SignIn
Kerala Kaumudi Online
Tuesday, 26 May 2026 8.41 PM IST

അഗ്നിബാധ...വെള്ളപ്പൊക്കം... ഉദയനഗറുകാർക്ക് ദുരിതം

വടക്കാഞ്ചേരി: ഓട്ടുപാറ ഉദയനഗർ നിവാസികളുടെ ദുരിതകാലത്തിന് അറുതിയില്ല. വേനലിൽ നിരന്തരം അഗ്നിബാധയും കാലവർഷത്തിൽ വെള്ളപ്പൊക്ക ഭീതിയും ഇവിടുത്തെ ജനങ്ങളെ ഏറെ പ്രയാസത്തിലാക്കുന്നു. സ്വകാര്യ വ്യക്തിയുടെ ഏക്കർ കണക്കിന് ഭൂമി കാട്ടുപൊന്തകൾ നിറഞ്ഞ് കിടക്കുന്നതാണ് പ്രശ്നങ്ങൾക്കു കാരണം. ഇന്നലെ ഈ ഭൂമിയിൽ തീപടർന്നത് ഭീതിപരത്തി. അടിക്കാടുകൾ മുഴുവൻ കത്തിയമർന്നതോടെ മണിക്കൂറുകൾ പ്രദേശമാകെ പുകപടലങ്ങളാൽ നിറഞ്ഞു. അധികൃതരെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചതും ജനജീവിതത്തെ ബാധിച്ചു. വടക്കാഞ്ചേരിയിൽ നിന്നെത്തിയ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ഉദ്യോഗസ്ഥരെത്തി നാട്ടുകാരുടെ സഹായത്തോടെ മണികൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. വലിയ വാഹനങ്ങൾ ഉദയനഗറിലേക്ക് പ്രവേശിക്കാൻ കഴിയാത്തതും വലിയ തിരിച്ചടിയാണ്. എം.എൽ.എയ്ക്കും നഗരസഭയ്ക്കുമെതിരെ ജനങ്ങൾ രംഗത്തെത്തി. നിരവധി തവണ പരാതി നൽകിയിട്ടും ചെറുവിരൽ അനക്കുന്നില്ലെന്നാണ് ആരോപണം.

വെല്ലുവിളിയെന്ന് നാട്ടുകാർ

വടക്കാഞ്ചേരി നഗരസഭയും എം.എൽ.എയും ഉദയനഗർ നിവാസികളെ വെല്ലുവിളിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. മഴക്കാലത്ത് ഇവിടെ ചെറുമഴ പെയ്താൽ പോലും വെള്ളപ്പൊക്കമാണ്. ജലം ഒഴുകിപ്പോകാൻ സംവിധാനമില്ല. പൊതുമരാമത്ത് റോഡിൽ കാനയുണ്ടെങ്കിലും ഇവിടേക്ക് വെള്ളമെത്തുന്നില്ല. സമാനമാണ് വേനൽക്കാലത്തെ അവസ്ഥ.

സ്വകാര്യ വ്യക്തി ഏക്കർ കണക്കിന് ഭൂമി തരിശിട്ടിരിക്കുന്നതിനാൽ ഇവിടെ കാട്ടുപൊന്തകൾ വളർന്ന് പന്തലിച്ച് കിടപ്പാണ്. പരാതി നൽകി തോറ്റു.

-വർഗീസ്, നാട്ടുകാരൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL