SignIn
Kerala Kaumudi Online
Saturday, 13 June 2026 12.07 PM IST

കുറ്റവാളികളെ തടയാൻ എഐ സാങ്കേതിക വിദ്യയുമായി പൊലീസ്; ഇനിമുതൽ ഹൈടെക് സുരക്ഷ

robberies

ബംഗളൂരു: കഴിഞ്ഞ കുറച്ചു വർഷങ്ങളായി പൊലീസിന്റെ പ്രവർത്തനങ്ങളിൽ സാങ്കേതികവിദ്യ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ഡിജിറ്റൽ സംവിധാനങ്ങൾ ദൈനംദിന സുരക്ഷാ പ്രവർത്തനങ്ങളിൽ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്. നഗരങ്ങളിൽ ഉണ്ടാകുന്ന കുറ്റകൃത്യങ്ങൾ തടയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസും വിവരശേഖരണവും അടിസ്ഥാനമാക്കിയുള്ള നൂതനമായ പ്രവർത്തന രീതിയാണ് പൊലീസ് നടപ്പിലാക്കുന്നത്. ബംഗളരു നഗരത്തിലാണ് ഇത്തരത്തിൽ എഐ സംവിധാനത്തിലൂടെ കുറ്റവാളികളെ പിടികൂടുന്ന സാങ്കേതിക വിദ്യ നടപ്പാക്കുന്നത്.

കുറ്റകൃത്യം നടന്ന ശേഷം അന്വേഷണം നടത്തുന്ന പഴയ രീതിയിൽ നിന്ന് മാറി, അത് നടക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ മുൻകൂട്ടി കണ്ടെത്തി തടയുന്ന പുതിയ രീതിയിലേക്കാണ് പൊലീസ് മാറിയിരിക്കുന്നത്. കാലാ കാലങ്ങളായുള്ള കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ വിശകലനം ചെയ്താണ് കുറ്റ കൃത്യം നടക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ എഐ സംവിധാനത്തിലൂടെ കണ്ടെത്തുന്നത്. ഉദാഹരണത്തിന് നഗരത്തിലെ ഒരു സ്ഥലത്ത് രാവിലെ ആറിനും എട്ടിനും ഇടയിൽ ഒരു പ്രശ്നം നടക്കാൻ സാധ്യതയുണ്ടെന്ന് എഐ മുന്നറിയിപ്പ് നൽകിയാൽ, പൊലീസ് പട്രോളിംഗ് യൂണിറ്റുകൾ അവിടെ മുൻകൂട്ടി നിലയുറപ്പിക്കും.

സേഫ് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള ആയിരക്കണക്കിന് സിസിടിവി ക്യാമറകൾ കുറ്റകൃത്യങ്ങൾ തടയാൻ വലിയ രീതിയിലാണ് സഹായിക്കുന്നത്. ഈ ക്യാമറകൾ വഴി നഗരത്തിലെ ഓരോ ചലനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലൂടെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പോലീസിന് സാധിക്കുന്നു.

ക്രിമിനലുകളുടെ മുഖം ക്യാമറയിൽ പതിഞ്ഞാൽ ഉടൻ തന്നെ കൺട്രോൾ റൂമിലും അടുത്തുള്ള ഉദ്യോഗസ്ഥന്റെ ഫോണിലും അലർട്ടായി എത്തും. മോഷ്ടിച്ച വാഹനങ്ങളോ കരിമ്പട്ടികയിൽ പെട്ടവയോ നഗരത്തിലൂടെ ചുറ്റിയാൽ ഉടൻ നമ്പർ പ്ലേറ്റ് തിരിച്ചറിഞ്ഞ് പൊലീസ് പിടികൂടും. സംശയാസ്പദമായ രീതിയിൽ ഒരു സ്ഥലത്ത് ചുറ്റിക്കറങ്ങുന്നവരെയോ ജുവലറികൾക്ക് മുന്നിൽ അനാവശ്യമായി നിൽക്കുന്നവരെയോ എഐ സോഫ്റ്റ്‌വെയർ തിരിച്ചറിയുകയും പൊലീസിനെ അറിയിക്കുകയും ചെയ്യും.


പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന സുരക്ഷാ ആപ്പിലും എഐ സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ പ്രദേശത്തിന്റെയും സുരക്ഷ എത്രത്തോളമുണ്ടെന്ന് അറിയാനും അപകടം ഉണ്ടാകുകയോ മറ്റോ ചെയ്താൽ ലൈവ് ലൊക്കേഷനും ഓഡിയോയും പൊലീസിന് കൈമാറാനും ഈ ആപ്പിലൂടെ സഹായിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: REDUCE ROBBERIES, LATESTNEWS, AI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY