
തിരുവനന്തപുരം: ബിനീഷ് കോടിയേരിയ്‌ക്ക് പാർട്ടി അംഗത്വം പുതുക്കിനൽകാതെ സിപിഎം. ഇതുവരെ നാല് തവണയാണ് ബിനീഷിന്റെ പാർട്ടി അംഗത്വം സിപിഎം സംസ്ഥാന നേതൃത്വം തള്ളിയത്. മുൻപ് 2001 മുതൽ 2020 വരെ ബിനീഷിന് പാർട്ടി അംഗത്വമുണ്ടായിരുന്നു. എന്നാൽ ലഹരിക്കേസിൽ അറസ്‌റ്റിലായതോടെ അംഗത്വം മരവിപ്പിച്ചു. പിന്നീട് 2023ൽ കേസിൽ കുറ്റവിമുക്തനായി. ഇതിനുശേഷം ജില്ലാ സെക്രട്ടറി വഴി നാലുതവണ ബിനീഷ് അംഗത്വത്തിനായി അപേക്ഷിച്ചു. നാലുതവണയും സംസ്ഥാന നേതൃത്വം അത് തള്ളുകയായിരുന്നു. ബിനീഷിനെ കോടതി നിരപരാധിയെന്ന് പറഞ്ഞിട്ടും എന്തുകൊണ്ട് പരിഗണിക്കുന്നില്ലെന്ന് തിരഞ്ഞെടുപ്പ് പരാജയം ചർച്ചചെയ്യാൻ കൂടിയ തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ ചോദ്യവുമുണ്ടായി.
2020ൽ ബിനീഷ് കേസിൽപെട്ട സമയത്ത് കോടിയേരി ബാലകൃഷ്‌ണനായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി. സംഭവത്തിനുപിന്നാലെ അദ്ദേഹം പാർട്ടി സെക്രട്ടറി പദവിയിൽ നിന്ന് മാറിനിന്നിരുന്നു. ബിനീഷിനെ തിരിച്ച് പാർട്ടിയിലെടുക്കാത്തത് എന്തെന്ന ചോദ്യത്തിന് ആലോചിച്ച് തീരുമാനം എടുക്കാം എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മറുപടി നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |