SignIn
Kerala Kaumudi Online
Thursday, 17 September 2026 2.07 PM IST

എല്ലാറ്റിനെയും സംശയിക്കാനാവില്ലെന്ന് സുപ്രീംകോടതി, വിവിപാറ്റ് വോട്ടർക്ക് നൽകുന്നത് രഹസ്യ സ്വഭാവം ഇല്ലാതാക്കും

s

ന്യൂഡൽഹി: എല്ലാറ്റിനെയും വിമർശിക്കുന്നതും സംശയിക്കുന്നതും ശരിയല്ലെന്ന് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്‌തുള്ള കേസിൽ സുപ്രീംകോടതി നിരീക്ഷണം. വോട്ടിംഗ് യന്ത്രത്തിനൊപ്പം മുഴുവൻ വിവിപാറ്റ് രസീതുകളും എണ്ണണമെന്ന ഹർജികളിൽ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരുടെ ബെഞ്ച് വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി.

വോട്ടർമാർക്ക് വിവിപാറ്റ് രസീതുകൾ മുറിഞ്ഞു വീഴുന്നത് കാണാൻ സ്‌ക്രീൻ സുതാര്യമാക്കണമെന്ന (നിലവിൽ ലൈറ്റ് 7 സെക്കൻഡ്) ഹർജിക്കാരായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റൈറ്റ്‌സിന്റെ അഭിഭാഷകൻ പ്രശാന്ത് ഭൂഷണിന്റെ വാദത്തിനിടെയാണ് കോടതിയുടെ നിരീക്ഷണം. വിമർശനം അതിരു കടക്കുന്നു. എല്ലാറ്റിനെയും വിമർശിക്കുകയും സംശയിക്കുകയും ചെയ്യേണ്ടതില്ല. നല്ലത് ചെയ്‌തെങ്കിൽ അഭിനന്ദിക്കണം - ജസ്റ്റിസ് ഖന്ന പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പവിത്രത കാക്കണമെന്നും അത് സംശയത്തിന് അതീതമായിരിക്കണമെന്നും ജസ്റ്റിസ് ദത്തയും ചൂണ്ടിക്കാട്ടി.

വിവിപാറ്റ് സ്ലിപ്പ് വോട്ടർമാർക്ക് നൽകണമെന്ന് അഭിഭാഷകൻ നിസാം പാഷ നിർദ്ദേശിച്ചപ്പോൾ രഹസ്യസ്വഭാവം നഷ്‌ടപ്പെടുത്തുമെന്ന് ജസ്റ്റിസ് ഖന്ന ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കമ്മിഷനും അതേ വാദം ഉന്നയിച്ചു.

വികസിത രാജ്യങ്ങൾ വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിക്കുന്നില്ലെന്ന വാദത്തിന്,ഈ രാജ്യങ്ങൾ ഇന്ത്യയെക്കാൾ വികസിച്ചതാണോ എന്ന് കോടതി തിരിച്ചു ചോദിച്ചു. വോട്ടിംഗ് യന്ത്രത്തിന്റെ കൃത്യമായ വിവരങ്ങൾ ജനങ്ങൾക്ക് നൽകാൻ കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.

പേപ്പർ ബാലറ്റിലേക്ക് മടങ്ങുന്നത് പിന്തിരിപ്പൻ നടപടിയാണെന്ന് കമ്മിഷന്റെ അഭിഭാഷകൻ മനീന്ദർ സിംഗ് പറഞ്ഞു. ഇ.വി.എമ്മുകൾ കൃത്രിമത്തിന് അതീതമാണ്. മനുഷ്യർ വോട്ട് എണ്ണുമ്പോൾ പിഴവുണ്ടാകാം. ഇപ്പോൾ മനുഷ്യ പങ്കാളിത്തം കുറവാണ് - അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് സമ്പ്രദായത്തെ അപകീർത്തിപ്പെടുത്താൻ ഇത്തരം ഹർജികൾ പതിവാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി.

ഇല. കമ്മിഷൻ കോടതിയിൽ

തിരഞ്ഞെടുപ്പിന് 7 ദിവസം മുമ്പ് സ്ഥാനാർത്ഥികളുടെ സാന്നിധ്യത്തിലാണ് വിവിപാറ്റിന്റെ ഫ്ലാഷ് മെമ്മറിയിൽ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നത്. ഒരിക്കൽ അപ്‌ലോഡ് ചെയ്തവ മാറ്റാനാവില്ല. നിലവിൽ 17 ലക്ഷം വിവിപാറ്റ് യന്ത്രങ്ങളുണ്ട്. ഏത് മണ്ഡലത്തിലേക്ക് ഏത് യന്ത്രമാണ് പോകുകയെന്നും ഏത് പാർട്ടിക്ക് ഏത് ബട്ടണാണ് നൽകുന്നതെന്നും നിർമ്മാതാവിന് അറിയില്ല. വിവിപാറ്റിൽ സോഫ്റ്റ്‌വെയർ ഇല്ല. അത് പ്രിന്റർ മാത്രമാണ്. വിവിപാറ്റ് സ്ളിപ്പ് ചെറുതും ഒട്ടിപ്പിടിക്കുന്നതുമായ പേപ്പർ ആയതിനാലാണ് എണ്ണാൻ സമയമെടുക്കുന്നത്. ഒരു വോട്ടിംഗ് യന്ത്രത്തിലെ വിവിപാറ്റ് എണ്ണാൻ ഒരു മണിക്കൂറെങ്കിലും എടുക്കും. വിവിപാറ്റുകളും വോട്ടിംഗ് യന്ത്രങ്ങളും തമ്മിൽ പൊരുത്തക്കേട് ഉണ്ടായിട്ടില്ല. (പൊരുത്തക്കേടില്ലാത്തത് വലിയ കാര്യമാണെന്ന് ജസ്റ്റിസ് ഖന്ന).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360