SignIn
Kerala Kaumudi Online
Saturday, 20 June 2026 4.15 AM IST

നോക്കൗട്ടിലേക്ക് കണ്ണും നട്ട്

world-cup

ബ്രസീൽ,ജർമ്മനി,ഹോളണ്ട്,തുർക്കി,സ്വീഡൻ രണ്ടാം മത്സരത്തിന്

ന്യൂയോർക്ക് : ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരം കഴിഞ്ഞ് പ്രമുഖ ടീമുകൾ രണ്ടാം മത്സരത്തിന് ഇറങ്ങിത്തുടങ്ങുമ്പോൾ ലക്ഷ്യം നോക്കൗട്ടാണ്. ഇക്കുറി ഗ്രൂപ്പ് റൗണ്ടിൽ നിന്ന് നേരിട്ട് പ്രീ ക്വാർട്ടറിലേക്കല്ല പോക്ക് ; 32 ടീമുകൾ മാറ്റുരയ്ക്കുന്ന രണ്ടാം റൗണ്ടിലേക്കാണ്. 12 ഗ്രൂപ്പുകളിലെയും ഒന്നും രണ്ടും സ്ഥാനക്കാരും മികച്ച എട്ട് മൂന്നാം സ്ഥാനക്കാരും ചേരുന്നതാണ് രണ്ടാം റൗണ്ട്. ഇതും നോക്കൗട്ടാണ്. ജയിച്ചില്ലെങ്കിൽ പുറത്ത്.

എ ഗ്രൂപ്പിൽ രണ്ട് വിജയങ്ങൾ നേടിക്കഴിഞ്ഞ മെക്സിക്കോ മാത്രമാണ് നോക്കൗട്ട് ഉറപ്പിച്ചവർ. ആദ്യമത്സരത്തിൽ ജയിച്ച ടീമുകൾക്ക് ഇനിയുള്ള രണ്ട് മത്സരങ്ങളിൽ ഒരു വിജയംകൂടിയായാൽ നോക്കൗട്ട് പ്രവേശനം ഉറപ്പാക്കാം. എന്നാൽ ആദ്യ മത്സരത്തിൽ സമനിലയോ തോൽവിയോ വഴങ്ങേണ്ടിവന്നവർക്ക് ഇനിയുള്ള കളികൾ നിർണായകമാകും.

അഞ്ചുവട്ടം ചാമ്പ്യന്മാരായ ബ്രസീൽ ഇന്ത്യൻ സമയം ഇന്ന് രാവിലെ ആറുമണിക്ക് ദുർബലരായ ഹെയ്തിയെ നേരിടാൻ ഇറങ്ങുന്നുണ്ട്. ആദ്യ മത്സരത്തിൽ മൊറോക്കോയോട് 1-1ന് സമനിലയിൽ പിരിഞ്ഞ ബ്രസീലിന് ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്. ഹെയ്തിയെ ആദ്യ കളിയിൽ ഏകഗോളിന് തോൽപ്പിച്ച സ്കോട്ട്‌ലാൻഡാണ് ഇപ്പോൾ ഗ്രൂപ്പ് സിയിൽ ഒന്നാമത്. അവിടേക്ക് എത്താനുള്ള ബ്രസീലിന്റെയും മൊറോക്കോയുടേയും ശ്രമങ്ങളുടെ ഫലമാകും ഗ്രൂപ്പിൽ നിന്ന് ആരൊക്കെ നോക്കൗട്ടിലെത്തുമെന്ന് നിശ്ചയിക്കുക. ബ്രസീലിനെ സംബന്ധിച്ച് ഏറ്റവും കടുപ്പമുള്ള മത്സരം കഴിഞ്ഞിരിക്കുന്നു. ഇനിയുള്ള രണ്ട് കളികളിലും ഈസിയായി ജയിക്കാനാകുമെന്നാണ് അവരുടെ ആരാധകരുടെ പ്രതീക്ഷ. മൊറോക്കോയും ഈ പ്രതീക്ഷയിലാണ്. എന്നാൽ വമ്പന്മാരെ വെള്ളം കുടിപ്പിക്കാൻ ഹെയ്തിക്കോ സ്കോട്ട്‌ലാൻഡിനോ കഴിഞ്ഞാൽ ഗ്രൂപ്പിൽ അട്ടിമറി നടക്കും.

ഡി ഗ്രൂപ്പിൽ ഏറ്റുമുട്ടുന്ന തുർക്കിക്കും പരാഗ്വേയ്ക്കും ഇത് നിലനിൽപ്പിന്റെ പോരാട്ടമാണ്. ഇരുവരും ആദ്യ മത്സരങ്ങളിൽ തോറ്റവരാണ്. അമേരിക്ക 4-1നാണ് പരാഗ്വേയെ തോൽപ്പിച്ചിരുന്നത്. ഓസ്ട്രേലിയ തുർക്കിയെ അട്ടിമറിച്ചത് 2-0ത്തിനും. തങ്ങൾ തമ്മിലുള്ള പോരിലെ വിജയമാണ് മികച്ച മൂന്നാംസ്ഥാനക്കാരായെങ്കിലും മുന്നോട്ടുപോകാനാകുമോയെന്ന് തുർക്കിക്കും പരാഗ്വേയ്ക്കും ഉത്തരം നൽകുക. ഈ കളി സമനിലയിലായാൽ രണ്ടുപേരുടെ വഴിയും കൂടുതൽ അടയും.

ആദ്യ മത്സരത്തിൽ കുറോസയെ 7-1ന് പറപ്പിച്ച ജർമ്മനിക്ക് ഇന്ന് രാത്രി നടക്കുന്ന രണ്ടാം മത്സരത്തിൽ എതിരാളികളാവുന്നത് ഐവറി കോസ്റ്റാണ്. യൂറോപ്യൻ ശക്തികളും ആഫ്രിക്കൻ കരുത്തരും തമ്മിലുള്ള പോരാട്ടത്തിൽ ജയിക്കുന്നവർ നേരെ നോക്കൗട്ടിലെത്തും. ഐവറി കോസ്റ്റ് ആദ്യ മത്സരത്തിൽ ഇക്വഡോറിനെ 1-0ത്തിനാണ് തോൽപ്പിച്ചത്. ആദ്യമത്സരത്തിൽ ജപ്പാനോട് 2-2ന് സമനിലയിൽ പിരിഞ്ഞ ഹോളണ്ടിന് ഇന്ന് നിർണായകമാകുന്നത് എതിരാളികൾ സ്വീഡനാണെന്നതുകൊണ്ടാണ്. ആദ്യമത്സരത്തിൽ ടുണീഷ്യയെ 5-1ന് തോൽപ്പിച്ച സ്വീഡൻ ഗ്രൂപ്പ് എഫിൽ ഒന്നാമതാണ്.

കാണേണ്ട കളികൾ

ബ്രസീൽ Vs ഹെയ്തി

രാവിലെ ആറുമുതൽ

തുർക്കി Vs പരാഗ്വേ

രാവിലെ 8.30 മുതൽ

ഹോളണ്ട് Vs സ്വീഡൻ

രാത്രി 10.30 മുതൽ

ജർമ്മനി Vs ഐവറി കോസ്റ്റ്

രാത്രി 1.30 മുതൽ

ഇക്വഡോർ Vs കുറോസോ

വെളുപ്പിന് 5.30 മുതൽ

സ്പോർട്സ് യുണൈറ്റ് 8ലും സീ ഫൈവിലും ലൈവ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, VINICIUS JR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360