
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിലെ കോക്പിറ്ര് ശബ്‌ദരേഖ പരസ്യമാക്കാനാകില്ലെന്ന്, എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ(എ.എ.ഐ.ബി). സുപ്രീംകോടതിയെയാണ് ഇക്കാര്യം അറിയിച്ചത്. വോയ്സ് റെക്കാഡറുകളിലെ വിവരങ്ങൾ വെളിപ്പെടുത്താനാകില്ല. അപകടത്തിന്റെ ഉത്തരവാദിത്വം പൈലറ്രുമാരുടെ തലയിൽ കെട്ടിവയ്‌ക്കാൻ നീക്കമെന്ന അഭ്യൂഹങ്ങൾ കാരണമാണിതെന്നും ചില സാക്ഷികൾ മൊഴി നൽകുന്നില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. സ്വതന്ത്ര ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് അപകടത്തിൽ മരിച്ച ക്യാപ്റ്റൻ സുമീത് സബർവാളിന്റെ പിതാവ് പുഷ്‌കരാജ് സബർവാൾ ഉൾപ്പെടെ സമർപ്പിച്ച ഹർജികളിലാണിത്. അന്വേഷണത്തിന് സുപ്രീംകോടതിയുടെ മേൽനോട്ടം വേണ്ടെന്നും ഏജൻസി നിലപാടെടുത്തു. ചിക്കാഗോ കൺവെൻഷൻ അടക്കം രാജ്യാന്തര വ്യോമയാന ഉടമ്പടികൾ പ്രകാരമുള്ള അന്വേഷണമാണ് നടക്കുന്നത്. യു.എസ്,യു.കെ,കാനഡ എന്നിവിടങ്ങളിലെ വിദഗ്ദ്ധരും സഹായിക്കുന്നു. ആറാഴ്ചയ്‌ക്കകം അന്വേഷണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബറോടെ കരട് അന്തിമ റിപ്പോർട്ട് തയ്യാറാകും. 2025 ജൂൺ 12നുണ്ടായ അപകടത്തിൽ 260 പേർക്കാണ് ജീവൻ നഷ്‌ടമായത്.
ലക്ഷ്യം വ്യോമയാന സുരക്ഷ ഉറപ്പാക്കൽ
ഭാവിയിൽ ഈമട്ടിലുള്ള അപകടമുണ്ടാകാതിരിക്കാനും, വ്യോമയാന മേഖലയിൽ സുരക്ഷ ഉറപ്പാക്കാനും നടപടികൾ നിശ്ചയിക്കുകയാണ് അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യം. അപകടകാരണം,അതിനു വഴിവച്ച ഘടകങ്ങൾ,സംവിധാനത്തിലെ പോരായ്‌മകൾ എന്നിവ വസ്‌തുതാന്വേഷണത്തിലൂടെ കണ്ടെത്താനാണ് ശ്രമം. ആരുടെയെങ്കിലും വീഴ്‌ചകൾ കണ്ടുപിടിക്കാനല്ല അന്വേഷണം. നഷ്‌ടപരിഹാരം നിശ്ചയിക്കലും,ക്രിമിനൽ പ്രോസിക്യൂഷനും തങ്ങളുടെ അധികാരപരിധിയിലുള്ളതല്ല.
സാങ്കേതിക പരിശോധന
പൂർത്തിയായി
അപകടവുമായി ബന്ധപ്പെട്ട സാങ്കേതിക പരിശോധനകൾ പൂർത്തിയായതായി എ.എ.ഐ.ബി വ്യക്തമാക്കി. എൻജിൻ മോണിറ്ററിംഗ് യൂണിറ്റിൽ നിന്ന് ലഭിച്ച വിവരങ്ങൾ അടക്കം വിശകലനം ചെയ്‌തു കൊണ്ടിരിക്കുന്നു. ആറ് വിദഗ്ദ്ധ സംഘങ്ങൾക്കാണ് ചുമതല.
1.വിമാനത്താവള ജീവനക്കാരുടെ മൊഴിയെടുത്തു
2.അറ്റകുറ്റപ്പണികളുടെ രേഖകൾ പരിശോധിച്ചു
3.എയർ ട്രാഫിക് കൺട്രോൾ റെക്കാർഡിംഗുകളും റഡാർ വിവരങ്ങളും ശേഖരിച്ചു
4.ഫ്ലൈറ്റ് റെക്കാർഡർ വിവരങ്ങൾ വിശകലനം ചെയ്യുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |