
ന്യൂഡൽഹി : സാമ്പത്തിക നഷ്ടത്തെത്തുടർന്ന് ഐ.എസ്.എല്ലിൽ നിന്ന് പിന്മാറിയ ജംഷഡ്പുർ എഫ്.സിയുടെ ഉടമസ്ഥാവകാശം പ്രമുഖ ഗോവൻ ക്ലബ്ബായ ചർച്ചിൽ ബ്രദേഴ്‌സ് സ്വന്തമാക്കുന്നു. ക്ളബിന്റെ മുഴുവൻ ഓഹരികളും 100 രൂപയുടെ ടോക്കൺ അഡ്വാൻസ് തുകയ്ക്ക് ചർച്ചിലിന് കൈമാറാൻ ഉടമകളായ ടാറ്റ സ്റ്റീൽ ഡയറക്ടർ ബോർഡ് തീരുമാനിച്ചു. 4.08 കോടി ഇക്വിറ്റി ഓഹരികളാണ് കൈമാറുക. ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ അനുമതി ലഭിച്ചാൽ 15 ദിവസത്തിനുള്ളിൽ കൈമാറ്റ നടപടികൾ പൂർത്തിയാകും.
കരാറിന്റെ ഭാഗമായി ജംഷഡ്പുരിന്റെ നിലവിലെ 12 കളിക്കാരും രണ്ട് പരിശീലകരും ചർച്ചിൽ ബ്രദേഴ്‌സിലേക്ക് മാറും. എ.ഐ.എഫ്.എഫ് അനുമതി നൽകിയാൽ ഐ.എസ്.എല്ലിൽ ജംഷഡ്പുരിന് പകരം ചർച്ചിൽ ബ്രദേഴ്‌സ് കളിക്കും.
പ്രൊഫഷണൽ ക്ലബ് ഫുട്‌ബാളിൽ നിന്ന് പിന്മാറി താഴെത്തട്ടിലുള്ള ഫുട്‌ബോൾ വികസനത്തിലും യുവതാരങ്ങളെ വാർത്തെടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ടാറ്റ സ്റ്റീലിന്റെ തീരുമാനം. ടാറ്റ ഫുട്‌ബോൾ അക്കാഡമി വഴി കായിക പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ കമ്പനി തുടർന്നും പിന്തുണ നൽകും. തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് എഐഎഫ്എഫ് അഭ്യർഥിച്ചെങ്കിലും ടാറ്റ സ്റ്റീൽ അത് നിരസിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |