പ്രേമലുവിന്റെ സൂപ്പർ ഹിറ്റ് വിജയത്തിനുശേഷം സംഗീത് പ്രതാപ് അഭിനയിച്ച ബ്രോമാൻസ് തിയേറ്ററിൽ. യുവതാരങ്ങളുടെ വൈബിൽ ബ്രോമാൻസ് ആഘോഷമാകുന്നു. അരുൺ ഡി. ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ അർജുൻ അശോകൻ, മാത്യു തോമസ്, സംഗീത് പ്രതാപ്, ശ്യാം മോഹൻ, മഹിമ നമ്പ്യാർ എന്നിവർ പ്രധാന വേഷത്തിലെത്തി നിറഞ്ഞാടുന്നു.നടനും ചിത്രസംയോജകനുമായ സംഗീത് പ്രതാപ് ബ്രോമാൻസ് വിശേഷങ്ങളുമായി ചേരുന്നു.
അമൽ ഡേവിസിനെ പോലെ രസികനാണോ ബ്രോമാൻസിലെ കഥാപാത്രം?
രസിപ്പിക്കുകയാണ് ലക്ഷ്യം. എന്നാൽ പ്രേമലുവിലെ അമൽ ഡേവിസിനെ പോലെയല്ല ഹരിഹരസുതൻ. ആള് ഒരു ഹാക്കറാണ്. ഒരു സുഹൃത്തിനെ പ്രത്യേക സാഹചര്യത്തിൽ സഹായിക്കാൻ വരുന്നു. അതു എന്തിനാണെന്ന് ബ്രോമാൻസ് കാണുമ്പോൾ അറിയാൻ കഴിയും. ഹരിഹരസുതൻ ഫൺ കഥാപാത്രമാണ്. സുഹൃത്തിനെ സഹായിക്കുമ്പോൾ മറ്റ് കാര്യങ്ങൾ സംഭവിക്കുന്നു. അതിൽ ഹരിഹരസുതൻ ഭാഗമാകുന്നതും അബദ്ധങ്ങളും രസങ്ങളുമാണ് ബ്രോമാൻസ്. ഹാക്കിംഗ് കോമഡികളില്ല. സാധാരണ കാണുന്നതുപോലെ മണ്ടനായ ഹാക്കറല്ല ഹരിഹരസുതൻ.
പ്രേമലു ടീമിനൊപ്പം വീണ്ടും. അർജുൻ അശോകനൊപ്പം ആദ്യം. എങ്ങനെയുണ്ടായിരുന്നു അനുഭവം ?
വളരെ അടുപ്പമുള്ളവരാണ് എല്ലാവരും. അരുൺ ചേട്ടനെ നേരത്തേ അറിയാം. ഒപ്പം പ്രവർത്തിച്ചപ്പോൾ കൂടുതൽ അടുപ്പം ഉണ്ടായി. മുൻപ് കോമൺ ഫ്രണ്ട്സ് വഴി കണ്ടിട്ടുണ്ട്. അപ്പോൾ കണ്ട സീരിയസ് ആളല്ല ലൊക്കേഷനിൽ. അർജുൻ ചേട്ടന്റെ സിനിമകൾ ആസ്വദിച്ചിട്ടുണ്ട്. അതിന്റെ ബഹുമാനമുണ്ടായിരുന്നു. പ്രേമലുവിൽ ഞങ്ങൾ ഒരേ വൈബും ഒരേ പ്രായവും ഉള്ളവരായിരുന്നു. അതേ വൈബിൽ വീണ്ടും എത്തി. അവിടെ സീനിയോറിട്ടി ഒന്നും നോക്കാതെ എല്ലാവരും ഒരേ കമ്പനി. എല്ലാം കാര്യവും എനിക്ക് ഷെയർ ചെയ്യാൻ മാത്യു ഉണ്ട്.സിനിമയിൽ എന്റെ ദീർഘകാല സുഹൃത്തുക്കൾ മാത്യുവും നസ്ളിനും ആണ്. ഞങ്ങളുടെ സൗഹൃദം ഓരോ സിനിമ കഴിയുന്തോറും കൂടുതൽ ദൃഢമായി വരുന്നത് ബ്രോമാൻസിൽ നന്നായി വർക്കൗട്ടായിട്ടുണ്ട്.
സിനിമയിലെ പോലെ തന്നെയാണോ ജീവിതത്തിലും?
ജീവിതത്തിലും കൂൾ ആകാനാണ് ശ്രമിക്കുക. ഒരു ഗ്രൂപ്പിൽ ചെന്നാൽ ആ ഗ്രൂപ്പിന്റെ എനർജി എങ്ങനെ എടുക്കാമെന്നും നമ്മുടെ എനർജി അവർക്ക് കൊടുക്കാമെന്നും നോക്കാറുണ്ട്. അന്തർമുഖനാകുന്നത് സ്റ്റേജിലോ അപരിചിതമായ ഇടത്തോ പോകുമ്പോഴാണ്. സുഹൃത്തുക്കൾക്കും വേണ്ടപ്പെട്ടവർക്കും ഒപ്പം നിൽക്കുകയും ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യാൻ എപ്പോഴും ശ്രമിക്കാറുണ്ട്.
പ്രേമലുവിനുശേഷം ഇടവേള സംഭവിച്ചോ ?
ഇടവേള എന്നു പറയാൻ കഴിയില്ല. പ്രേമലുവിനുശേഷം 74ലധികം കഥകൾ കേട്ടു. പല ജോണർ. നായകനായും അല്ലാതെയും വന്ന കഥകളുണ്ടായിരുന്നു. അതിൽ ഏറ്റവും ആത്മവിശ്വാസത്തിൽ തിരഞ്ഞെടുത്തതാണ് ബ്രോമാൻസ്. ഷൂട്ടിനിടെ അപകടം സംഭവിച്ചു ബ്രേക്കു വന്നതോടെയാണ് ഇടവേള ഉണ്ടായത്. ഒരുവർഷം മുൻപ് കേട്ടതിൽ നല്ല കഥകളൊക്കെ ഇനിയാണ് സംഭവിക്കുക. സത്യൻ അന്തിക്കാടിന്റെ സിനിമ, ബോബി - സഞ്ജയ്യുടെ തിരക്കഥയിൽ കുഞ്ചാക്കോ ബോബൻ ചിത്രം ബേബി ഗേൾ, അതു കഴിഞ്ഞ് പ്രേമലു 2, അനൗൺസ് ചെയ്യാത്ത മൂന്നു സിനിമകളും കമ്മിറ്റ് ചെയ്തിട്ടുണ്ട്. ആസിഫ് അലി നായകനായ സർക്കീട്ട് എഡിറ്റ് ചെയ്തു. അഭിനയത്തിൽ കൂടുതൽ ശ്രദ്ധിക്കാനാണ് തീരുമാനം.
കലോത്സവത്തിൽ പങ്കെടുത്തിട്ടും ക്യാമറയുടെ പിന്നിൽ ആദ്യം പോകാൻ എന്താണ് കാരണം?
സിനിമയുടെ സാങ്കേതികവശം പഠിക്കാനായിരുന്നു ആഗ്രഹം. മിമിക്രിയോടും മോണോ ആക്ടിനോടും ചേർന്നു നിൽക്കുന്ന അഭിനയരംഗത്തേക്ക് പോകാതെ എഡിറ്റിംഗ് മേഖലയിൽ വന്നത് സിനിമയിൽ നിൽക്കണം എന്ന വലിയ ആഗ്രഹമായിരുന്നു. ഈ വർഷം ഭാഗ്യം കൊണ്ടാകാം രണ്ടും ഒരുപോലെ കൊണ്ടുപോകാൻ സാധിച്ചു. ബ്രോമാൻസിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് ഉടൻ സർക്കീട്ട് തുടങ്ങി. ഇനി എഡിറ്റിംഗ് കമ്മിറ്റ്മെന്റ് ഒന്നുമില്ല. അഭിനയത്തിൽ മാത്രമായിരിക്കും ശ്രദ്ധ.
പ്രണയദിനത്തിൽ ബ്രോമാൻസ് റിലീസ് ചെയ്തപ്പോൾ എന്താണ് പ്രേക്ഷകരോട് പറയാനുള്ളത്?
വാലന്റൈൻസ് ഡേയിൽ വേണ്ടത് സന്തോഷമെന്ന് വിശ്വസിക്കുന്നു. ആ സന്തോഷം നൽകാൻ ബ്രോമാൻസിന് സാധിക്കും. ഒരു സിനിമ കണ്ട് ചിരിച്ച് ആഘോഷിച്ച് ഇറങ്ങുമ്പോൾ മനസ് നിറയെ സന്തോഷമാകും. അത് പ്രണയത്തിന് പോസിറ്റീവ് നൽകുമെന്ന് വിശ്വസിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |