SignIn
Kerala Kaumudi Online
Thursday, 10 September 2026 12.23 AM IST

സൂക്ഷിച്ചോളൂ, ഇനി അത്തരത്തിലുള്ള കള്ളക്കളികളൊന്നും നടക്കില്ല: ചെക്ക് പോസ്റ്റുകളിൽ പുത്തൻ സംവിധാനവുമായി മോട്ടോർ വകുപ്പ്

check-post

തിരുവനന്തപുരം: ചെക്ക് പോസ്റ്റുകളിൽ വാഹന പരിശോധനയ്ക്ക് മോട്ടോർ വാഹന വകുപ്പിന്റെ പുതിയ പദ്ധതി. കമ്പ്യൂട്ടർവത്കൃത പരിശോധന സാദ്ധ്യമാക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഏർപ്പെടുത്തും. രേഖകൾ പരിശോധിച്ച് വാഹനങ്ങൾ കടത്തിവിടുന്നതാണ് നിലവിലെ രീതി. വാളയാർ ഉൾപ്പെടെ പ്രധാന ചെക്ക് പോസ്റ്റുകളിൽ വേ ബ്രി‌ഡ്ജുകൾ തകരാറിലായതിനാൽ വാഹനങ്ങളുടെ ഭാര പരിശോധന ഇപ്പോൾ ഊഹക്കണക്കിലാണ്.

ചെക്ക് പോസ്റ്റുകളിൽ വാഹന പരിശോധനയ്ക്ക് സ്കാനർ സ്ഥാപിക്കുമെന്ന് മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കോടികളുടെ ചെലവും ഒരു വാഹനം സ്കാൻ ചെയ്യാൻ കുറഞ്ഞത് പതിനഞ്ച് മിനിട്ട് സമയമെടുക്കുമെന്നതിനാലും തീരുമാനം ഉപേക്ഷിച്ചിരുന്നു. വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതനുസരിച്ച് ജീവനക്കാരെ അധികമായി നിയമിക്കുന്നത് സാമ്പത്തിക ബാദ്ധ്യതയ്ക്ക് ഇടവരുത്തും. ഇതെല്ലാം കണക്കിലെടുത്താണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം

ചെക്ക് പോസ്റ്റിൽ വാഹനം ഓടി വരുംവഴി തന്നെ ഭാരം നിർണയിക്കാൻ കഴിയുന്ന ഓൺ ദ വേ വേബ്രിഡ്ജും നമ്പർ തിരിച്ചറിയാൻ അത്യാധുനിക കാമറയും വാഹനത്തിന്റെ വിവരങ്ങൾ ലഭ്യമാകുന്ന ഫാസ് ടാഗ് എന്ന സോഫ്റ്റ് വെയറും സംയോജിപ്പിച്ചതാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം. ജീവനക്കാർക്ക് കമ്പ്യൂട്ടർ സഹായത്തോടെ ഇവ ഉപയോഗിച്ച് വാഹനങ്ങൾ പരിശോധിക്കാനാവും. മതിയായ രേഖകളില്ലെങ്കിലോ നിയമ ലംഘനമുണ്ടായാലോ വാഹനം പിടികൂടും. ചെക്ക് പോസ്റ്റ് പിന്നിട്ടാൽ മൊബൈൽ സ്ക്വാഡും പരിശോധിക്കും. ചെക്ക് പോസ്റ്റുകളിൽ വാഹനം തട‌ഞ്ഞുനിറുത്തി പരിശോധിക്കുന്നതിലൂടെയുള്ള സമയ നഷ്ടവും ഇതിലൂടെ ഒഴിവാക്കാം. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകളുടെ രേഖകളും പെർമിറ്റുമൊക്കെ ഇതുവഴി പരിശോധിക്കാനാവും. നികുതിവെട്ടിച്ചുള്ള ചരക്ക് കടത്തും തടയാം. ജി.എസ്.ടി നടപ്പിലായതോടെ ചെക്ക് പോസ്റ്റുകളിൽ ഒഴിഞ്ഞു കിടക്കുന്ന വിൽപ്പന നകുതി ഓഫീസുകൾ ഈ പദ്ധതിക്കായി പ്രയോജനപ്പെടുത്താനും നീക്കമുണ്ട്.

''അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകളിലേതുൾപ്പെടെ ഗതാഗത നിയമ ലംഘനങ്ങളും ചരക്ക് കടത്തും മറ്റ് കുറ്റകൃത്യങ്ങളും പിടികൂടാൻ കഴിയുന്ന സംവിധാനമാണിത്. അതിർത്തി കടന്നെത്തുന്ന വാഹനങ്ങൾ കമ്പ്യൂട്ട‌ർ ബന്ധിത സംവിധാനത്തിലൂടെ പരിശോധിക്കപ്പെടുന്നതിനാൽ നിയമലംഘനങ്ങൾ പെട്ടെന്ന് കണ്ടെത്താനാവും'-രാജീവ് പുത്തലത്ത്, ജോയിന്റ് ട്രാൻസ്‌‌പോർട്ട് കമ്മിഷണർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHECKNG, MOTOR VEHICLE, MOTOR VECHILE DEPARTMENT, CHECK POST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA