കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിലെ മൂന്ന് ടിക്കറ്റ് കൗണ്ടറുകളിൽ യാത്രക്കാർ കൂടുതലെത്തുന്ന സമയങ്ങളിൽ പ്രവർത്തിച്ചിരുന്ന കൗണ്ടർ സ്ഥിരമായി അടഞ്ഞു. ഒരാഴ്ചയായി താത്കാലിക ടിക്കറ്റ് കൗണ്ടറിലെ ക്യു റോഡ് വരെ നീണ്ടിട്ടും മൂന്നാമത്തെ കൗണ്ടർ തുറന്നില്ല. ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം മൂന്നാമത്തെ കൗണ്ടർ സ്ഥിരമായി പൂട്ടിയെന്നാണ് ലഭിക്കുന്ന സൂചന.
കൊല്ലം റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ രണ്ട് വർഷമായി മൂന്ന് അൺറിസർവ്ഡ് ടിക്കറ്റ് കൗണ്ടറും രണ്ട് റിസർവേഷൻ കൗണ്ടറും ഒരു ഇൻഫർമേഷൻ കൗണ്ടറുമാണുള്ളത്. ഇതിൽ മൂന്ന് അൺറിസർവ്ഡ് കൗണ്ടറുകളിൽ രണ്ടെണ്ണമാണ് പൂർണസമയം പ്രവർത്തിച്ചിരുന്നത്. രാവിലെയും വൈകിട്ടും തിരക്കേറിയ സമയങ്ങളിൽ ബുക്കിംഗ് സൂപ്പർവൈസർ മൂന്നാമത്തെ കൗണ്ടർ പ്രവർത്തിപ്പിക്കുമായിരുന്നു. ഇപ്പോൾ ഈ കൗണ്ടറിന്റെ പ്രവർത്തനം പൂർണമായും നിറുത്തിവച്ചിരിക്കുകയാണ്. പല യാത്രക്കാരും കൗണ്ടറിൽ ഏറെ നേരം ക്യു നിന്ന് ടിക്കറ്റെടുത്ത് പ്ലാറ്റ്ഫോമിൽ എത്തുമ്പോൾ ട്രെയിൻ പുറപ്പെട്ട് കഴിയുന്ന അവസ്ഥയുമുണ്ട്.
പണിമുടക്കി എ.ടി.വി.എമ്മുകൾ
റെയിൽവേ സ്റ്റേഷനിൽ മൂന്ന് ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനുകളാണുള്ളത്. ടിക്കറ്റ് കൗണ്ടറിന് മുന്നിൽ ക്യൂ നീളുമ്പോൾ യാത്രക്കാർ എ.ടി.വി.എമ്മുകൾക്ക് മുന്നിലേക്കെത്തും. എന്നാൽ യന്ത്രങ്ങൾ പല സമയവും പ്രവർത്തിക്കാറില്ല.
ട്രെയിൻ വരുന്നതും പോകുന്നതും അറിയുന്നില്ല
നേരത്തെ പ്രധാന കെട്ടിടത്തിൽ ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കുമ്പോൾ ട്രെയിനുകൾ എത്തുന്ന സമയവും പുറപ്പെടുന്ന സമയവും പ്രത്യേക ബോർഡിൽ പ്രദർശിപ്പിച്ചിരുന്നു. സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി ടിക്കറ്റ് കൗണ്ടർ താത്കാലിക ഷെഡിലേക്ക് മാറ്റിയതോടെ ബോർഡ് അപ്രത്യക്ഷമായി.
യാത്രക്കാർക്ക് ടിക്കറ്റെടുക്കാൻ ഒരു എ.ടി.വി.എം കൂടി കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഉടൻ സ്ഥാപിക്കും. ടിക്കറ്റെടുക്കാൻ സഹായിക്കുന്ന ഫെസിലിറ്റേറ്റർമാരുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്.
കൊല്ലം റെയിൽവേ സ്റ്റേഷൻ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |