SignIn
Kerala Kaumudi Online
Saturday, 01 August 2026 3.56 AM IST

കാവേരിയിൽ ഇരച്ച് പ്രതിഷേധം; 13ന് കർണാടകയിൽ ബന്ദ്,​ വിജയ്‌യ്ക്ക് ഭീഷണി

vijay-tvk
തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌

ബംഗളൂരു: കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം ശക്തമായ പ്രതിഷേധത്തിലേക്ക്. കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെഡറേഷൻ ഒഫ് പ്രോ കന്നട ഓർഗനൈസേഷൻസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ വാട്ടൽ നാഗരാജാണ് ബന്ദിന് ആഹ്വാനം ചെയ്തത്.

അതിനിടെ വിഷയത്തിൽ കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായി ചർച്ച നടത്താൻ വിജയ് തിങ്കളാഴ്ച ബംഗളൂരുവിലെത്തിയേക്കും. അങ്ങനെയെങ്കിൽ വിമാനത്താവളം ആക്രമിക്കുമെന്ന് പ്രതിഷേധക്കാർ ഭീഷണി മുഴക്കി. ഈ സ്ഥിതിയിൽ വിജയ്‌യുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശിവകുമാർ തയ്യാറായേക്കില്ല.

തമിഴ്നാടിന് 15 ദിവസം 3,500 ഘനയടി ജലം വിട്ടുകൊടുക്കണമെന്ന കാവേരി ജലനിയന്ത്രണസമിതിയുടെ ഉത്തരവ് കാവേരിജല മാനേജ്‌മെന്റ് അതോറിട്ടി ശരിവച്ചതാണ് പുതിയ പ്രശ്നത്തിനുകാരണം. കർണാടകയിൽ നിലവിൽ കടുത്ത ജലക്ഷാമവും വരൾച്ചയും നേരിടുമ്പോൾ വെള്ളം വിട്ടുനൽകുന്നത് കർഷകരെയും ജനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന് പ്രതിഷേധക്കാർ പറയുന്നു. പ്രശ്നം ചർച്ച ചെയ്യാൻ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നാളെ സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. കർണാടകത്തിന്റെ താത്പര്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ശിവകുമാർ ആവർത്തിച്ചു. അടുത്ത നിലപാടെന്തെന്ന് സർവകക്ഷി യോഗത്തിന് ശേഷം പ്രഖ്യാപിക്കും.

ജനനായകൻ പ്രദർശനം നിറുത്തിവച്ചു

പ്രതിഷേധം കനത്തതോടെ തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ കന്നട സംഘടനകൾ നിലപാട് കടുപ്പിച്ചു. വെള്ളം വേണ്ടെന്ന് പറയാതെ ബംഗളൂരുവിലെത്താൻ സമ്മതിക്കില്ലെന്നും വിജയ്‌യെ വിമാനത്താവളത്തിൽ തടയുമെന്നും മുന്നറിയിപ്പ് നൽകി. കർണാടകയിലെ നിരവധി തിയേറ്ററുകളിൽ വിജയ് ചിത്രം ജനനായകന്റെ പ്രദർശനം നിറുത്തിവച്ചു. വിജയ്‌യുടെ പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്തിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, VIJAY TVK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360