
ജക്കാർത്ത: ലോകത്ത് ഏറ്റവും കൂടുതൽ ഭൂകമ്പ, അഗ്നിപർവ്വത സ്ഫോടന സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ ഒന്നാണ് പസഫിക് റിംഗ് ഒഫ് ഫയർ മേഖലയിൽ വരുന്ന ഇൻഡോനേഷ്യ. ഇൻഡോനേഷ്യയിലെ ജാവ, സുമാത്ര ദ്വീപുകളിലും സമീപ പ്രദേശങ്ങളിലും റിക്ടർ സ്കെയിലിൽ 8.9 തീവ്രതയിലെ ശക്തമായ ഭൂകമ്പമുണ്ടായാൽ, അത് 34 മീറ്റർ ( 111 അടി ) ഉയരത്തിലെ കൂറ്റൻ സുനാമിയ്ക്ക് കാരണമായേക്കാമെന്ന പഠന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇത്തരം ഭൂചലനം എപ്പോഴാണ് ഉണ്ടാകാൻ സാദ്ധ്യത എന്ന് കൃത്യമായി പ്രവചിക്കാനാകില്ല. അതിനാൽ ശക്തമായ ജാഗ്രതയാണ് അധികൃതർ പുലർത്തുന്നത്.
ഇത്തരം തീവ്രതയിലെ ഒരു ഭൂകമ്പമുണ്ടായാൽ അത് 2004ൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരങ്ങളിൽ നാശം വിതച്ച സുനാമിയുമായി സാമ്യമുള്ളതായിരിക്കും എന്നത് ആശങ്കയുണർത്തുന്നുണ്ട്. അന്ന് ഡിസംബർ 26ന് സുമാത്ര തീരത്ത് കടലിനടിയിൽ 9.1 തീവ്രതയിലെ ഭൂകമ്പമുണ്ടായതാണ് ഇന്ത്യയെ അടക്കം നടുക്കിയ സുനാമിയ്ക്ക് കാരണമായത്.
14 രാജ്യങ്ങളിലായി ഏകദേശം 227,800 ഓളം മനുഷ്യരുടെ ജീവനാണ് ചരിത്രത്തിലെ ഏറ്റവും വിനാശകരമായ പ്രകൃതി ദുരന്തങ്ങളിലൊന്നായ 2004 സുനാമി കവർന്നത്. ഓരോ 500 വർഷം കൂടുമ്പോഴും ജാവയിൽ ഒരു മെഗാ ഭൂകമ്പം ഉണ്ടായേക്കാമെന്നും കരുതുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |