SignIn
Kerala Kaumudi Online
Sunday, 31 May 2026 2.49 AM IST

'സെഞ്ച്വറി അടിക്കാത്തതിന് അദ്ദേഹം   എന്നെ പച്ച‌യ്ക്ക് തെറിവിളിച്ചു'; സഹതാരത്തെക്കുറിച്ച് റിക്കൽട്ടൺ 

ryan-rickelton-

മുംബയ്: ഐപിഎല്ലിൽ വിദേശ താരങ്ങളുടെ എണ്ണത്തിലുള്ള നിയന്ത്രണം പലപ്പോഴും ടീം മാനേജ്‌മെന്റുകളെ കുഴപ്പിക്കാറുണ്ട്. നിലവിലെ നിയമപ്രകാരം ഒരു ടീമിന് പരമാവധി നാല് വിദേശ താരങ്ങളെ മാത്രമേ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താൻ സാധിക്കൂ. മുംബയ് ഇന്ത്യൻസിൽ ദക്ഷിണാഫ്രിക്കൻ താരങ്ങളായ ക്വിന്റൺ ഡി കോക്കും റയാൻ റിക്കൽട്ടണും തമ്മിൽ ഒരേ സ്ഥാനത്തിനായി വലിയ പോരാട്ടമാണ് നടക്കുന്നത്. കഴിഞ്ഞദിവസം ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ 229 റൺസ് പിന്തുടർന്ന മുംബയ്ക്കായി റിക്കൽട്ടൺ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തിരുന്നു. വെറും 32 പന്തിൽ നിന്ന് 83 റൺസാണ് താരം അടിച്ചുകൂട്ടിയത്. മത്സരത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ ടീമിനുള്ളിലെ രസകരമായ വിശേഷങ്ങൾ താരം പങ്കുവച്ചു.

'സീസണിന്റെ തുടക്കത്തിൽ തന്നെ ക്വിന്നിയെപ്പോലൊരു (ഡി കോക്ക്) മികച്ച താരം ബെഞ്ചിലിരിക്കുന്നത് കാണുക സത്യത്തിൽ കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. മാനസികമായി അത് കൈകാര്യം ചെയ്യുക അല്പം പ്രയാസമായിരുന്നു. കാരണം, നമുക്ക് പിന്നിൽ അത്രയും മികച്ചൊരു പ്ലെയർ ഇരിക്കുമ്പോൾ നന്നായി കളിക്കണമെന്ന കാര്യത്തിലും സമ്മർദ്ദം നേരിടേണ്ടി വരും. അദ്ദേഹത്തെ കളിപ്പിക്കണമെന്ന് എല്ലാവരും ഉറക്കെ പറയുന്നുണ്ടാകും. ആ സാഹചര്യത്തിലൂടെ കടന്നുപോവുക വെല്ലുവിളി നിറഞ്ഞതാണ്. നമ്മൾ അറിയാതെ തന്നെ നമ്മുടെ മേൽ കൂടുതൽ പ്രഷർ ഉണ്ടാക്കും. പക്ഷേ ഇതിന്റെ സത്യാസ്ഥ മറ്റൊന്നാണ്. അദ്ദേഹത്തിന്റെ ഒരു കൈക്ക് പരിക്കേറ്റപ്പോഴാണ് എനിക്ക് അവസരം ലഭിച്ചത്.

എന്റെ കഴിവിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്. നിരവധി അവസരങ്ങളാണ് എന്റെ മുന്നിലുള്ളത്. മുബയ് ഇന്ത്യൻസ് ടീമിനെ ആഗോളതലത്തിൽ പ്രതിനിധീകരിക്കണമെന്നും ആഗ്രഹമുണ്ട്. ഞാനും ഡി കോക്കും തമ്മിൽ ആരോഗ്യകരമായ മത്സരമാണ്. പരസ്പരം ഒരുപാട് പിന്തുണയ്ക്കാറുണ്ട്. സത്യം പറഞ്ഞാൽ, ഇന്ന് ഞാൻ സെഞ്ച്വറി അടിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചെന്ന് പറഞ്ഞ് എന്നെ ആദ്യമേ ചീത്ത വിളിച്ചത് അദ്ദേഹമാണ്. അതിനോട് ഞാനും യോജിക്കുന്നു. കാരണം അദ്ദേഹം അത്രയ്ക്ക് സപ്പോർട്ടീവാണ്.

ടൂർണമെന്റിലുടനീളം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ബാറ്റിംഗ് ശ്രദ്ധിക്കുകയും അത് മെച്ചപ്പെടുത്താൻ മാറ്റങ്ങൾ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ടീമിന്റെ പ്ലാനുകൾ എങ്ങനെയൊക്കെയാണെന്ന് എനിക്ക് കൃത്യമായി അറിയില്ലെങ്കിലും, കാര്യങ്ങൾ ഇതുവരെ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്.'- റിക്കൽട്ടൺ കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, MUMBAI, RICKELTON, IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360