
കൊച്ചി: മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷ്യൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്ത് (52) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പനമ്പിള്ളി നഗറിലെ വീട്ടിൽ ഇന്നലെ രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ജിജോയെ ഒരു കൈകൊണ്ട് താങ്ങി മറുകൈകൊണ്ട് കാർ ഓടിച്ചാണ് ഭാര്യ രമ്യ ആശുപത്രിയിലെത്തിച്ചത്. 10.48ന് മരണം സംഭവിച്ചു. മൃതദേഹം ഇന്ന് രാവിലെ 10.45 മുതൽ 11.45വരെ മനോരമ കൊച്ചി ഓഫീസിലും 12.45 മുതൽ പറവൂർ ഗോതുരുത്ത് കടൽവാൽതുരുത്തിലെ പുത്തേഴത്ത് വീട്ടിലും പൊതുദർശനത്തിന് വയ്‌ക്കും.
വൈകിട്ട് 3.30ന് വസതിയിലെയും തുടർന്ന് കടൽവാൽതുരുത്ത് ഹോളിക്രോസ് പള്ളിയിലെയും ശുശ്രൂഷകൾക്ക് ശേഷം ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും. ഭാര്യ: രമ്യ ജോസഫ് (ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ, അർബൻ റിസോഴ്സ് സെന്റർ, മട്ടാഞ്ചേരി). മക്കൾ: അനന്യ ജിജോ, ജൊഹാൻ ജോസഫ് ജോൺ (വിദ്യാർത്ഥികൾ ). 2015ലെ രാംനാഥ് ഗോയങ്ക പുരസ്കാരം നേടിയിട്ടുണ്ട്. കേരള പ്രസ് അക്കാഡമിയിൽ നിന്ന് പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ളോമ നേടി 1997 ലാണ് മനോരമയിൽ ചേർന്നത്. നിര്യാണത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി, ഹൈബി ഈഡൻ എം.പി, മലങ്കര സഭാദ്ധ്യക്ഷൻ ബസേലിയോസ് മാർതോമ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ തുടങ്ങിയവർ അനുശോചിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |