
കൊച്ചി: ആഡംബര വാഹനനിർമ്മാതാക്കളായ ബി.എം.ഡബ്ല്യുവിന് നടപ്പു വർഷത്തെ ആദ്യ ത്രൈമാസത്തിൽ മികച്ച വിൽപ്പനനേട്ടം. 4,567 കാറുകളാണ് ഇക്കാലയളവിൽ വിറ്റഴിച്ചത്. മുൻവർഷത്തേക്കാൾ 17 ശതമാനം വളർച്ച നേടി.
ആഡംബര വൈദ്യുത വാഹന വിപണിയിലും മുന്നേറ്റം കൈവരിച്ചു. ജനുവരി മുതൽ മാർച്ച് വരെ 1,185 ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിച്ചു. 83 ശതമാനം വളർച്ച. ആകെ വിൽപ്പനയിൽ 26 ശതമാനം വൈദ്യുത വാഹനങ്ങളും ഉൾപ്പെടുന്നു. ഇന്ത്യയിലെ ആഡംബര ഇ.വി വിഭാഗത്തിൽ 70 ശതമാനത്തിലധികം വിപണി വിഹിതമാണ് സ്വന്തമാക്കിയത്.
ആഗോള സാമ്പത്തികരാഷ്ട്രീയ വെല്ലുവിളികളിലും ആദ്യപാദത്തിൽ മികച്ച തുടക്കമാണ് ലഭിച്ചതെന്ന് കമ്പനി പ്രസിഡന്റും സി.ഇ.ഒയുമായ ഹർദീപ് സിംഗ് ബ്രാർ പറഞ്ഞു. രാജ്യത്ത് ആറായിരത്തിലധികം ചാർജിംഗ് പോയിന്റുകൾ ഉൾപ്പെടുന്ന ഇ.വി ശൃംഖലയും ഡെസ്റ്റിനേഷൻ ചാർജിംഗ്, സ്മാർട്ട് ഇ റൂട്ടിംഗ്, ചാർജിംഗ് കോൺസിയർജ് തുടങ്ങിയ സേവനങ്ങളും ആരംഭിച്ചു.
ലോംഗ് വീൽബേസ് മോഡൽ2,256 യൂണിറ്റുകൾ ആദ്യപാദത്തിൽ വിറ്റഴിച്ചു. എസ്.എ.വി 2956 വാഹനങ്ങളാണ് വിറ്റഴിച്ചത്. മിനി ബ്രാൻഡിലും വില്പന ഉയർന്നു. 213 മിനി യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഹാച്ച്, കൺവെർടബിൾ, കൺട്രിമാൻ വിഭാഗങ്ങളും മികച്ച പ്രതികരണം രേഖപ്പെടുത്തി.
1,216 ബൈക്കുകൾ വിറ്റഴിച്ചു. 27 പുതിയ മോഡലുകൾ അവതരിപ്പിക്കും. മൂന്നുമാസത്തിനകം എട്ട് പുതിയ മോഡലുകൾ വിപണിയിലെത്തും. 40 നഗരങ്ങളിലായി 97 ടച്ച്‌പോയിന്റുകളുള്ള കമ്പനി, ഈവർഷം 18 നഗരങ്ങളിൽ 19 പുതിയ വില്പനശാലകൾ തുറക്കുമെന്ന് കമ്പനി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |