SignIn
Kerala Kaumudi Online
Saturday, 20 June 2026 4.15 AM IST

ഖത്തർ അത്ര വെടിപ്പല്ല !

qatar-world-cup

കാനഡ 6-0ത്തിന് ഖത്തറിനെ തകർത്തു

ഫൗളിൽ കുളിച്ച ഖത്തറിന് രണ്ട് റെഡ് കാർഡ്

കാനഡ താരം ഇസ്മയിൽ കോനേയുടെ കാലൊടിഞ്ഞുതൂങ്ങി

തഹ്സിനെ ഇന്നലെയും കളിപ്പിച്ചില്ല

വാൻകൂവർ : ഗോളുകൾ വാങ്ങിക്കൂട്ടുന്തോറും കളിക്കളത്തിൽ പരുക്കൻ പെരുമാറ്റം പുറത്തെടുത്ത ഖത്തറിന് കാനഡയിൽ നിന്ന് ഏറ്റുവാങ്ങേണ്ടിവന്നത് കനത്ത തോൽവിയും രണ്ട് ചുവപ്പുകാർഡും. മറുപടിയില്ലാത്ത ആറുഗോളുകൾക്കായിരുന്നു കാനഡയുടെ ജയം. എന്നാൽ ഖത്തർ താരങ്ങളുടെ ഫൗളിനെത്തുടർന്ന് ഇസ്മയിൽ കോനേയുടെ കാലൊടിഞ്ഞുതൂങ്ങിയത് ആതിഥേയർക്ക് തിരിച്ചടിയായി. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായ കോനേയ്ക്ക് ഇനിയുള്ള മത്സരങ്ങൾ കളിക്കാനാവില്ല. രണ്ട് ഖത്തർ താരങ്ങൾക്കാണ് ചുവപ്പുകാർഡ് കണ്ട് കളംവിടേണ്ടിവന്നത്.

ആതിഥേയർക്ക് വേണ്ടി ജൊനാഥൻ ഡേവിഡ് ഹാട്രിക് നേടിയപ്പോൾ കൈൽ ലാറിൻ, നഥാൻ സാലിബ എന്നിവർ ഓരോ ഗോളടിച്ചു. ഖത്തറിന്റെ മുഹമ്മദ് മനായി ഒരു സെൽഫ് ഗോളും സംഭാവന ചെയ്തതോടെ പട്ടിക പൂർണമായി. ഇരുപകുതികളിലും മൂന്ന് ഗോൾ വീതമാണ് കാനഡ നേടിയത്. 16-ാം മിനിട്ടി കൈൽ ലാറിനാണ് സ്കോറിംഗിന് തുടക്കമിട്ടത്. 29, 45+3, 90+2 മിനിട്ടുകളിലായിരുന്നു ജൊനാഥൻ ഡേവിഡിന്റെ ഗോളുകൾ. 64-ാം മിനിട്ടിൽ സാലിബയുടെ ഗോളും 75-ാം മിനിട്ടിൽ മനായിയുടെ സെൽഫ് ഗോളും പിറന്നു. 33-ാം മിനിട്ടിൽ ഹുമാം അഹമ്മദും 51-ാം മിനിട്ടിൽ അസിം മദിബോയുമാണ് ചുവപ്പുകാർഡ് കണ്ടത്.

മത്സരത്തിൽ കാനഡയുടെ നാലാമത്തെ ഗോളടിച്ചശേഷം സാലിബ ഇസ്മയിൽ കോനേയുടെ എട്ടാം നമ്പർ ജഴ്സി ഉയർത്തിക്കാട്ടി അഭിവാദ്യം അർപ്പിച്ചു.ഹാട്രിക് തികച്ച ശേഷം ജൊനാഥൻ ഡേവിഡും ഈ മാതൃക പിന്തുടർന്നു.

ചുവപ്പിന്റെ കളി

തുടക്കം മുതൽ പരുക്കൻ കളിയാണ് ഖത്തർ പുറത്തെടുത്തത്. കാനഡയുടെ മുന്നേറ്റം ഫൗളുകളിലൂടെ തടുക്കാനാണ് ലൊപ്തേഗുയിയുടെ ശിഷ്യർ നോക്കിയത്. 33-ാം മിനിട്ടിൽ താജോൻ ബുക്കാനന്റെ മുന്നേറ്റം തടുക്കാൻ ശ്രമിച്ച ഹുമാമി

ന് ചുവപ്പുകാട്ടിയ റഫറി പെനാൽറ്റിയും വിധിച്ചിരുന്നു. എന്നാൽ വാർ പരിശോധനയിൽ ബോക്സിന് തൊട്ടുപുറത്തുവച്ചായിരുന്നു ഫൗൾ എന്നതിനാൽ പെനാൽറ്റി തീരുമാനം ഒഴിവാക്കി.

51-ാം മിനിട്ടിൽ പന്തുമായി മുന്നേറാൻ ശ്രമിച്ച ഇസ്മയിൽ കോനേയെ മനപ്പൂർവ്വമെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ കണങ്കാലിൽ ബൂട്ടുകൊണ്ട് ചവിട്ടുകയായിരുന്നു അസിം മദിബോ. ശക്തമായ ആ അടിയിൽ വേദനകൊണ്ട് പുളഞ്ഞാണ് കോനേ തറയിൽ ഇരുന്നത്. തന്റെ കാലുകളിലേക്ക് നോക്കിയ കോനെയ്ക്ക് ഒടിവുണ്ടെന്ന് മനസിലായി. എന്നാൽ റഫറിക്ക് അപ്പോഴും പരിക്കിന്റെ ഭീകരത മനസിലായിരുന്നില്ല.സൈഡ്ലൈനിൽ നിന്ന കാനഡ കോച്ച് ജെസി മാർഷ് കാലൊടിഞ്ഞുതൂങ്ങിയെന്ന് ഉറക്കെ വിളിച്ചുപറഞ്ഞപ്പോഴാണ് റഫറി ശ്രദ്ധിച്ചത്. ഉടൻ സ്ട്രെച്ചറെത്തിച്ച് താരത്തെ ആശുപത്രിയിലേക്ക് മാറ്റി.

ഐവറി കോസ്റ്റിൽ ജനിച്ച് കാനഡയ്ക്ക് വേണ്ടി കളിക്കുന്ന ഇസ്മയിൽ കോനേ ഇറ്റാലിയൻ സെരി എയിൽ സസൗളോ ക്ളബിന്റെ മിഡ്ഫീൽഡറാണ്. രണ്ടുവർഷം മുമ്പുവരെ ഇംഗ്ളീഷ് ക്ളബ് വാറ്റ്ഫോഡിന്റെ താരമായിരുന്നു.

അവസാനം കൂട്ടയടി

ഗ്രൗണ്ടിലെ പരുക്കൻ കളി ഫൈനൽ വിസിലിന് ശേഷം ഇരുടീമുകളുടേയും താരങ്ങളുടേയും സപ്പോർട്ടിംഗ് സ്റ്റാഫിന്റേയും കൂട്ടയടിയിലാണ് കലാശിച്ചത്.മത്സരം കഴിഞ്ഞ് ഖത്തർ കോച്ച് യൂലൻ ലൊപ്തേഗുയിക്ക് ഷേക്ഹാൻഡ് നൽകാൻ ചെന്ന കാനഡ കോച്ച് ജെസി മാർഷും ഖത്തറിന്റെ സപ്പോർട്ടിംഗ് സ്റ്റാഫും തമ്മിലുള്ള വാക്കുതർക്കത്തിലാണ് പ്രശ്നം തുടങ്ങിയത്. പെട്ടെന്നുതന്നെ ഇരു ടീമുകളും പരസ്പരം ആക്രമിക്കുന്ന രീതിയിലായി. റഫറിമാരും സുരക്ഷാഭടന്മാരും ഇ‌ടപെട്ടാണ് രംഗം ശാന്തമാക്കിയത്.

മാപ്പുപറഞ്ഞ് മദിബോ

അതേസമയം ഇസ്മയിൽ കോനേയുടെ കാലൊടിയാൻ കാരണമായ ഫൗൾ ചെയ്ത ഖത്തർ താരം അസിം മദിബോ മത്സരശേഷം ഖത്തർ ഡ്രെസിംഗ് റൂമിലെത്തി കാനഡ ടീമംഗങ്ങളോട് മാപ്പുപറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.

തഹ്സിൻ കാത്തിരിക്കുന്നു

മലയാളി താരം തഹ്സിൻ ജംഷീദിനെ ഇന്നലെയും ഖത്തർ കളത്തിലിറക്കിയില്ല. അടുത്ത വ്യാഴാഴ്ച ബോസ്നിയയ്ക്ക് എതിരെയെങ്കിലും തഹ്സിൻ ഇറങ്ങുമോ എന്ന ആരാധകരുടെ ആകാംക്ഷ. ഈ കളിയിലും ജയിക്കാനായില്ലെങ്കിൽ ഖത്തർ ഗ്രൂപ്പ് റൗണ്ടിൽതന്നെ പുറത്താകും.

കാനഡയുടെ ആദ്യ ലോകകപ്പ് ജയം

ആദ്യമായാണ് കാനഡ ഒരു ലോകകപ്പ് മത്സരത്തിൽ വിജയിക്കുന്നത്. കാനഡയുടെ മൂന്നാമത്തെ ലോകകപ്പാണിത്. 1986ലാണ് ആദ്യം മത്സരിച്ചത്. മൂന്നുകളിയും തോറ്റു.2022ലും തോൽവി ആവർത്തിച്ചു. ഇക്കുറി ആദ്യ മത്സരത്തിൽ ബോസ്നിയയോട് സമനിലയിൽ പിരിഞ്ഞിരുന്നു. ഈ വിജയത്തോടെ ആദ്യമായി നോക്കൗട്ടിലെത്താൻ സാദ്ധ്യതയും തെളിഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, QATAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360