്‌ക്ക് തന്ത്രപരമായ സാന്നിദ്ധ്യം ഉറപ്പാക്കാം.
ബ്രഹ്‌മോസും അസ്‌ത്രയും
മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായ കരാറുകളിൽ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലും തദ്ദേശീയമായി നിർമ്മിച്ച അസ്‌ത്ര എം.കെ1 മിസൈലും ഇന്തോനേഷ്യയ്‌ക്ക് നൽകാൻ തീരുമാനിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിൽ സംയുക്ത നിരീക്ഷണം നടത്താനും ധാരണയായി. ഫിലിപ്പീൻസിനും വിയറ്റ്‌നാമിനും ശേഷം ബ്രഹ്‌മോസ് മിസൈൽ വാങ്ങുന്ന രാജ്യമാണ് ഇന്തോനേഷ്യ. ഈ മൂന്ന് രാജ്യങ്ങൾക്കും ദക്ഷിണ ചൈനാ കടലിൽ ചൈനയുമായി സമുദ്ര തർക്കങ്ങളുള്ളതിനാൽ ഇടപാടിന് തന്ത്രപരമായ പ്രാധാന്യവുമുണ്ട്.
ഇന്ത്യൻ സംഗീതം ആസ്വദിക്കും പ്രസിഡന്റ്
പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ജക്കാർത്തയിൽ ഇന്ത്യൻ വംശജരുടെ പരിപാടിയിൽ പങ്കെടുക്കവേ, ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ നടത്തിയ 'ഇന്ത്യൻ' ഡി.എൻ.എ പ്രയോഗം ഒരേ സമയം തമാശയും വസ്‌തുതയും നിറഞ്ഞതായിരുന്നു. ഇന്ത്യൻ സംഗീതം കേൾക്കുമ്പോൾ ശരീരം പ്രത്യേക രീതിയിൽ പ്രതികരിക്കുന്നത് ഈ ജനിതക ബന്ധം കാരണമാകാമെന്നും അദ്ദേഹം പറഞ്ഞു. 2025 ജനുവരിയിൽ റിപ്പബ്ളിക് ദിന പരിപാടിയിൽ അതിഥിയാകാൻ ഇന്ത്യയിലേക്ക് തിരിക്കും മുൻപ് താൻ ഡി.എൻ.എ പരിശോധന നടത്തിയെന്നും ഇന്ത്യൻ ബന്ധമുണ്ടെന്ന് കണ്ടെത്തിയെന്നുമായിരുന്നു പ്രബോവോയുടെ വെളിപ്പെടുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |