മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റി 'കലൈക്യ' ഇന്റർസോൺ കലോത്സവം 22 മുതൽ 26 വരെ വളാഞ്ചേരി പുറമണ്ണൂർ മജ്ലിസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കും. ആറ് വേദികളിലായി 106 ഇനങ്ങളിൽ 5,837 വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ സോണൽ മത്സരങ്ങളിൽ ഒന്ന്, രണ്ട് സ്ഥാനം നേടിയവരും അപ്പീൽ മുഖേന എത്തുന്നവരുമാണ് ഇന്റർസോൺ മത്സരങ്ങളിൽ പങ്കെടുക്കുക. കലോത്സവത്തിന്റെ വിളംബരമോതി 20ന് പൊന്നാനിയിൽ സാംസ്‌കാരിക സംഗമവും 21ന് വളാഞ്ചേരി ടൗണിൽ സാംസ്‌കാരിക ഘോഷയാത്രയും സംഘടിപ്പിക്കും. 22, 23 തീയതികളിൽ സ്‌റ്റേജിതര മത്സരങ്ങളും 24 മുതൽ 26 വരെ സ്റ്റേജ് മത്സരങ്ങളുമാണ് നടക്കുക. 22ന് രാവിലെ 10ന് സ്‌റ്റേജിതര മത്സരങ്ങളുടെ ഉദ്ഘാടനം. കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം 24ന് രാത്രി ഏഴിന് നടക്കും.
ആദ്യമായിട്ടാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ കലോത്സവം ഒരു സ്വാശ്രയ കോളേജിൽ വച്ച് സംഘടിപ്പിക്കുന്നത്. വിപുലമായ ഒരുക്കങ്ങളാണ് കോളേജിൽ നടക്കുന്നത്. മത്സരാർത്ഥികൾക്ക് താമസിക്കാനായി മജ്ലിസ് കോളേജും മജ്ലിസ് എൽ.പി സ്‌കൂളും സജ്ജീകരിച്ചിട്ടുണ്ട്. കലോത്സവ വിവരങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു. മത്സര രജിസ്‌ട്രേഷൻ, മത്സരാർത്ഥികൾക്ക് മുഴുവൻ വിവരങ്ങളും ലഭ്യമാവുന്ന ക്യൂ.ആർ കോഡോട് കൂടിയ ഐ.ഡി കാർഡ്, മത്സര ഫലങ്ങൾ, കോളേജ് അടിസ്ഥാനത്തിലുള്ള സ്‌കോർ ബോർഡ്, വ്യക്തിഗത പ്രതിഭകളുടെ വിവരങ്ങൾ, വിജയികളുടെ ഫോട്ടോ പതിച്ച പോസ്റ്റർ, മത്സര ഷെഡ്യൂൾ, കലോത്സവത്തിന്റെ ഫോട്ടോ ഗ്യാലറി തുടങ്ങി എല്ലാ വിവരങ്ങളും ലഭ്യമാവുന്ന രീതിയിലാണ് വെബ്‌സൈറ്റ് സജ്ജീകരിച്ചിരിക്കുന്നത്.
കലോത്സവത്തിന്റെ സുരക്ഷ ചുമതലയ്ക്കായി കൂടുതൽ പൊലീസിനെ വിന്യസിക്കും. നഗരിയിൽ പ്രത്യേക പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കും. കലോത്സവ വേദികളും പരിസരവും 24 മണിക്കൂറും സി.സി.ടി.വി നിരീക്ഷണത്തിലാകും. 94 ക്യാമറകൾ ഇതിനായി സ്ഥാപിച്ചിട്ടുണ്ട്. എം.എസ്.എഫ് മെഡിഫെഡ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഴുവൻ സമയ ഡോക്ടർമാരുടെയും ആംബുലൻസിന്റെയും സേവനം ഉണ്ടായിരിക്കും. മത്സരാർത്ഥികൾക്കും ഒഫീഷ്യൽസിനും വൊളണ്ടിയേഴ്സിനും ഭക്ഷണ വിതരണത്തിനുള്ള പാചകപുര കലോത്സവ നഗരിയിൽ തയ്യാറാക്കിയിട്ടുണ്ട്. ഒരേസമയം 500 പേർക്ക് ഭക്ഷണം കഴിക്കാവുന്ന പന്തലാണ് ഒരുക്കിയിട്ടുള്ളത്. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ സഫ്‌വാൻ പത്തിൽ, പി.കെ.അർഷദ്, പി.കെ.മുബഷിർ, അഷ്ഹർ പെരുമുക്ക്, ഷറഫുദ്ദീൻ പിലാക്കൽ, ആദിൽ.കെ.കെ.ബി, വി.എ.വഹാബ്, അഡ്വ. ഇ.കെ.അൻഷിദ് പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |