SignIn
Kerala Kaumudi Online
Thursday, 02 July 2026 4.56 AM IST

തിരിച്ചടവ് മുടങ്ങാൻ കാരണം കൊവിഡെന്ന് പ്രതിപ്പട്ടികയിലുള്ളവർ; കുവൈറ്റിലെ ബാങ്ക് അധികൃതർ ഉടൻ കേരളത്തിലെത്തും

kuwait-dinar

കൊച്ചി: കുവൈറ്റിലെ ഗൾഫ് ബാങ്കിന്റെ ശതകോടികൾ കബളിപ്പിച്ച് തട്ടിയെടുത്ത നഴ്സുമാരടങ്ങുന്ന 1425 മലയാളികൾക്കെതിരായ കേസിൽ കൂടുതൽ വിവരങ്ങൾ കൈമാറാൻ ബാങ്ക് അധികൃതർ അടുത്ത ആഴ്ച കൊച്ചിയിലെത്തും. ഇവർ കൈമാറുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ നടപടിയെടുക്കാനാണ് സാദ്ധ്യത. പ്രതികളായ നഴ്സുമാരുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നീക്കം ബാങ്ക് അധികൃതർ തുടങ്ങി എന്നാണ് വിവരം. എന്നാൽ, കൊവിഡ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നതാണ് ലോൺ തിരിച്ചടവ് മുടങ്ങാൻ കാരണമെന്നാണ് പ്രതികളുടെ വിശദീകരണം.

ഗൾഫ് ബാങ്ക് കുവൈറ്റിന്റെ ഡെപ്യൂട്ടി ജനറൽ മാനേജരായ മുഹമ്മദ് അബ്ദുൾ വസി കഴിഞ്ഞ നവംബർ അഞ്ചിന് കേരളത്തിൽ എത്തിയതോടെയാണ് വൻ തട്ടിപ്പ് പുറത്തുവന്നത്. 2020-22 കാലഘട്ടത്തിൽ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്തിരുന്ന 700 നഴ്‌സുമാരടക്കം 1425 മലയാളികൾ 700 കോടിയോളം രൂപ വായ്‌പയെടുത്ത ശേഷം ബാങ്കിനെ കബളിപ്പിച്ച് കടന്നുകളഞ്ഞെന്നായിരുന്നു പരാതി.

സംസ്ഥാന പൊലീസ് ഉന്നതരെ വന്നുകണ്ട ബാങ്ക് അധികൃതർ ഇവരെ കണ്ടെത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പത്തുപേരെ തിരിച്ചറിഞ്ഞതും കേസെടുത്തതും.

സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തതിൽ എട്ട് കേസുകൾ എറണാകുളം റൂറൽ പരിധിയിലും ഒരെണ്ണം കൊച്ചി സിറ്റിയിലും മറ്റൊരെണ്ണം കോട്ടയത്തുമാണ്. 60 ലക്ഷം മുതൽ രണ്ട് കോടി രൂപ വരെയാണ് ഓരോരുത്തരും കുവൈറ്റിലെ സാലറി സർട്ടിഫിക്കറ്റ് കാണിച്ച് ലോണെടുത്തത്. ആദ്യത്തെ കുറച്ച് തവണകൾ അടച്ചശേഷം പലപ്പോഴായി ഇവരെല്ലാം മുങ്ങിയെന്നാണ് ബാങ്ക് അധികൃതരുടെ പരാതി. ഭൂരിഭാഗം പേരും അമേരിക്ക, കാനഡ, ബ്രിട്ടൻ, അയർലൻഡ്, ഓസ്ട്രേലിയ എന്നിവടങ്ങിലേക്ക് കുടിയേറി.

കൈവശമുളള രേഖകളുടെ അടിസ്ഥാനത്തിൽ ഇവരെ കണ്ടെത്താനാണ് സംസ്ഥാന പൊലീസിന്റെ സഹായം തേടിയത്. നിലവിൽ കേരളത്തിൽ കണ്ടെത്തിയ പത്തുപേർക്കെതിരെയാണ് കേസെടുത്തത്. എന്നാൽ കുവൈറ്റിലെത്തിയ ശേഷം ഇടനിലക്കാർ മുഖേനയാണ് തങ്ങൾ ലോണെടുത്തതെന്നും കൊവിഡിനെ തുടർന്നാണ് മടങ്ങിപ്പോന്നതെന്നുമാണ് പ്രതികളായവർ ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചത്. പണം തിരികെയാവശ്യപ്പെട്ട് ബാങ്കിന്റെ ഇടനിലക്കാർ സമീപിച്ചിരുന്നുവെന്നും ഇവർ പറ‌ഞ്ഞു. രാജ്യാന്തര കബളിപ്പിക്കലെന്ന് ബോദ്ധ്യപ്പെട്ടതോടെ പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല കൈമാറിയിട്ടുണ്ട്. ഓരോ ജില്ലയിലെയും ജില്ലാ ക്രൈംബ്രാഞ്ചുകളാകും കേസ് അന്വേഷിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, GULF, GULF NEWS, KUWAIT BANK, LOAN FRAUD, COVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360