SignIn
Kerala Kaumudi Online
Saturday, 15 August 2026 1.37 AM IST

ധീരതയ്ക്കുള്ള സേനാ മെഡലുകൾ: ഒമ്പതു പേർക്ക് കീർത്തി ചക്ര, മേജർ തരുണിന് ശൗര്യചക്ര

a

ന്യൂഡൽഹി: എൺപതാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് സായുധസേനാംഗങ്ങൾക്കും കേന്ദ്ര സായുധ പൊലീസ് സേനകൾക്കും ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു.

78 ഗാലൻട്രി പുരസ്‌കാരങ്ങളിൽ 13 എണ്ണം മരണാനന്തര ബഹുമതികളാണ്. ഒൻപത് കീർത്തിചക്രകളിൽ ഏഴെണ്ണവും മരണാനന്തരമാണ്. സമാധാനകാലത്തെ പരമോന്നത ധീരതാ പുരസ്‌കാരമായ അശോകചക്ര ആർക്കും ലഭിച്ചില്ല. മലയാളിയായ മേജർ തരുൺ വാസുദേവ് അടക്കം 18 പേർക്ക് ശൗര്യ ചക്ര.

2025 ഒക്‌ടോബർ 13-ന് ഭീകരരുടെ നുഴഞ്ഞുകയറ്റം ചെറുക്കുന്നതിൽ കാഴ്ചവച്ച ധീരതയ്ക്കാണ് രാഷ്ട്രീയ റൈഫിൾസ് 57-ാം ബറ്റാലിയൻ അംഗമായ മേജർ തരുൺ ശൗര്യ ചക്രയ്ക്ക് അർഹനായത്.

കരസേനയ്ക്ക് ലഭിച്ച മൂന്ന് കീർത്തിചക്രയും പാരച്യൂട്ട് റെജിമെന്റിലെ സ്‌പെഷ്യൽ ഫോഴ്സ് അംഗങ്ങൾക്കാണ്. 21 പാരാ സ്‌പെഷ്യൽ ഫോഴ്സിലെ ലെഫ്. കേണൽ പി.എഫ് മാനിയോ ഫ്രാൻസിസ്, 2 പാരാ സ്‌പെഷ്യൽ ഫോഴ്സിലെ മേജർ ജിതേന്ദ്ര റാത്തി എന്നിവർക്ക് കീർത്തിചക്ര ലഭിച്ചു. കിഷ്ത്വാർ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച 2 പാരാ സ്‌പെഷൽ ഫോഴ്സിലെ ഹവിൽദാർ ഗജേന്ദ്ര സിംഗിന് മരണാനന്തരമായാണ് ബഹുമതി.

ശേഷിക്കുന്ന ആറ് കീർത്തിചക്രങ്ങളും കേന്ദ്ര സായുധ പൊലീസ് സേനാംഗങ്ങൾക്കാണ്. കത്വ ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച ഹെഡ് കോൺസ്റ്റബിൾമാരായ ജഗ്ബീർ സിംഗ്, ബഷീർ അഹമ്മദ്, എസ്.ജി. കോൺസ്റ്റബിൾമാരായ ജസ്വന്ത് സിംഗ്, ബൽവിന്ദർ സിംഗ്, താരിഖ് ഹുസൈൻ, എസ്.ടി.എഫ് ഇൻസ്‌പെക്ടർ സുനിൽ കുമാർ എന്നിവർക്കാണ് മരണാനന്തര കീർത്തിചക്ര.

പുരസ്‌കാരങ്ങളിൽ ഒരു ബാർ ടു ശൗര്യചക്ര, അഞ്ച് ബാർ ടു സേനാ മെഡൽ, 36 സേനാ മെഡൽ, മൂന്ന് നാവികസേനാ മെഡൽ, അഞ്ച് വ്യോമസേനാ മെഡൽ എന്നിവയും ഉൾപ്പെടുന്നു. 75 കരസേനാംഗങ്ങൾ, 10 വ്യോമസേനാംഗങ്ങൾ, നാല് നാവികസേനാംഗങ്ങൾ ഉൾപ്പെടെ 89 പേർക്ക് മെൻഷൻ ഇൻ ഡിസ്പാച്ചസ് ബഹുമതിയും പ്രഖ്യാപിച്ചു.

ജമ്മു കശ്മീരിലെ ഓപ്പറേഷൻ രക്ഷക്, വടക്കുകിഴക്കൻ മേഖലയിലെ ഓപ്പറേഷൻ ഹിഫാസത്, ഓപ്പറേഷൻ ഓർക്കിഡ്, കിഴക്കൻ ലഡാക്കിലെ ഓപ്പറേഷൻ സനോ ലെപ്പാർഡ്, സിയാച്ചിനിലെ ഓപ്പറേഷൻ മേഘദൂത് എന്നിവയിലെ ധീരപ്രവർത്തനങ്ങളാണ് പുരസ്‌കാരങ്ങൾക്ക് പരിഗണിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GALLENTRY AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360