കൊല്ലം :ബി.ജെ.പി കരീപ്ര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരീപ്ര സർവീസ് സഹകരണ ബാങ്കിലേയ്ക്ക് പ്രതിഷേധ മാർച്ചും ഉപരോധവും നടന്നു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് അനീഷ് ചന്ദ്രൻ അദ്ധ്യക്ഷനായി. ബി.ജെ.പി കൊല്ലം ജില്ല സഹകരണ സംഘം സെൽ കൺവീനർ അനിത്ത് ശങ്കർ ഉദ്ഘാടനം ചെയ്തു.
മുക്കുപണ്ടം പണയം വച്ച് വൻ തട്ടിപ്പ് നടത്തിയതിന് സി.പി.എം, സി.പി.ഐ നേതാക്കളായ മൂന്ന് ജീവനക്കാരെ കരീപ്ര സഹകരണ ബാങ്കിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.
സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗം ഷൈലേന്ദ്രൻ, നെടുമൺകാവ് ബ്രാഞ്ച് മാനേജരും സി.പി.ഐ നേതാവും കരീപ്ര വാർഡ് മെമ്പറുമായ അനിൽകുമാർ, അപ്രൈസർ രവികുമാർ എന്നിവരെയാണ് ബാങ്കിൽ സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പണയം വച്ച സ്വർണ്ണം മുക്കുപണ്ടം ആണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാറുടെ നിർദ്ദേശപ്രകാരം പുറത്താക്കിയത്.
കുറ്റക്കാർക്കെതിരെ ബാങ്ക് ഭരണസമിതി ശക്തമായ നിയമ നടപടികൾ സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധ സമരപരിപാടികളുമായി വരും ദിവസങ്ങളിൽ ബി.ജെ.പി മുന്നോട്ട് പോകുമെന്ന് പ്രസിഡന്റ് അനീഷ് ചന്ദ്രൻ അറിയിച്ചു.
ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി അരുൺലാൽ,കരീപ്ര ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുനിത കുമാരി, എ.ഉഷ , കെ.ഗീതമണി , മഹിളമോർച്ച നേതാവ് രേണുക സുരേന്ദ്രൻ ,രാഷ്ട്രീയ സ്വയംസേവക സംഘം പുനലൂർ ജില്ല സഹ കാര്യവാഹക് ജി.പ്രദീപ് കുമാർ, ഓയൂർ ഖണ്ഡ് കാര്യവാഹക് എം .ഷിബു , പാർട്ടിയുടെയും സംഘത്തിന്റെയും പഞ്ചായത്ത്, മണ്ഡലം, ബൂത്ത് കാര്യകർത്താക്കൾ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |