
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പദ്ധതിയിട്ട മൂന്നുപേർ അറസ്റ്റിൽ. ബീഹാറിലാണ് സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേർ പിടിയിലായത്. ഇവരുടെ നേതാവായ അമൻ തിവാരി മോദിയെ വധിക്കാമെന്നും ഇതിന് വലിയൊരു തുക പ്രതിഫലമായി നൽകണമെന്നും ആവശ്യപ്പെട്ട് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയ്ക്ക് ഒരു ഇമെയിൽ അയച്ചതാണ് അറസ്റ്റിലേയ്ക്ക് നയിച്ചത്.
ബീഹാറിലെ ബക്‌സർ ജില്ലയിൽ നിന്നാണ് അമൻ പിടിയിലായത്. പ്രതികളിൽ നിന്ന് മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങിയവ പിടിച്ചെടുത്തു. അമന്റെ ഇമെയിലിനെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം വിവരം നൽകിയതായി ബക്‌സർ എസ്‌പി ശുഭം ആര്യ പറഞ്ഞു. മോദിയെ വധിക്കാൻ 22 ദിവസത്തെ സമയപരിധിയാണ് അമൻ സിഐഎയോട് ആവശ്യപ്പെട്ടത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് രണ്ടുപേർ കൂടി പിടിയിലായത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. നേരത്തെ കൊൽക്കത്ത വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയതിന് അമൻ അറസ്റ്റിലായിട്ടുണ്ട്. അന്ന് അമൻ പ്രായപൂർത്തിയായിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |