
തിരുവനന്തപുരം/കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിച്ചുകൊണ്ടുള്ള ഇ.ഡി റിപ്പോർട്ട് തള്ളിക്കളയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കെ വിഷയം കടുത്തേക്കും. ഇ.ഡി നിർദ്ദേശം നിയമപരമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നും വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്വയം ന്യായീകരിക്കാൻ മാത്രമാണ് സി.പി.എം ശ്രമിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
ഇ.ഡി നൽകിയ റിപ്പോർട്ടാണെന്ന ഒറ്റക്കാരണം കൊണ്ട് മാസപ്പടി കേസിലെ വിവരങ്ങൾ തള്ളിക്കളയില്ല. കൃത്യമായ നിയമപരിശോധന നടത്തും. കേന്ദ്ര ഏജൻസി തെളിവുകൾ സഹിതമാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ സെക്ഷൻ 66 (2) പ്രകാരം നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് കത്തുനൽകിയത്. ഇ.ഡി കൈമാറിയ തെളിവുകൾ അടക്കമുള്ള കത്ത് നിയമപരിശോധനയ്ക്കായി കൈമാറിയിട്ടുണ്ട്. കൂടുതൽ ഗുരുതരമായ കാര്യങ്ങളും അതിൽ ഉൾപ്പെട്ടിട്ടുണ്ട്. നിയമപരമായ പരിശോധന നടക്കുന്നതിനാൽ പുറത്തുപറയുന്നത് ശരിയല്ല. രാഷ്ട്രീയ പാർട്ടികൾ വ്യക്തികളിൽനിന്നും കമ്പനികളിൽനിന്നും സംഭാവന വാങ്ങാറുണ്ട്. ഈ കേസ് അങ്ങനെയല്ല. അതിനപ്പുറമുള്ള കേസുകൾ ഇ.ഡി നൽകിയ കത്തിലുണ്ടെന്നും വി.ഡി പറഞ്ഞു.
രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഇ.ഡി കേസുകൾ നേരിട്ടപ്പോൾ ഉദ്യോഗസ്ഥരുടെ വാഹനം തല്ലിത്തകർക്കുകയല്ല ചെയ്തത്. ഡൽഹിയിൽ കോൺഗ്രസ് പ്രവർത്തകരെ ഇ.ഡിയുടെ പരിശോധന തടയാനായി ചുമതലപ്പെടുത്തിയില്ല. 55 മണിക്കൂർ ചോദ്യം ചെയ്യലിനായി അവർ സഹകരിച്ചു. കേന്ദ്ര ഏജൻസികൾ അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാന ഏജൻസികൾക്ക് തെളിവുകളും വിവരങ്ങളും കൈമാറുന്നതു പതിവാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ സി.എം.ആർ.എൽ കമ്പനിയിലെ ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യാനും ഇ.ഡി നടപടി തുടങ്ങി. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെയും നോട്ടീസ് നൽകി ഇ.ഡി വിളിപ്പിക്കും.
ഇ.ഡി രേഖ കൃത്യം, വിജലൻസ് ഇടപെടും
സി.എം.ആർ.എല്ലുമായി പിണറായിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനി നടത്തിയ പണമിടപാടിന്റെ രേഖകളും സേവനം നൽകാതെയാണ് പണം വാങ്ങിയത് എന്നതിന്റെ രേഖകളും ഇ.ഡി പൊലീസ് മേധാവിക്ക് നൽകിയിട്ടുണ്ട്. ബാങ്ക് ഇടപാടുകളുടെ രേഖകളും ഇതിലുണ്ട്. അതിനാൽ, സി.എം.ആർ.എല്ലിൽ നിന്ന് 3.28കോടി കൈക്കൂലി വാങ്ങിയെന്ന് ചൂണ്ടിക്കാട്ടി പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണം വന്നേക്കും. ഇ.ഡിയുടെ 25പേജുള്ള റിപ്പോർട്ടിന്മേൽ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ട്. ഇത് വിജിലൻസിന് കൈമാറുമെന്നാണ് സൂചന. എന്നാൽ, ഇ.ഡിയുടെ റിപ്പോർട്ട് മാത്രം അടിസ്ഥാനമാക്കിയുള്ള കേസും അന്വേഷണവും ശരിയല്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്.
ഇ.ഡിയുടെ നിലപാട് ലജ്ജാകരം. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ഇ.ഡി വേട്ടയാടൽ തുടങ്ങിയിട്ട് ഏറെക്കാലമായി. ഞാൻ ജീവിച്ചത് എങ്ങനെയാണെന്ന് ജനങ്ങൾക്കറിയാം.
-പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |