SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.04 PM IST

ഇനിമുതൽ കാറിൽ കൂളിംഗ് ഫിലിം ഒട്ടിച്ചോളൂ; എംവിഡിയും പിടിക്കില്ല, ഫൈനും അടയ്‌ക്കേണ്ട

READ ENGLISH VERSION
cooling-film

കൊച്ചി : കാറുകൾ ഉൾപ്പടെയുള്ള വാഹനങ്ങളിൽ കൂളിംഗ് ഫിലിമുകൾ പതിപ്പിക്കാൻ അനുമതി നൽകി ഹൈക്കോടതി. അംഗീകൃത വ്യവസ്ഥകൾക്ക് അനുസൃതമായി കൂളിംഗ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമാണെന്നും ഇതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്​റ്റിസ് എൻ.നഗരേഷ് വ്യക്തമാക്കി.

കൂളിംഗ് ഫിലിം ഒട്ടിച്ചതിന് പിഴ ചുമത്തിയതിനെതിരെ വാഹന ഉടമ, കൂളിംഗ് ഫിലിം നിർമിക്കുന്ന കമ്പനി, കൂളിംഗ് ഫിലിം വ്യാപാരം നടത്തുന്നതിന്റെ പേരിൽ റജിസ്ട്രേഷൻ റദ്ദാക്കുമെന്ന് കാണിച്ച് മോട്ടർ വാഹന വകുപ്പ് നോട്ടീസ് നൽകിയ സ്ഥാപനം തുടങ്ങിയവർ സമർപ്പിച്ച ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ സുപ്രധാന വിധി.

വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്റ്റി ഗ്ളാസിനുപകരം സേഫ്റ്റിഗ്ലേസിംഗ് കൂടി ഉപയോഗിക്കാൻ 2021 ഏപ്രിൽ ഒന്നു മുതൽ നിലവിൽ വന്ന കേന്ര മോട്ടർ വാഹന ചട്ടങ്ങളിലെ വകുപ്പ് 100 ന്റെ ഭേദഗതി അനുസരിച്ച് അനുവദിക്കുന്നുണ്ട്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്​റ്റാൻഡേർഡിന്റെ 2019ലെ മാനദണ്ഡങ്ങൾക്ക് അനുസൃതമായ സേഫ്റ്റി ഗ്ലേസിംഗ് ആണ് അനുവദനീയമായിട്ടുള്ളത്. സേഫ്റ്റി ഗ്ലാസിന്റെ ഉൾവശങ്ങളിൽ പ്ലാസ്​റ്റിക് ഫിലിം പതിപ്പിച്ചിട്ടുള്ളത് സേഫ്റ്റിഗ്ലേസിംഗിന്റെ നിർവചനത്തിൽ ഉൾപ്പെടും. എന്നാൽ ഇവയ്ക്ക് മുന്നിലും പിന്നിലും 70 ശതമാനവും വശങ്ങളിൽ 50 ശതമാനവും സുതാര്യത വേണമെന്നാണ് ചട്ടങ്ങൾ പറയുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് ഇത്തരം ഫിലിമുകൾ ഉപയോഗിക്കുന്നത് നിയമപരമാണെന്ന് കോടതി വ്യക്തമാക്കിയത്.

ഇത്തരം ഫിലിമുകൾ ഉപയോഗിക്കുന്നത് സുപ്രീം കോടതിയുടെ വിലക്കുണ്ടെന്ന് എതിർഭാഗം ചൂണ്ടിക്കാണിച്ചെങ്കിലും നിലവിലുള്ള വിധികൾ ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിന് മുൻപുള്ളതായിരുന്നു എന്നും അന്ന് സേഫ്‌റ്റി ഗ്ലാസ് മാത്രമേ അനുവദനീയമായിരുന്നുള്ളൂ എന്നും കോടതി വ്യക്തമാക്കി. സേഫ്റ്റി ഗ്ലേസിംഗ് വാഹനങ്ങളിൽ ഘടിപ്പിക്കാൻ വാഹന നിർമാതാവിനു മാത്രമാണ് അനുവാദമുള്ളത് എന്ന വാദവും കോടതി തള്ളി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COOLING FILM, MVD, HEIGH COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA