
ടെഹ്രാൻ: ഹോർമുസ് കടലിടുക്കിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ, ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസുമായി ഇറാൻ ഉടൻ കരാറിലെത്തിയില്ലെങ്കിൽ എല്ലാം തകർക്കും. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ അതിശക്തമായ ആക്രമണമാണ് ഇറാനെതിരെ നടക്കുക. കൂടാതെ അടുത്തായഴ്ച യു.എസ് വ്യോമാക്രമണം കൂടുതൽ ശക്തമാക്കും. ഇറാന്റെ ഊർജ്ജ പ്ലാന്റുകളും പാലങ്ങളും ലക്ഷ്യമിട്ടാണ് അടുത്തഘട്ട ആക്രമണമെന്നും ട്രംപ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ഉടനെ കരയാക്രമണത്തിന് സാദ്ധ്യതയുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, ഇറാന്റെ ആണവ പദ്ധതിയുടേതെന്ന് സംശയിക്കുന്ന പിക് ആക്സ് മൗണ്ടൻ എന്ന ഭൂഗർഭ കേന്ദ്രത്തെ യു.എസ് നിരീക്ഷിച്ച് വരികയാണെന്നും അവിടെ എന്തെങ്കിലും പ്രവർത്തനമുണ്ടായാൽഉടൻ ആക്രമിക്കുമെന്നും ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയാകുന്ന ഇറാന്റെ ശേഷിയെ തകർക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. നിലവിൽ ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റഡാർ നിലയങ്ങൾ, ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ എന്നിവയ്ക്ക് നേരെ തുടർച്ചയായ അഞ്ചാം ദിവസവും ആക്രമണം തുടരുകയാണ്.
ഇതിനിടെ യു.എസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്,സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ,പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് എന്നിവരുമായി ട്രംപ് ഇന്നലെ കൂടിക്കാഴ്ച നടത്തി. ഇറാന് മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനുള്ള സൈനിക നീക്കങ്ങളുടെ ഭാഗമായിട്ടാണിത്. ഇറാന്റെ ആണവ പദ്ധതികൾ അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനുമുള്ള യു.എസ് ആവശ്യങ്ങൾ അംഗീകരിപ്പിക്കാനാണ് ഈ കടുത്ത നടപടികളിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്. എന്നാൽ യു.എസ് നീക്കത്തിനെതിരെ ഇറാന്റെ ഭാഗത്തുനിന്നും കനത്ത പ്രതിരോധമുണ്ടാകാനാണ് സാദ്ധ്യത.
അതിനിടെ ഇന്നലെ ഇറാനിൽ 90 മിനിറ്റ് നീണ്ട് വ്യോമാക്രമണം യു.എസ് നടത്തി. 30ലധികം സാധാരണക്കാരും ഏഴ് ഇറാനിയൻ സൈനികരും കൊല്ലപ്പെട്ടു. ഗൾഫ് മേഖലയിലെ യു.എസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ,ഡ്രോൺ ആക്രമണങ്ങൾ തുടരുന്നുണ്ട്.
ലോകത്തെ
സതംഭിക്കും
യു.എസ് ആക്രമണം തുടരുകയാണെങ്കിൽ ലോകത്തെ രണ്ട് പ്രധാനപ്പെട്ട എണ്ണ,ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. കൂടാതെ സൈന്യത്തെ ആക്രമിച്ച് ഭീകര ഗ്രൂപ്പുകളെ ഇളക്കിവിടാൻ അമേരിക്ക ശ്രമിക്കുന്നുവെന്നും ഇറാൻ ആരോപിച്ചു. കുവൈറ്റിൽ അമേരിക്കയുടെ വലിയ വെയർഹൗസായ കെ.ജി.എൽ വെയർഹൗസ്,ബഹ്റൈനിൽ സൈനിക ഉപകരണ കേന്ദ്രം,ജോർദാനിൽ അൽ അസറക് വ്യോമതാവളം എന്നിവ ഇറാൻ ആക്രമിച്ചു.
പ്രത്യേക ഡാഷ്‌ബോർഡ്
ഹോർമുസിലുള്ള ഇന്ത്യൻ നാവികരുടെ സുരക്ഷയ്ക്കായി പ്രത്യേക ഡാഷ് ബോർഡുകൾ തുടങ്ങാൻ കേന്ദ്ര സർക്കാർ തീരുനമാനിച്ചു. അടിയന്തര ഘട്ടത്തിൽ നാവികർക്കായി ലെയ്സൺ ഉദ്യോഗസ്ഥരെ നിയമിക്കും. നിലവിൽ വിവിധ കപ്പലുകളിലും ടാങ്കറുകളിലുമായി 150 നാവികർ മേഖലയിലുണ്ട്. കഴിഞ്ഞദിവസം ഒമാൻ തീരത്ത് യു.എ.ഇ ടാങ്കറുകൾക്ക് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരന് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്ര ഇടപെടൽ.
പേർഷ്യൻ ഗൾഫ്, ഹോർമുസ് കടലിടുക്ക്, ഒമാൻ ഉൾക്കടൽ എന്നീ മേഖലകളിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളിലെയും ഇന്ത്യൻ നാവികരെ തത്സമയം നിരീക്ഷിക്കാൻ പുതിയ ഓപ്പറേഷണൽ ഡാഷ്‌ബോർഡ് സ്ഥാപിക്കും. കപ്പൽ ഏത് രാജ്യത്തിന്റെ പതാക വഹിക്കുന്നതാണെങ്കിലും അതിലുള്ള ഓരോ ഇന്ത്യൻ പൗരന്റെയും വിവരങ്ങൾ ഇതിലൂടെ ട്രാക്ക് ചെയ്യാൻ കഴിയും. കപ്പലിന്റെ സ്ഥാനം, ഉടമസ്ഥത, റൂട്ട്, ഭീഷണി സാധ്യതകൾ എന്നിവയ്ക്ക് പുറമേ നാവികർക്ക് ആവശ്യമായ ഭക്ഷണം, ഇന്ധനം, മരുന്ന്, ആശയവിനിമയ സൗകര്യങ്ങൾ എന്നിവ ലഭ്യമാണോ എന്നും ഈ ഡാഷ്‌ബോർഡ് വഴി വിലയിരുത്താനാകും. നിലവിൽ ഏഴ് ഇന്ത്യൻ കപ്പലുകൾ മേഖലയിൽ ഉണ്ട്. വിവിധ കപ്പലുകളിലും ടാങ്കറുകളിലുമായി 150 ഇന്ത്യൻ നാവികർ ഹോർമൂസിലുണ്ടെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |