SignIn
Kerala Kaumudi Online
Wednesday, 13 May 2026 3.55 AM IST

കളി ടൈറ്റാണ് !

Increase Font Size Decrease Font Size Print Page
ipl

സൺറൈസേഴ്സ് ഹൈദരാബാദിനെ 82 റൺസിന് തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റാൻസ് ഒന്നാമത്

സായ് സുദർശനും(61) വാഷിംഗ്ടൺ സുന്ദറിനും (50) അർദ്ധസെഞ്ച്വറി

കാഗിസോ റബാദയ്ക്ക് മൂന്ന് വിക്കറ്റ്, പ്ളേയർ ഒഫ് ദ മാച്ച്

അഹമ്മദാബാദ് : ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 82 റൺസിന് തറപറ്റിച്ച് ഗുജറാത്ത് ടൈറ്റാൻസ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തക്കെത്തി.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റാൻസ് നിശ്ചിത 20 ഓവറിൽ 168/5എന്ന സ്കോർ ഉയർത്തിയശേഷം സൺറൈസേഴ്സിനെ 14.5 ഓവറിൽ വെറും 86 റൺസിന് എറിഞ്ഞിടുകയായിരുന്നു.

അർദ്ധസെഞ്ച്വറി നേടിയ സായ് സുദർശനും (44 പന്തുകളിൽ അഞ്ചുഫോറും രണ്ട് സിക്സുമടക്കം 61 റൺസ്) വാഷിംഗ്ടൺ സുന്ദറുമാണ് (33 പന്തുകളിൽ ഏഴുഫോറും ഒരു സിക്സുമടക്കം 50) സൺറൈസേഴ്സിന്റെ ബൗളർമാർക്ക് മുന്നിൽ പിടിച്ചുനിന്ന് ഈ സ്കോറിലേക്ക് എത്തിച്ചത്. മറുപടിക്കിറങ്ങിയ സൺറൈസേഴ്സിനെ നാലോവറിൽ 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ജാസൺ ഹോൾഡറും നാലോവറിൽ 28 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ കാഗിസോ റബാദയും രണ്ട് വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയും ഓരോ വിക്കറ്റ് വീഴ്ത്തിയ സിറാജും റാഷിദ് ഖാനും ചേർന്നാണ് എറിഞ്ഞിട്ടത്. തന്റെ ആദ്യ മൂന്നോവറുകളിലായി അഭിഷേക് ശർമ്മ (6), ഇഷാൻ കിഷൻ (11), രവിചന്ദ്രൻ സ്മരൺ (9) എന്നിവരെ പുറത്താക്കി കളി ടൈറ്റാക്കിയ റബാദയാണ് പ്ളേയർ ഒഫ് ദ മാച്ച്. ട്രാവിസ് ഹെഡ് (0), ക്ളാസൻ (14), സലിൽ അറോറ(16), നിതീഷ് കുമാർ റെഡ്ഡി (2), പാറ്റ് കമ്മിൻസ് (19) എന്നിവരും നിരനിരയായി മടങ്ങിയത് സൺറൈസേഴ്സിന്റെ വീഴ്ചയ്ക്ക് ശക്തികൂട്ടി.

ഈ വിജയത്തോടെ ടൈറ്റാൻസ് 12 മത്സരങ്ങളിൽ 16 പോയിന്റുമായാണ് ഒന്നാമതെത്തിയത്. 14 പോയിന്റുള്ള സൺറൈസേഴ്സ് ഇത്ര തന്നെ പോയിന്റുള്ള ആർ.സി.ബിക്ക് പിന്നിൽ മൂന്നാമതുണ്ട്.

നേരത്തേ ആദ്യ ആറോവർ പവർപ്ളേയിൽ 34 റൺസ് മാത്രം നൽകുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത് സൺറൈസേഴ്സ് ബൗളർമാർ ടൈറ്റാൻസിനെ ടൈറ്റാക്കിയിരുന്നു. മൂന്നാം ഓവറിൽ ടൈറ്റാൻസ് ക്യാപ്ടൻ ശുഭ്മാൻ ഗില്ലിനെ ക്ളാസന്റെ കയ്യിലെത്തിച്ച് പേസർ പ്രഫുൽ ഹിംഗെയാണ് ടൈറ്റാൻസിന് ആദ്യ പ്രഹരം നൽകിയത്. ആറാം ഓവറിന്റെ ആദ്യ പന്തിൽ ജോസ് ബട്‌ലറെക്കൂടി ഹിംഗെ മടക്കി അയച്ചു.ഇതോടെ ടൈറ്റാൻസ് 26/2 എന്ന നിലയിലായി.

തുടർന്ന് ക്രീസിലൊരുമിച്ച നിഷാന്ത് സിന്ധുവും (22) സായ് സുദർശനും ചേർന്ന് 9.3 ഓവറിൽ 64/3 എന്ന നിലയിലെത്തിച്ചു. സൺറൈസേഴ്സ് ക്യാപ്ടൻ പാറ്റ് കമ്മിൻസാണ് നിഷാന്തിനെ പുറത്താക്കി സഖ്യം പൊളിച്ചത്. തുടർന്ന് വാഷിംഗ്ടൺ സുന്ദറിനൊപ്പം മുന്നേറിയ സായ് 16.2 ഓവറിൽ 124 റൺസിലെത്തിച്ച ശേഷമാണ് സാക്കിബ് ഹുസൈന് കീഴടങ്ങിയത്. പിന്നീട് വാഷിംഗ്ടൺ സുന്ദർ അർദ്ധസെഞ്ച്വറി തികച്ചു.

ഇന്നത്തെ മത്സരം : ആർ.സി.ബി Vs കൊൽക്കത്ത

TAGS: NEWS 360, SPORTS, IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360