
മയാമി: രണ്ട് പതിറ്റാണ്ടിലേറെക്കാലം കാൽപ്പന്തുലോകം ഭരിച്ച ലയണൽ മെസിയെന്ന അത്ഭുതപ്രതിഭ ഇനി അർജന്റീനയുടെ നീലവരയൻ കുപ്പായത്തിൽ കളിക്കാനിറങ്ങില്ല. ഡീഗോ മറഡോണയ്ക്കു ശേഷം അർജന്റീനയ്ക്ക് ലോകകപ്പ് സമ്മാനിച്ച, മൂന്ന് തവണ ലോകകപ്പിന്റെ ഫൈനലിലെത്തിച്ച നായകനാണ് ഇന്നലെ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്നുള്ള വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഇക്കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ സ്‌പെയിനിനോട് തോറ്റ ശേഷം നിറകണ്ണുകളോടെ നിന്ന 39കാരനായ മെസി വിരമിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. പിന്നാലെ പിതാവ് ജോർജ് മെസി മരണപ്പെടുകയും ചെയ്തതോടെ താരം കളിക്കളം വിടുന്നുവെന്ന വാർത്തകൾ പരന്നെങ്കിലും അമേരിക്കൻ ക്ളബ് ഫുട്ബാളിൽ ഇന്റർ മയാമിക്കുവേണ്ടി കളിക്കുവാൻ ഇറങ്ങിയ താരം കഴിഞ്ഞദിവസം മേജർ സോക്കർ ലീഗിൽ നാഷ്‌വിലെയ്ക്ക് എതിരെ നാലുഗോളുകൾ നേടിയിരുന്നു. അതിനുപിന്നാലെയാണ് കായിക ലോകത്തെ ഞെട്ടിച്ച് അന്താരാഷ്ട്ര വിരമിക്കൽ പ്രഖ്യാപിച്ചത്. ക്ളബ് ഫുട്ബാളിൽ താരം തുടരുമെന്നാണ് സൂചന.
1986ൽ മെക്സിക്കോയിൽ ഡീഗോ മറഡോണ ലോകകപ്പുയർത്തിയതിന് ശേഷം 36 കൊല്ലക്കാലം ലോകകിരീടമില്ലാതെ വരണ്ടുണങ്ങിയ അർജന്റീനാ ഫുട്ബാളിനെ ഒറ്റയ്ക്ക് ചുമലിലേറ്റി 2022ൽ ഖത്തറിൽ ലോകകപ്പ് ജേതാക്കളാക്കിയത് മെസിയാണ്. 2014ൽ ലോകകപ്പ് ഫൈനലിലെത്തിച്ചെങ്കിലും കലാശക്കളിയിൽ ജർമ്മൻ തേരോട്ടത്തിന് മുന്നിൽ വീണു. 2016ലെ കോപ്പ അമേരിക്ക ഫൈനൽ തോൽവിയുടെ സങ്കടത്തിൽ കളിനിറുത്തുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആരാധകരുടെ അഭ്യർത്ഥനയ്ക്ക് മുന്നിൽ വഴങ്ങി ആ തീരുമാനം പിൻവലിച്ചു.
2005ൽ ഹംഗറിക്കെതിരെ അന്താരാഷ്ട്ര സൗഹൃദമത്സരത്തിലാണ് മെസി ആദ്യമായി അർജന്റീനയുടെ സീനിയർ കുപ്പായമണിഞ്ഞത്.
2006ൽ ക്രൊയേഷ്യയ്ക്ക് എതിരെ ആദ്യമായി രാജ്യത്തിനായി ഗോൾ നേടി.
21 വർഷം നീണ്ട രാജ്യാന്തര കരിയറിൽ 207 മത്സരങ്ങളിൽ അർജന്റീനയുടെ കുപ്പായമണിഞ്ഞു. 125 ഗോളുകൾ നേടി.
അർജന്റീനയ്ക്ക് വേണ്ടി ഏറ്റവുംകൂടുതൽ മത്സരങ്ങൾ കളിച്ച താരവും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും മെസി.
അർജന്റീനയെ മൂന്ന് ലോകകപ്പുകളുടെ ഫൈനലിലെത്തിച്ചു. ഒരു തവണ ജേതാക്കളാക്കി. രണ്ട് തവണ അർജന്റീനയെ കോപ്പ അമേരിക്ക ജേതാക്കളാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |