SignIn
Kerala Kaumudi Online
Tuesday, 16 June 2026 7.28 PM IST

ഉത്തരവാദിത്ത ടൂറിസത്തിൽ കേരളം മാതൃക: മന്ത്രി റിയാസ്

തിരുവനന്തപുരം: ഉത്തരവാദിത്ത ടൂറിസത്തിൽ കേരളം ലോകത്തിന് മാതൃകയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കൊവിഡിനുശേഷം ടൂറിസം മേഖല പുനർനിർമ്മാണത്തിന്റെ പാതയിലാണ്.

തിരുവനന്തപുരത്ത് കിറ്റ്സ് ഇന്റർനാഷണൽ ട്രെയിനിംഗ് സെന്ററിൽ സംഘടിപ്പിച്ച ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

2024ൽ കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവിൽ മുൻവർഷത്തെ അപേക്ഷിച്ച് 20 ശതമാനത്തിന്റെ വർദ്ധനയുണ്ടായി. 2.24 കോടി വിനോദസഞ്ചാരികൾക്കാണ് 2024ൽ കേരളം ആതിഥ്യമരുളിയത്. സംസ്ഥാനത്തെ ടൂറിസം വ്യവസായത്തിന്റെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ വൈദഗ്ദ്ധ്യമുള്ള പ്രൊഫഷണലുകളെ വളർത്തിയെടുക്കുന്നതിൽ കിറ്റ്സ് നിർണായക പങ്ക് വഹിക്കുന്നുണ്ട്.

ഉത്തരവാദിത്ത ടൂറിസം, പൈതൃക ടൂറിസം, സാഹസിക ടൂറിസം തുടങ്ങി വ്യത്യസ്ത മേഖലകളിലേക്ക് കേരള ടൂറിസം വൈവിധ്യവത്കരിക്കപ്പെടുകയാണ്. ഈ സാഹചര്യത്തിൽ നൂതനാശയങ്ങളും പുതിയ ഉത്പന്നങ്ങളുമായി മുന്നോട്ടു വരുന്ന യുവസംരംഭകർക്ക് ധാരാളം സാദ്ധ്യതകളുണ്ട്.

ശാസ്താംപാറ അഡ്വഞ്ചർ പാർക്ക് പദ്ധതി വിശദീകരിക്കുന്നതിനായി നിക്ഷേപകർക്കായി സംഘടിപ്പിച്ച യോഗത്തിൽ 20 സംരംഭകർ പങ്കെടുത്തുവെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യൻ സൊസൈറ്റി ഫോർ ട്രെയിനിംഗ് ആൻഡ് ഡെവലപ്മെന്റ് (ഐ.എസ്.ടി.ഡി) തിരുവനന്തപുരം ചാപ്റ്റർ കിറ്റ്സുമായി സഹകരിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്. ഐ.എസ്.ടി.ഡി തിരുവനന്തപുരം ചാപ്റ്ററിന്റെ ഔട്ട്സ്റ്റാൻഡിംഗ് ഔട്ട്ബൗണ്ട് ടൂർ ഓപ്പറേറ്റർ അവാർഡ് റോയൽ ടൂർസിലെ ബെന്നി പാനികുളങ്ങരയ്ക്ക് മന്ത്രി സമ്മാനിച്ചു. കിറ്റ്സ് ഡയറക്ടർ ഡോ.എം.ആർ. ദിലീപ്, ഐ.എസ്.ടി.ഡി തിരുവനന്തപുരം ചാപ്റ്റർ ചെയർമാൻ ഡോ.കെ.എസ്. ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RIYAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA