SignIn
Kerala Kaumudi Online
Saturday, 01 August 2026 3.55 AM IST

പൂജാരിയും കാണിക്കപ്പെട്ടിയും പാർലമെന്റിൽ വേറിട്ട പ്രതിഷേധം

e

ന്യൂഡൽഹി: രാവിലെ 10.30. പാർലമെന്റ് വളപ്പിലെ മകരദ്വാർ. പൂജാരി വേഷത്തിൽ ഒരാൾ തറയിലിരിപ്പുണ്ട്, കൂടെ മൂന്ന് കാണിക്കപ്പെട്ടികളും. കാണിക്കപ്പെട്ടിയിൽ പണമിടാനെത്തിയതും പൂജാരി പണം വാങ്ങി സ്വന്തം പോക്കറ്റിലിടുന്നു. ദേഷ്യം മൂത്ത് പണമിടാനെത്തിയയാൾ പൂജാരിയുടെ കോളറിൽ പിടുത്തമിട്ടു. ഇതോടെ, ചുറ്റും നിന്നവർ ആർത്തുചിരിക്കുന്നു. അയോദ്ധ്യ സംഭാവനക്കൊള്ളയിൽ ചർച്ചയാവശ്യപ്പെട്ട് പാർലമെന്റ് വളപ്പിൽ പ്രതിപക്ഷ എം.പിമാർ സംഘടിപ്പിച്ച തെരുവുനാടക വേദിയാണ് ചിരിയാൽ നിറഞ്ഞത്.

ബീഹാറിൽ നിന്നുള്ള സ്വതന്ത്ര എം.പി പപ്പു യാദവാണ് പൂജാരി. അയോദ്ധ്യ രാമക്ഷേത്രം ഉൾപ്പെട്ട ഫൈസാബാദ് മണ്ഡലത്തിലെ എം.പി അവധേഷ് പ്രസാദാണ് കാണിക്കയിൽ പണമിട്ടയാൾ. പിന്നാലെ അതിഥി താരമായി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമെത്തി കാണിക്കയർപ്പിച്ചു. അതും പൂജാരി കീശയിലാക്കി. പൂജാരി കാണിക്കപ്പെട്ടികളുമെടുത്ത് ഓടുന്നതോടെ നാടകം സമാപിച്ചു.

നാടകത്തിന് പിന്നാലെ പ്രതിപക്ഷം സഭയിലെത്തിയതോടെ, പാർലമെന്റിന്റെ അന്തസും മര്യാദയും കാത്തുസൂക്ഷിക്കാൻ അംഗങ്ങൾ ബാദ്ധ്യസ്ഥരാണെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള മുന്നറിയിപ്പ് നൽകി. രാവിലെ 11നും ഉച്ചയ്ക്ക് 12നും ലോക്സഭ ചേർപ്പോളും പ്രതിപക്ഷബഹളം തുടർന്നു. അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിലെത്താത്തത് പ്രതിപക്ഷം ഇന്നലെയും ചോദ്യം ചെയ്തു.

വിദ്യാർത്ഥികളുടെ സമരത്തിന് നേർക്ക് പെല്ലറ്റ് ഗണ്ണും, എ.കെ 47ഉം പ്രയോഗിച്ചതിൽ അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് ഇരുസഭകളിലുമുണ്ടായിരുന്നു പ്രതിഷേധം. ചർച്ച കൂടാതെ ജനന മരണ രജിസ്‌ട്രേഷൻ ഭേദഗതി ബിൽ ശബ്ദവോട്ടോടെ പാസാക്കി. രാജ്യസഭ രാവിലെ 11ന് ചേർന്നപ്പോൾ പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധമുയർന്നു. ഇരുസഭകളും തിങ്കളാഴ്ച ചേരാനായി പിരിഞ്ഞു.

'ഇഡിയറ്റിൽ' അവകാശലംഘന പ്രമേയം

ലോക്സഭയിൽ 'ഇഡിയറ്റ്' പരാമർശം നടത്തിയ രാഹുൽ ഗാന്ധിക്കെതിരെ അവകാശലംഘന പ്രമേയത്തിന് നോട്ടീസ് നൽകി ബി.ജെ.പി എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂർ. അൺപാർലമെന്ററിയും അപകീർത്തികരവുമായ പരാമർശം രാഹുലിൽ നിന്നുണ്ടാകുന്നുവെന്ന് നോട്ടീസിൽ കുറ്റപ്പെടുത്തി. ബുധനാഴ്ച പൊതുപ്രവേശന ക്രമക്കേട് തടയൽ ഭേദഗതി ബില്ലിന്റെ ചർച്ചയ്ക്കിടെയായിരുന്നു വിവാദ പരാമർശം. ഭരണപക്ഷം പ്രതിഷേധിച്ചതോടെ, പരാമർശം രേഖകളിൽ നിന്ന് നീക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360