കാൺപൂർ: സർക്കാർ ആശുപത്രിയിൽ ഡോക്‌ടറുടെ ഡ്രൈവർ രോഗികളെ പരിശോധിച്ച് മരുന്നുനൽകിയെന്ന് പരാതി. ഉത്തർപ്രദേശിൽ കാൺപൂരിലെ കാൻഷി റാം കംബൈൻഡ് ആശുപത്രി ആന്റ് ട്രോമ സെന്ററിലാണ് സംഭവം. ഡോക്‌ടറുടെ ഡ്രൈവറായ ദേവ് രോഗികളെ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
വീഡിയോയിൽ രോഗികളോട് ആരോഗ്യ പ്രശ്‌നങ്ങളുണ്ടോയെന്നും വയറുവേദനയോ മറ്റ് അസ്വസ്ഥതകളോ ഉണ്ടോയെന്നും ദേവ് ചോദിക്കുന്നത് കാണാം. തുടർന്ന് ഇയാൾ രോഗികൾക്ക് മരുന്നുകൾ നിർദേശിച്ചതായാണ് വിവരം. ഒരു കേസുമായി ബന്ധപ്പെട്ട് എമർജൻസി മെഡിക്കൽ ഓഫീസർ രാംകേഷ് കോടതിയിൽ പോയ സമയത്താണ് പരിശോധിച്ചതെന്നാണ് വിവരം. ഡോക്‌ടറുടെ അഭാവത്തിൽ ഒപിയിലുണ്ടായിരുന്ന രോഗികളെ ഡ്രൈവർ റൂമിലേക്ക് വിളിച്ചുവരുത്തി പരിശോധിക്കുകയായിരുന്നു.
താൻ കുറിച്ചുനൽകിയ മരുന്നുകൾ ആശുപത്രിക്ക് പുറത്തുള്ള മെഡിക്കൽ സ്റ്റോറിൽനിന്ന് വാങ്ങണമെന്ന് ഇയാൾ രോഗികളോട് പറയുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിന്റെ വീഡിയോ വൈറലായതിനുപിന്നാലെ ആശുപത്രി അധികൃതർ ബന്ധപ്പെട്ട ഡോക്‌ടറോട് വിശദീകരണം തേടി. ഇത്തരത്തിലുള്ള അനാസ്ഥകൾ വീണ്ടും ആവർത്തിച്ചാൽ എഫ്‌ഐആർ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
A driver posed as a doctor at Kanpur's Kanshi Ram Hospital, examining patients and writing prescriptions while the official doctor was away. Hospital authorities launched an investigation after video footage went viral, warning of strict legal action.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |