SignIn
Kerala Kaumudi Online
Thursday, 25 June 2026 4.54 PM IST

വില്ലൻ  തണ്ണിമത്തനല്ല,​ ശരീരത്തിൽ മോർഫിൻ സാന്നിദ്ധ്യം: മുംബയിലെ കുടുംബത്തിന്റെ  മരണത്തിൽ ദുരൂഹത

READ ENGLISH VERSION
mumbai-family-death


മുംബയ്: തണ്ണിമത്തൻ കഴിച്ചശേഷം നാലംഗ കുടുംബം മരിച്ച സംഭവത്തില്‍ വില്ലൻ ഭക്ഷ്യവിഷബാധയല്ലെന്ന് പ്രാഥമിക ഫോറന്‍സിക് റിപ്പോര്‍ട്ട്. തണ്ണിമത്തനില്‍ നിന്നുള്ള വിഷബാധയാകാം മരണകാരണമെന്നായിരുന്നു ആദ്യം കണക്കാക്കിയിരുന്നത്. എന്നാൽ യഥാര്‍ഥ വില്ലന്‍ തണ്ണിമത്തനല്ലെന്നും മരണപ്പെട്ടവരുടെ ആന്തരികാവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍ കണ്ടെത്തിയത് കടുത്ത വിഷബാധയുടെ ലക്ഷണമാണെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മുംബയ് സ്വദേശികളായ അബ്ദുള്ള ദോക്കാഡിയ, ഭാര്യ നസ്റീൻ, മക്കളായ സൈനബ്, ആയിഷ എന്നിവരാണ് മരിച്ചത്.

മരിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയവങ്ങൾ പച്ചനിറമായി മാറിയിരുന്നതായി ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തി. സാധാരണ ഭക്ഷ്യവിഷബാധയേറ്റാല്‍ അവയവങ്ങള്‍ക്ക് ഇത്തരത്തില്‍ നിറം മാറ്റം സംഭവിക്കാറില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അതേസമയം,​അബ്ദുള്ളയുടെ ശരീരത്തിൽ മോർഫിന്റെ അംശം കണ്ടെത്തിയതായും റിപ്പോർട്ട്. അബദ്ധവശാൽ സംഭവിച്ചതാണോ അതോ കുടുംബത്തിന്റെ മരണത്തിനു പിന്നിൽ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് ഇതോടെ സംശയമുയർന്നിട്ടുണ്ട്.

കഴിഞ്ഞദിവസം ദക്ഷിണ മുംബയിലെ വീട്ടില്‍ നടത്തിയ വിരുന്നില്‍ അതിഥികള്‍ക്കൊപ്പം ചിക്കന്‍ പുലാവ് കഴിച്ച കുടുംബം മറ്റെല്ലാവരും മടങ്ങിയ ശേഷം രാത്രി ഒരുമണിയോടെയാണ് തണ്ണിമത്തന്‍ കഴിച്ചത്. പിറ്റേന്നു രാവിലെ ഛര്‍ദിയും വയറിളക്കവും കാരണം അവശനിലയിലായതോടെ 4 പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രാഥമിക ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, MUMBAI, DEATH, FAMILY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360