
ഐ.എസ്.എൽ ഫുട്ബാൾ പ്ളേ ഓഫ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം
ആദ്യ കളിയിൽ ബെംഗളുരു എഫ്.സി മുംബയ് സിറ്റിയെ നേരിടും
ബെംഗളുരു : ഇന്ത്യൻ സൂപ്പർ ലീഗിന്റെ അവസാന നാലിലെ ഒഴിവുള്ള രണ്ട് സ്ഥാനങ്ങൾ നേടിയെടുക്കാനായി നാലു ടീമുകൾ. ഇതിൽ ആദ്യ രണ്ട് ടീമുകൾ ഇന്ന് പ്ളേഓഫ് മത്സരത്തിനിറങ്ങുന്നു. ബെംഗളുരു എഫ്.സിയും മുംബയ് സിറ്റി എഫ്.സിയുമാണ് ഇന്ന് കളത്തിലിറങ്ങുന്നത്. നാളെ നോർത്ത് ഈസ്റ്റ് യുണൈറ്റഡും ജംഷഡ്പുർ എഫ്.സിയും രണ്ടാം പ്ളേ ഓഫിൽ ഏറ്റുമുട്ടും.
പങ്കെടുത്ത 13 ടീമുകളിൽ നിന്ന് പോയിന്റ് നിലയിൽ മുന്നിലെത്തിയ രണ്ട് ടീമുകൾ നേരിട്ട് സെമിഫൈനലിലേക്ക് എത്തിയിട്ടുണ്ട്. പോയിന്റ് പട്ടികയിൽ മൂന്നുമുതൽ ആറുവരെ സ്ഥാനങ്ങളിലെത്തിയ നാലുടീമുകൾ തമ്മിലാണ് സെമിയിൽ അവശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം. മൂന്നാം സ്ഥാനക്കാരാണ് ബെംഗളുരു . ആറാം സ്ഥാനക്കാരായാണ് മുംബയ് സിറ്റി പ്രാഥമിക ലീഗിൽ ഫിനിഷ് ചെയ്തത്.പ്ളേ ഓഫ് മത്സരങ്ങളിൽ വിജയിക്കുന്ന ടീമുകൾ അടുത്തമാസം ആദ്യവാരം ഇരുപാദങ്ങളിലായി നടക്കുന്ന സെമിഫൈനലിൽ ഒന്നും രണ്ടും സ്ഥാനക്കാരായി എത്തിയിട്ടുള്ള ടീമുകളുമായി ഏറ്റുമുട്ടും.24 മത്സരങ്ങളിൽ നിന്ന് 56 പോയിന്റ് നേടിയ മോഹൻ ബഗാനാണ് പോയിന്റ് പട്ടികയിലെ ഒന്നാമന്മാരായി സെമിയിലെത്തിയത്. 48 പോയിന്റ് നേടിയ എഫ്.സി ഗോവ രണ്ടാമന്മാരായി സെമിയിലെത്തി.
പോയിന്റ് പട്ടികയിലെ മുമ്പൻമാർ ബെംഗളുരു ആയതിനാൽ അവരുടെ ഹോം ഗ്രൗണ്ടായ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് ഇന്നത്തെ മത്സരം. സുനിൽ ഛെത്രി,എഡ്ഗാർ മെൻഡസ്, വിനീത് വെങ്കിടേഷ്,സുരേഷ് സിംഗ് വാംഗ്ജം,രാഹുൽ ഭെക്കെ,അലക്സാണ്ടർ യൊവാനോവിച്ച് തുടങ്ങിയവരാണ് ബെംഗളുരു നിരയിലെ പ്രമുഖർ. പ്രാഥമിക റൗണ്ടിലെ 24 മത്സരങ്ങളിൽ 11 വിജയങ്ങളും അഞ്ചു സമനിലകളും ഉൾപ്പടെ 38 പോയിന്റാണ് ബെംഗളുരു നേടിയിരുന്നത്.
മുംബയ് സിറ്റിക്ക് 24 മത്സരങ്ങളിൽ ഒൻപത് വിജയങ്ങളേ നേടാനായിരുന്നുള്ളൂ. ഒൻപത് സമനിലകളും ആറ് തോൽവികളും വഴങ്ങി. 36 പോയിന്റാണ് നേടാനായത്. നിക്കോസ് കരേലിസ്,ലാലിയൻസുവാല ചാംഗ്തേ, ബ്രാൻഡൺ ഫെർണാണ്ടസ്, മെഹ്‌താബ് സിംഗ്,ടിരി,നഥാൻ റോഡ്രിഗസ് തുടങ്ങിയവരാണ് മുംബയ് നിരയിലെ പ്രമുഖതാരങ്ങൾ.
ഈ സീസണിൽ രണ്ട് തവണ ബെംഗളുരുവും മുംബയ്‌യും തമ്മിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ആദ്യ തവണ മുംബയ്‌യുടെ ഹോംഗ്രൗണ്ടിൽ ഗോൾ രഹിത സമനില പാലിച്ചപ്പോൾ ഈ മാസം നടന്ന മത്സരത്തിൽ ബെംഗളുരുവിന്റെ ഹോംഗ്രൗണ്ടിൽ മുംബയ് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ജയിച്ചു. ഈ വിജയമാണ് മുംബയ്‌യെ പ്ളേഓഫിലേക്ക് എത്തിച്ചതും.
ആദ്യപാദ സെമിഫൈനലുകൾ ഏപ്രിൽ 2,3 തീയതികളിലും രണ്ടാം പാദ സെമിഫൈനലുകൾ ഏപ്രിൽ 6,7 തീയതികളിലും നടക്കും.
ഏപ്രിൽ 12നാണ് ഫൈനൽ.
ബെംഗളുരു Vs മുംബയ് സിറ്റി
7.30 pm മുതൽ
സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്സ്റ്റാറിലും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |