
തിരുവനന്തപുരം: എട്ടുമാസത്തെ ഗവേഷണത്തിനായി അനിൽ മേനോൻ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിയതോടെ മലയാളി ബഹിരാകാശത്തുമെത്തി. പിന്നാലെ ഭൂമിയിലെ സകലർക്കും നന്ദി പറഞ്ഞ് അനിൽ മേനോന്റെ സന്ദേശമെത്തി.
ചൊവ്വാഴ്ച രാത്രി 8.17നാണ് കസാഖിസ്ഥാനിലെ റഷ്യൻ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് റഷ്യയുടെ സോയൂസ് റോക്കറ്റിൽ പുറപ്പെട്ടത്. പുലർച്ചെ ഒന്നോടെയാണ് സോയൂസ് റോക്കറ്റ് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിയത്. പിന്നെയും ഒരുമണിക്കൂർ കഴിഞ്ഞാണ് അനിലും സഹയാത്രികരായ ദുബ്രോവും അന്ന കകിനയും സ്പേസ് സ്റ്റേഷനിൽ പ്രവേശിച്ചത്. ബഹിരാകാശ നിലയത്തിലെ ഗവേഷകരായ ജസിക്ക മേർ,ജാക്ക് ഹാത്വേ,ക്രിസ് വില്ല്യംസ്,സോഫിയ അഡിനാന്റ്,സെർജിസ്വർക്കോവ്,സെർജിമിഖേവ്,ആന്ദ്രേഫെദ്യോവ് എന്നിവർ യാത്രികരെ വരവേറ്റു.
12 മിനിറ്റ് നേരം ലൈവ് സംപ്രേഷണം മുറിഞ്ഞുപോയിരുന്നു. പിന്നീട് പുനഃസ്ഥാപിച്ചു. ഇന്നലെ പുലർച്ചെ അനിൽമേനോൻ നിർദ്ദിഷ്ട ഗവേഷണ ദൗത്യങ്ങൾക്ക് തുടക്കം കുറിച്ചു. ഇന്ത്യൻ വിദ്യാർത്ഥികൾ വരച്ച ഫസ്റ്റ് ഫോർ എവർ പരിപാടിയിലെ ചിത്രങ്ങൾ സ്‌പേസ് സ്റ്റേഷനിൽ വിതരണം ചെയ്തു.
റഷ്യൻ ബഹിരാകാശ യാത്രികൻ യൂറി ഗഗാറിൻ ആദ്യമായി ബഹിരാകാശ യാത്ര നടത്തിയതന്റെ 65-ാമത് വാർഷികമാണിത്. അതിന്റെ ഭാഗമായി ഇന്ത്യ,റഷ്യ ബഹിരാകാശ സഹകരണത്തിന്റെ ഓർമ്മപുതുക്കി. ഇന്ത്യയിലെ വിദ്യാർത്ഥികൾക്കിടയിൽ നടത്തിയതാണ് ഫസ്റ്റ് ഫോർ എവർ ചിത്രരചനാമത്സരം. അനിൽമേനോൻ യാത്രചെയ്ത സോയൂസ് റോക്കറ്റിൽ ഈ ചിത്രങ്ങൾ കൊണ്ടുപോയിരുന്നു. റഷ്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ റോസ്കോസ്മോസിലെ ബഹിരാകാശ മനുഷ്യദൗത്യവിഭാഗം മേധാവി യെലേന റമിസോവയാണ് ചിത്രങ്ങൾ സോയൂസ് റോക്കറ്റിൽ ഉൾപ്പെടുത്തിയത്.
പാലക്കാട് ഒറ്റപ്പാലത്തെ ചേറ്റൂർ കുടുംബത്തിലെ ശങ്കരമേനോന്റെ മകനാണ് അനിൽ മേനോൻ.
മകൾക്ക് ജന്മദിനാശംസ
ആദ്യ വീഡിയോ സന്ദേശത്തിൽ അനിൽ മേനോൻ മകൾ ഗ്രേസിന് ജന്മദിനാശംസകൾ നേർന്നു.
ഭാര്യയെക്കുറിച്ചും മക്കളെക്കുറിച്ചും സംസാരിച്ചു.
"വിസ്മയാവഹമായിരുന്നു യാത്ര.ഭൂമിയിലെ വീട്ടിൽ നിന്ന് 250മൈൽ അകലത്തേക്ക് എത്തി.അമേരിക്കയെ സേവിക്കാനായതിൽ അഭിമാനം തോന്നി.നാസയോടും പിന്തുണച്ച ഭൂമിയിലെ എല്ലാവരോടും നന്ദി"
-അനിൽമേനോൻ
(സ്പെയ്സ് സ്റ്റേഷനിൽ നിന്ന് അയച്ച സന്ദേശം)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |