
മരണം സിഖ് വിരുദ്ധ കലാപക്കേസിൽ ജയിലിലിരിക്കേ
ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപക്കേസിൽ തിഹാർ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കവേ, മുൻ കോൺഗ്രസ് എം.പി സജ്ജൻ കുമാർ (80) അന്തരിച്ചു. പാർക്കിൻസൺസ് രോഗവും ഉയർന്ന രക്തസമ്മർദ്ദവും ഉൾപ്പെടെയുള്ള അസുഖങ്ങളാൽ ചികിത്സയിലായിരുന്നു.
ഇന്നലെ രാവിലെ ആരോഗ്യനില വഷളായതിനെ തുടർന്ന് സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മരിച്ചു.
സിഖ് വിരുദ്ധ കലാപക്കേസിലെ 2018ലെ ശിക്ഷയ്‌ക്കെതിരായ അപ്പീൽ ഇന്നലെ സുപ്രീംകോടതി പരിഗണിക്കാനിരിക്കേയായിരുന്നു അന്ത്യം.
1984 നവംബറിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തിന് പിന്നാലെ ഡൽഹിയിലെ പാലം കോളനി ഭാഗത്ത് നടന്ന കലാപത്തിനിടെ ഒരു കുടുംബത്തിലെ അഞ്ച് സിഖ് വംശജരെ കൊലപ്പെടുത്തിയ കേസിൽ 2018 ഡിസംബർ 17നാണ് ഡൽഹി ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചിരുന്നു. 1984 നവംബർ ഒന്നിന് സരസ്വതി വിഹാറിൽ മറ്റൊരു സിഖ് വംശജനെയും മകനെയും കൊലപ്പെടുത്തിയ കേസിലും 2025 ഫെബ്രുവരിയിൽ പ്രത്യേക ഡൽഹി കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. അതേസമയം ജനക്‌പുരി, വികാസ്‌പുരി മേഖലകളിലെ കലാപവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ, തെളിവുകളുടെ അഭാവത്തിൽ ഈ വർഷം ജനുവരിയിൽ ഡൽഹി കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. നേരത്തെ ലഭിച്ച ജീവപര്യന്തം ശിക്ഷ നിലനിന്നതിനാൽ ജയിൽ മോചിതനായില്ല. 3000ൽ ഏറെ സിഖുകാരാണ് അന്ന് കലാപത്തിൽ കൊല്ലപ്പെട്ടത്.
1945 സെപ്തംബർ 23ന് ജനിച്ച സജ്ജൻ കുമാർ ഡൽഹിയിലെ നങ്‌ലോയിൽ നിന്ന് 1977ൽ കൗൺസിലറായാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. സഞ്ജയ് ഗാന്ധിയുടെ വിശ്വസ്തനായ അദ്ദേഹം പിന്നീട് ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർന്നു. ഔട്ടർ ഡൽഹി ലോക്സഭാ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ (1980, 1991, 2004) കോൺഗ്രസ് ടിക്കറ്റിൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |