SignIn
Kerala Kaumudi Online
Sunday, 05 July 2026 2.38 AM IST

കൊല്ലത്ത് എം.മുകേഷ് എം.എൽ.എയെ സ്ഥാനാർത്ഥിയാക്കാൻ നിർദ്ദേശം

READ ENGLISH VERSION
m-mukesh

കൊല്ലം: കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ കൊല്ലം എം.എൽ.എയും നടനുമായ എം.മുകേഷിനെ സ്ഥാനാർത്ഥിയാക്കണമെന്ന നിർദ്ദേശം സംസ്ഥാന കമ്മിറ്റിക്ക് നൽകാൻ ഇന്നലെ ചേർന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. നടൻ എന്ന നിലയിൽ മുകേഷിനുള്ള പൊതുസ്വീകാര്യത ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് സി.പി.എം ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശം.

ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങൾ കൂടി പങ്കെടുത്ത് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.എൻ.ബാലഗോപാൽ സി.എസ്.സുജാത എന്നിവർ പങ്കെടുത്ത് ആദ്യം ജില്ലാ സെന്റർ യോഗം ചേർന്നു. ഈ യോഗത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കൂടിയായ സി.എസ്.സുജാത, എം.മുകേഷ് എം.എൽ.എ, ചവറ എം.എൽ.എയായ സുജിത്ത് വിജയൻപിള്ള എന്നിവരുടെ പാനൽ കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ചു. രാഷ്ട്രീയത്തിനപ്പുറം സ്വീകാര്യതയുള്ള സ്ഥാനാർത്ഥിയെ രംഗത്തിറക്കിയാൽ വിജയിക്കാനാകുമെന്ന അഭിപ്രായം ഉയർന്നു. അങ്ങനെയാണ് എം.മുകേഷിന്റെ പേരിലേക്ക് എത്തിയത്. തുടർന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ജില്ലാ സെക്രട്ടറി എസ്.സുദേവൻ ജില്ലാ സെന്ററിന്റെ നിർദ്ദേശം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് യോഗം ജില്ലാ സെന്റർ നിർദ്ദേശം അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് തവണയായി കൊല്ലത്ത് നിന്നുള്ള നിയമസഭാംഗമാണ് മുകേഷ്.

ആർ.എസ്.പിയുടെ എൻ.കെ.പ്രേമചന്ദ്രൻ എം.പി തന്നെയായിരിക്കും യു.ഡി.എഫ് സ്ഥാനാർത്ഥി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാറോ ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരനോ എൻ.ഡി.എ സ്ഥാനാർത്ഥിയാകാനാണ് സാദ്ധ്യത.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: M MUKESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA