
ആലപ്പുഴ: ജി.ഭുവനേശ്വരനെ കൊലപ്പെടുത്താൻ സാഹചര്യം സൃഷ്ടിച്ചത് എസ്.എഫ്.ഐ ഗുണ്ടകളാണെന്ന് ഭുവനേശ്വരന്റെ സഹോദരനും അമ്പലപ്പുഴയിൽ യു.ഡി.എഫ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ജി.സുധാകരൻ ആരോപിച്ചു. പുന്നപ്രയിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭുവനേശ്വരൻ പാർട്ടി ഓഫീസിലെത്തിയപ്പോൾ മുൻ എം.എൽ.എ പി.കെ.കുമാരനാണ് നിർബന്ധിച്ച് കോളേജിലേക്ക് വിട്ടത്. സംഘർഷമുണ്ടായപ്പോൾ ആരോ വന്ന് വിളിച്ചപ്പോഴാണ് ഭുവനേശ്വരൻ ക്ളാസിൽ നിന്ന് ഇറങ്ങിപ്പോയത്. ആക്രമണത്തിൽ സൈക്കിൾ ചെയിൻ കൊണ്ടടിയേറ്റ് കണ്ണുപൊട്ടിയതോടെ കണക്ക് അദ്ധ്യാപകന്റെ മുറിയിലേക്ക് കയറി. അക്രമത്തിലേർപ്പെട്ട എസ്.എഫ്.ഐക്കാരും അടികൊണ്ട കെ.എസ്.യുക്കാരും ഇവിടേക്കെത്തി. കെ.എസ്.യുക്കാരെ കണ്ട് എസ്.എഫ്.ഐക്കാർ ജനൽ തുറന്ന് ചാടി രക്ഷപ്പെട്ടു. തുടർന്ന്, വന്നവർ ഭുവനേശര്വരനെ ആക്രമിക്കുകയായിരുന്നെന്നും ജി.സുധാകരൻ പറഞ്ഞു.
കമ്മ്യൂണിസ്റ്റ് മന്ത്രിയുടെ ലാളിത്യമൊന്നും ഒരു മന്ത്രിക്കും ഇപ്പോഴില്ല. ഭരണഘടന കുന്തവും കുടച്ചക്രവുമാണെന്ന് പറഞ്ഞ സജി ചെറിയാനെ അന്നുതന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ടതായിരുന്നു. സി.പി.എം ഇനി കേരളത്തിൽ വളരില്ലെന്നും സുധാകരൻ പറഞ്ഞു.
സുജാതയ്ക്കെതിരെ വിവാദ പരാമർശം
സി.എസ്.സുജാത നായൻമാരുടെ വീട്ടിലേ കയറൂവെന്നും നായരെന്ന് അറിയിക്കാൻ തുളസിയും മുല്ലപ്പൂവും തലയിൽ ചൂടുമെന്നും ജി. സുധാകരൻ ആരോപിച്ചു. അമ്പലപ്പുഴയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി നായൻമാരെയും ധീവരരെയും തമ്മിൽ തെറ്റിക്കുകയാണെന്നും കുറ്റപ്പെടുത്തി.
പാർട്ടിയുമായി ആലോചിച്ച് നടപടി: സി.എസ്.സുജാത
തനിക്കെതിരെ ജി.സുധാകരൻ നടത്തിയ ജാതീയമായ അധിക്ഷേപത്തിൽ പാർട്ടിയുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം സി.എസ്.സുജാത പറഞ്ഞു. ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യമാണ് ജി.സുധാകരൻ പറഞ്ഞത്. അദ്ദേഹം സമനില തെറ്റി പറയുന്നതാണിതെല്ലാം. സ്ത്രീകൾക്കെതിരായ മോശപ്പെട്ട ആക്ഷേപമാണിത്. അദ്ദേഹത്തെക്കുറിച്ച് നമുക്കുണ്ടായിരുന്ന ധാരണകളെല്ലാം അദ്ദേഹം തന്നെ തിരുത്തുകയാണ്. ഞാൻ ജാതീയമായി ആളുകളെ വേർതിരിച്ചു കാണുന്നയാളല്ല. ഈ ജില്ലയിലെ ഏതുപ്രദേശത്തുള്ള വീടുകളിലേക്കും കയറിചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |