SignIn
Kerala Kaumudi Online
Thursday, 11 June 2026 9.26 PM IST

ദേവനന്ദയുടെ മരണം: ഈ പത്ത് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിയാൽ സംശയങ്ങൾ എല്ലാം അകലുമെന്ന് മുൻ എസ്.പി

devananda

കൊല്ലം: നെടുമൺകാവ് ഇളവൂരിൽ ഇത്തിക്കരയാറിന്റെ കൈവഴിയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദയുടെ (പൊന്നു ​- 7)​ മരണത്തിൽ ഏറെ ദുരൂഹതകളുണ്ടെന്ന് മുൻ എസ്.പിയും അന്വേഷണ വിദഗ്ദ്ധനുമായിരുന്ന ജോർജ് ജോസഫ് കേരളകൗമുദിയോട് പറഞ്ഞു. ഏറെ ദുരൂഹതകൾ നിറഞ്ഞതാണ് സാഹചര്യങ്ങൾ. പൊലീസ് ഇനിയും ഒരുപാട് വശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

10 സംശയങ്ങൾ

1. പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കിയപ്പോൾ കുട്ടിയുടെ കാലിൽ മണ്ണുണ്ടായിരുന്നോയെന്ന് പരിശോധിക്കേണ്ടിയിരുന്നു. ചെരുപ്പിടാതെയാണ് കുട്ടി പോയതെങ്കിൽ കാലിൽ മണ്ണുണ്ടാകും. എത്ര മണിക്കൂർ വെള്ളത്തിൽ കിടന്നാലും ചെറിയ തോതിലെങ്കിലും മണ്ണ് കാലിന്റെ അടിഭാഗത്തുണ്ടാവും. മണ്ണ് കിട്ടിയിരുന്നെങ്കിൽ ഏതുവഴി എവിടെയൊക്കെ പോയെന്ന് വ്യക്തമായി കണ്ടെത്താമായിരുന്നു.


2. ആരെങ്കിലും കുഞ്ഞിനെ എടുത്തുകൊണ്ടുപോയെങ്കിൽ കാലിൽ മണ്ണുണ്ടാവില്ല. എത്ര ജോടി ചെരുപ്പ് കുട്ടിക്കുണ്ടെന്ന് നോക്കണം. ഇന്നത്തെ കുട്ടികൾ പൊതുവേ ചെരുപ്പിടാതെ പുറത്തിറങ്ങാറില്ല. ചെരുപ്പുകൾ വല്ലതും നഷ്ടമായിട്ടുണ്ടോയെന്ന് നോക്കണം. ഇത്തരം കാര്യങ്ങൾ സൂക്ഷ്‌മമായി പരിശോധിച്ചാൽ പലതും തെളിയിക്കാനാവും.

3. കുട്ടി മരിച്ചുകിടന്ന ഇത്തിരക്കരയാറിന് സമീപത്തെ പ്രദേശം വിജനമാണ്. ഈ സ്ഥലത്തുകൂടി സാധാരണ കുട്ടികൾ പോകാൻ മടിക്കും. അബദ്ധത്തിൽ കുട്ടി കാൽവഴുതി വീണുവെന്നാണ് പൊലീസ് കരുതുന്നതെങ്കിൽ കുട്ടിയുടെ ശരീരത്തിൽ കുറ്റിച്ചെടികളും മറ്റും ഉരസിയ പാടുകൾ ഉണ്ടാവും. പ്രത്യേകിച്ച് കുട്ടിയുടെ ശരീരത്തിൽ ചുവന്നതോ നീലിച്ചതോ ആയ പാടുകൾ പ്രത്യക്ഷപ്പെടുമായിരുന്നു. ഇത്തരം പാടുകൾ ഇല്ലാത്തത് ദുരൂഹത ഉണർത്തുന്നു.


4. കുട്ടി മരിച്ചുകിടന്ന സ്ഥലത്തിനടുത്തുനിന്ന് കണ്ടെത്തിയ ഷാൾ കേസിൽ ഏറെ നിർണായകമാണ്. അമ്മയുടെ ഷാൾ സാധാരണ കുട്ടികളെടുത്ത് സാരി പോലെ ചുറ്റി കളിക്കാറുണ്ട്. പക്ഷേ പുറത്തിറങ്ങി നടക്കുന്ന കുട്ടി അങ്ങനെ ചെയ്യാനുള്ള സാദ്ധ്യത കുറവാണ്. ഇനി കുട്ടിയുടെ ശരീരത്തിൽ ഷാൾ ചുറ്റിയിരുന്നെങ്കിലും അത് കാണാനുള്ള സാദ്ധ്യത കുറവാണ്. വെള്ളത്തിൽ തനിയെ വീണെങ്കിൽ ഷാൾ ഒഴുകി മാറിയേനെ. കുട്ടി മരിച്ചുകിടന്നതിനടുത്ത് നിന്നുതന്നെ ഷാൾ കിട്ടിയത് ഏറെ ദുരൂഹത സൃഷ്ടിക്കുന്നു. ഷാളും മൃതദേഹത്തിനൊപ്പം ഒഴുകിയെത്താനുള്ള സാദ്ധ്യത ഒരിക്കലുമുണ്ടാവില്ല.


5. മുങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തള്ളിയിട്ടാലും എടുത്തിട്ടാലും ഷാളുകൊണ്ട് വലിച്ച് തള്ളിയാലും ആറ്റിൽ വീണ് മരിക്കും. അത് മുങ്ങി മരണമാവും. എങ്ങനെയാണ് ആറ്റിൽ വീണതെന്നാണ് കണ്ടെത്തേണ്ടത്. സ്വാഭാവികമായ വീഴ്ചയെങ്കിൽ പാടുകൾ ശരീരത്തിൽ ഉണ്ടാവും. പാടുകൾ യാതൊന്നും കണ്ടെത്താൻ കഴിയാത്ത സ്ഥിതിക്ക് ഒരാൾ കുട്ടിയെ എടുത്ത് എറിയാനുള്ള സാദ്ധ്യത തീർച്ചയായും പരിശോധിക്കപ്പെടേണ്ടതാണ്.

6. കുട്ടി വീണ സ്ഥലത്തുനിന്ന് ഒഴുകി മറുകരയിൽ എത്തിയതായാണ് നിഗമനം. ഇത് ശരിയാണെങ്കിൽ ആറ്റിലെ ഒഴുക്കിന്റെ ശക്തി പരിശോധിക്കേണ്ടതുണ്ട്. വേനൽക്കാലമായതിനാൽ ഒഴുക്കിന്റെ ശക്തി കുറയാനിടയുണ്ട്. അത് കൃത്യമായും പരിശോധിക്കപ്പെടേണ്ടതാണ്.

7. കുട്ടി വീണ് ഒഴുകിപ്പോയതാണോയെന്ന് പരിശോധിക്കാൻ പൊലീസ് ഡമ്മി പരിശോധന നടത്തണം. ഇതിലൂടെ കുറെ കാര്യങ്ങൾ ചുരുളഴിയും. കുട്ടി കിടന്ന സ്ഥലവും പരിസരവും സൂക്ഷ്‌മമായി വിലയിരുത്തണം.

8. കുട്ടി രാവിലെ കഴിച്ച ഭക്ഷണവും വയറ്റിലുണ്ടായിരുന്ന ഭക്ഷണവും പരിശോധിക്കണം. രാവിലെ കൊടുത്ത ഭക്ഷണം തന്നെയാണോ കുഞ്ഞിന്റെ വയറ്റിലുള്ളതെന്ന് നോക്കിയാൽ വേറെ ഭക്ഷണം ആരെങ്കിലു കൊടുത്തിട്ടുണ്ടോയെന്ന് അറിയാം. മലത്തിന്റെ അളവ് ഡോക്ടർമാർ പരിശോധിച്ചിട്ടുണ്ടെങ്കിൽ അതും നിർണായക തെളിവാകും.

9. മുൻപും കുട്ടിയെ കാണാതായിട്ടുണ്ടെന്നുള്ള ചില വിവരങ്ങളും അന്നുണ്ടായ കാര്യങ്ങളും സൂക്ഷ്‌മമായി വിശകലനം ചെയ്യണം. അന്ന് കുട്ടിയെ കണ്ടെത്തിയ അവസ്ഥയും സാഹചര്യങ്ങളും കൂടി നോക്കണം.


10. അമ്മ വസ്ത്രം അലക്കാൻ പോകുമ്പോൾ ദേവനന്ദ ജനലിലൂടെ അയൽപക്കത്തെ കുട്ടിയോട് സംസാരിച്ചതായി ഒരു മൊഴി പുറത്തുവന്നിട്ടുണ്ട്. അങ്ങനെയെങ്കിൽ കുട്ടിയെ കാണാതായത് ഒരു മണിക്കൂർ മുൻപ് എന്ന നിഗമനം തെറ്റാകും. സംസാരിച്ചെങ്കിൽ അതിനെടുത്ത സമയവും മരിച്ച സമയവും നിർണായകമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA