ഡാർവിൻ: ഓസ്‌ട്രേലിയൻ മണ്ണിൽ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ ബംഗ്ലാദേശ് ബാറ്ററെന്ന ചരിത്രനേട്ടവുമായി ഓപ്പണർ തൻസിദ് ഹസൻ തമീം. ഓസ്‌ട്രേലിയക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ രണ്ടാം ദിനമാണ് 25കാരനായ തൻസിദ് ചരിത്രനേട്ടം സ്വന്തമാക്കിയത്. 188 പന്തിൽ നിന്നാണ് തൻസിദ് കന്നി ടെസ്റ്റ് സെഞ്ച്വറി പൂർത്തിയാക്കിയത്. 197 പന്തിൽ 101 റൺസെടുത്ത് താരം പുറത്തായി. എട്ട് ഫോറും ഒരു സിക്‌സുമടങ്ങുന്നതായിരുന്നു ഇന്നിംഗ്‌സ്.
2022ൽ ഡർബനിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മഹ്മൂദുൽ ഹസൻ ജോയ് നേടിയ 137 റൺസിന് ശേഷം വിദേശത്ത് ബംഗ്ലാദേശ് താരത്തിന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയാണിത്. ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ബംഗ്ലാദേശ് താരവുമാണ് തൻസിദ്. 2006ൽ ഫതുല്ലയിൽ 138 റൺസെടുത്ത ഷഹ്രിയാർ നഫീസാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചത്.
ആദ്യ ദിനം 198 റൺസിനാണ് ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് അവസാനിച്ചത്. പിന്നാലെ മികച്ച ബാറ്റിംഗ് കാഴ്ചവച്ച ബംഗ്ലാദേശ് രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 67 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 238 റൺസെന്ന നിലയിലാണ്. ഓസ്‌ട്രേലിയയെക്കാൾ 40 റൺസിന്റെ ലീഡും സന്ദർശകർക്കുണ്ട്. ആദ്യ ദിനം ബംഗ്ലാദേശ് പേസർ ഹസൻ മഹ്മൂദ് മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. കരിയറിലെ മികച്ച ബൗളിംഗ് പ്രകടനവുമായി 55 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ഹസൻ ഓസീസിനെ 198 റൺസിന് കൂടാരം കയറ്റുകയായിരുന്നു.
ഓസീസ് നിരയിൽ സ്റ്റീവ് സ്മിത്ത് മാത്രമാണ് കാര്യമായ ചെറുത്തുനിൽപ്പ് നടത്തിയത്. 109 പന്തിൽ ഏഴ് ഫോറും ഒരു സിക്‌സും അടക്കം 71 റൺസെടുത്ത സ്‌മിത്തിനും ബംഗ്ലാദേശ് ബൗളിംഗ് ആക്രമണത്തെ പിടിച്ചുകെട്ടാനായില്ല. ട്രാവിസ് ഹെഡും ജേക്ക് വെതർറാൾഡും ചേർന്ന് ആദ്യ വിക്കറ്റിൽ 45 റൺസ് കൂട്ടിച്ചേർത്തതിന് പിന്നാലെ ഓസ്‌ട്രേലിയ 74/4 എന്ന നിലയിലേക്ക് കൂപ്പ്കുത്തി. തുടർന്ന് ബംഗ്ലാദേശ് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.
ബംഗ്ലാദേശ് പേസർ ടാസ്‌കിൻ അഹമ്മദും മത്സരത്തിൽ സുപ്രധാന നേട്ടം സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിൽ 300 വിക്കറ്റ് തികയ്ക്കുന്ന ആറാമത്തെ ബംഗ്ലാദേശ് ബൗളറെന്ന നേട്ടമാണ് ടാസ്‌കിൻ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയക്കെതിരെ 55 റൺസ് വഴങ്ങി രണ്ട് വിക്കറ്റും താരം നേടി. 204 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നാണ് ടാസ്‌കിൻ 300 വിക്കറ്റ് പൂർത്തിയാക്കിയത്. 13 തവണ നാല് വിക്കറ്റ് നേട്ടവും മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടവും താരത്തിനുണ്ട്.
ബംഗ്ലാദേശിനായി അന്താരാഷ്ട്ര ക്രിക്കറ്റിൽ ടാസ്‌കിനേക്കാൾ കൂടുതൽ വിക്കറ്റുകൾ നേടിയിട്ടുള്ളത് ഷാകിബ് അൽ ഹസൻ (712), മഷ്രഫെ മൊർത്താസ (389), മുസ്താഫിസുർ റഹ്മാൻ (384), മെഹിദി ഹസൻ മിറാസ് (369), തൈജുൽ ഇസ്ലാം (302) എന്നിവരാണ്. തൻസിദിന്റെ സെഞ്ച്വറിയും പേസർമാരുടെ തകർപ്പൻ പ്രകടനവും ചേർന്നതോടെ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശിനാണ് മേൽക്കൈ.
Bangladesh gained the upper hand in the first Test against Australia after opener Tanzid Hasan Tamim scored a historic Test century on Australian soil, becoming the first Bangladeshi batter to achieve the feat. He scored 101 off 197 balls.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |