ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ നിലംപരിശാക്കിയ ഭീകരശൃംഖലകൾ പാകിസ്ഥാൻ പുനർനിർമിക്കാൻ ശ്രമിക്കുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അന്താരാഷ്ട്ര നാണയ നിധി പാകിസ്ഥാന് വായ്പയായി അനുവദിച്ച പണം മുഴുവൻ ഭീകര പ്രവർത്തങ്ങൾക്ക് ഉപയോഗിക്കുമെന്നതിനാൽ ഇത് പുനഃപരിശോധിക്കണമെന്നും രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു. ഗുജറാത്തിലെ ഭുജിൽ വ്യോമസേനാ താവളത്തിൽ എത്തി സേനാംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മുരിദ്കെയിലും ബഹാവൽപൂരിലും സ്ഥിതി ചെയ്യുന്ന ലഷ്‌കർ-ഇ-തൊയ്ബ , ജയ്ഷ്-ഇ-മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നതിനാണ് പാകിസ്ഥാൻ സർക്കാർ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. അന്താരഷ്ട്ര നാണയനിധി നൽകുന്ന വായ്പയുടെ ഭൂരിഭാഗവും ഭീകര സംഘടനകളുടെ സൗകര്യങ്ങൾക്കായി പാകിസ്ഥാൻ വിനിയോഗിക്കുമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. പാകിസ്ഥാന് നല്കുന്ന ഏതൊരു ധനസഹായവും തീവ്രവാദത്തിനെ പ്രോത്സാഹിപ്പിക്കുന്നതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ എതിർപ്പുകൾ അവഗണിച്ചാണ് ഐഎംഎഫ് ഒരു ബില്യൺ ഡോളർ പാകിസ്ഥാന് അനുവദിച്ചത്. പാകിസ്ഥാന് നൽകുന്ന ഏതൊരു സാമ്പത്തിക സഹായവും തീവ്രവാദസഹായത്തിന് തുല്ല്യമാണെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. പാകിസ്ഥാനിലെ പാവപ്പെട്ട ജനങ്ങളിൽ നിന്നും നികുതിയായി പിടിച്ചെടുത്ത 14 കോടി രൂപ ഭീകരൻ മസൂർ അസ്ഹറിനുവേണ്ടി ചെലവിടാനാണ് സർക്കാർ പദ്ധതിയെന്നും രാജ്‌നാഥ് സിംഗ് ചൂണ്ടികാണിച്ചു.
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ തവിടുപൊടിയാക്കിയ ഒമ്പത് ഭീകര താവളങ്ങളിൽ ഒന്നായ മുരിദ്കെ- പാകിസ്ഥാൻ മന്ത്രി റാണ തൻവീർ ഹുസൈൻ സന്ദർശിച്ചിരുന്നു. സന്ദർശനത്തിന് പിന്നാലെ സർക്കാരിന്റെ സ്വന്തം ചെലവിൽ അവയെ പുനർനിർമിക്കുമെന്ന് റാണ തൻവീർ ഹുസൈൻ പറഞ്ഞിരുന്നു. ഇതിനു മറുപടിയായിട്ടാണ് രാജ്‌നാഥ് സിംഗിന്റെ പ്രതികരണം.
ലഷ്‌കർ-ഇ-തൊയ്ബയുടെ കേന്ദ്രമാണ് മുരിദ്കെ. ബഹാവൽപൂരിലാണ് ജെയ്ഷ്-ഇ-മുഹമ്മദിന്റെ ആസ്ഥാനവും. പഹൽഗാം ആക്രമണം നടത്തിയത് ലഷ്കർ ഭീകരരാണ്. ഭാവിയിൽ പാകിസ്ഥാന്റെ ആണവായുധങ്ങൾ തീവ്രവാദികളുടെ കൈകളിൽ എത്തില്ലെന്ന് ഉറപ്പു പറയാൻ കഴിയില്ലെന്നും രാജ്‌നാഥ് സിംഗ് പറയുന്നു. നന്നായി നടന്നാൽ പാകിസ്ഥാന് നല്ലത് ഇല്ലെങ്കിൽ വലിയ തിരിച്ചടികളായിരിക്കും നേരിടേണ്ടി വരിക. ഇന്ത്യയെ ഇനിയും ആക്രമിച്ചാൽ പാകിസ്ഥാൻ ഏഷ്യയുടെ ഭൂപടത്തിൽ പോലുമുണ്ടാകില്ല എന്നതിന്റെ ശക്തമായ സൂചനയാണ് രാജ്‌നാഥ് സിംഗിന്റെ വാക്കുകളിൽ പ്രകടമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |