SignIn
Kerala Kaumudi Online
Friday, 12 June 2026 7.35 AM IST

അശ്വതിയിലെ ആഹ്ളാദങ്ങൾ.... അഭിനയ ജീവിതത്തിലെ വഴിത്തിരിവിൽ ജയറാമും മകൻ കാളിദാസും

jayaram

ഒ.ടി.ടി റിലീസായ പാവൈ കഥകളിലെ ട്രാൻസ്‌ജെൻഡർ സത്താറിന്റെ വേഷപ്പകർച്ചയ്ക്ക് കണ്ണനെന്ന കാളിദാസിന് കിട്ടുന്ന കൈയടികൾ.. തെലുങ്കിൽ പ്രഭാസിനൊപ്പവും ജൂനിയർ എൻ. ടി. ആറിനൊപ്പവും തമിഴിൽ മണിരത്നത്തിന്റെ പൊന്നിയിൽ ശെൽവനിലുമഭിനയിക്കുന്ന ജയറാമിന്റെ സംസ്കൃത ചിത്രമായ നമോ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുത്തതിന്റെ അഭിമാനം. ചെന്നൈ വലശരവക്കത്തെ ജയറാമിന്റെ വീടായ അശ്വതിയിൽ ഇപ്പോൾ ആഹ്ളാദങ്ങളുടെ മേളമാണ്.

ജയറാം പറഞ്ഞു: 'ഞാനും കണ്ണനും കൂടി അശ്വതിയെ ശരിക്കൊന്ന് പറ്റിച്ചുട്ടോ.. ആദ്യം അത് പറയാം." ജയറാം പറഞ്ഞുതുടങ്ങിയപ്പോൾ പാർവതി സസ്പെൻസ് പൊട്ടിച്ചു.

''അടുക്കളത്തോട്ടത്തിന്റെ കാര്യമായിരിക്കും."

'വീടിന്റെ ടെറസിൽ ഞാൻ പണ്ടും കൃഷി ചെയ്തിട്ടുണ്ട്. നല്ല വിളവെടുപ്പുമുണ്ടായിട്ടുണ്ട്. പക്ഷേ ടെറസ് അത്രയും മണ്ണിന്റെ ഭാരം താങ്ങില്ല. ചോർച്ചയുണ്ടാവാനും സാദ്ധ്യതയുണ്ട്."

അങ്ങനെയാണ് വീടിന് മുന്നിലെ പൂന്തോട്ടം അടുക്കള തോട്ടമാക്കി മാറ്റിയാലോയെന്ന ആലോചന ജയറാമിന്റെ മനസിലുയർന്നത്.

പുൽത്തകിടിയും പൂച്ചെടികളുമൊക്കയായി വീടിന് മുന്നിലെ പൂന്തോട്ടം പരിപാലിച്ചിരുന്നത് പാർവതിയാണ്. എന്നും പൂക്കളെ കണ്ട് ബോറടിക്കുന്നു. ഇനി നമുക്കിതൊക്കെ പറിച്ച് കളഞ്ഞ് പച്ചക്കറി കൃഷിയാക്കിയാലോ?" ഒരിക്കൽ ജയറാം പാർവതിയോട് ചോദിച്ചു.

''അയ്യോ... എന്റെ ഗാർഡൻ നശിപ്പിക്കല്ലേ..." ജയറാമിന് പാർവതി പിടികൊടുത്തില്ല.

'നീ പതുക്കെ തുടങ്ങിക്കോ... നമുക്ക് ഒരുവശത്തൂന്ന് അതിക്രമിച്ച് അതിക്രമിച്ച് കയറാം." ജയറാമാണ് ആ ഉപായം കാളിദാസനോട് പറഞ്ഞത്.

പൂന്തോട്ടത്തിന്റെ ഒരുവശത്ത് കണ്ണൻ ആദ്യമൊരു വെണ്ട നട്ടു. പിന്നേ പതിയെ തക്കാളി, മുളക്, പടവലം, പാവൽ, മത്തൻ... അങ്ങനെ വന്നുവന്ന് ജയറാമും കണ്ണനും കൂടി പൂന്തോട്ടം പതിയെ പതിയെ അടുക്കള തോട്ടമായി മാറ്റിയെടുത്തു.

'പുല്ലും പൂവും എല്ലാം പോയി. ഇപ്പോ ദേ കണ്ടില്ലേ നല്ലൊന്നാന്തരം അടുക്കള തോട്ടമായത്."

കണ്ണനെ ചേർത്ത് പിടിച്ച് ജയറാം പറഞ്ഞപ്പോൾ പാർവതി ചിരിയോടെ തലയാട്ടി.

'മാളവികയ്ക്കൊപ്പം പരസ്യചിത്രത്തിൽ അഭിനയിച്ചപ്പോൾ എല്ലാവരും ചോദിക്കുന്നതാണ് മോളെന്നാണ് സിനിമയിൽ അഭിനയിക്കുന്നതെന്ന്?" ജയറാമിനോട് ചോദിച്ചു. ഒരു പൊട്ടിച്ചിരിയായിരുന്നു ജയറാമിന്റെ മറുപടി.

'സത്യൻ അന്തിക്കാടിന്റെ മകൻ അനൂപാണ് ചക്കിയെ ആദ്യം സിനിമയിലേക്ക് വിളിച്ചത്. വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ. ആ വേഷമാണ് കല്യാണി ചെയ്തത്. ജയറാം പറഞ്ഞു.

''എനിക്കൊരു സിനിമ ചെയ്യാനുള്ള പക്വതയായിട്ടില്ല." അനൂപിന്റെ ഓഫർ വേണ്ടെന്ന് വച്ചതിനെപ്പറ്റി മാളവിക പറഞ്ഞു.

'ഞാനിപ്പോൾ മോഡലിംഗ് ചെയ്യുന്നുണ്ട്. പക്വതയായെന്ന് എനിക്ക് ബോദ്ധ്യം വരുമ്പോൾ നല്ല ഓഫറുകൾ വന്നാൽ ചെയ്യും." മാളവി​ക പറഞ്ഞു.

സംസ്കൃത ഭാഷയി​ലൊരുങ്ങുന്ന നമോ എന്ന ചി​ത്രം ഇന്ത്യൻ പനോരമയി​ലേക്ക് തി​രഞ്ഞെടുത്തതി​ന്റെ ത്രി​ല്ലി​ലാണ് ജയറാം. കുചേലന്റെ വേഷമാണ് നമോയി​ൽ ജയറാമി​ന്. സംസ്കൃത സി​നി​മയുടെ വി​ശേഷങ്ങൾ ജയറാം പറഞ്ഞുതുടങ്ങി​. 'വിജീഷ് മണി എന്ന സംവിധായകൻ നമോയുടെ സ്‌ക്രിപ്ടുമായി ഒന്നൊര വർഷം മുൻപാണ് എന്നെ സമീപിക്കുന്നത്. ആദ്യം പറഞ്ഞപ്പോൾത്തന്നെ ആ ആശയം എന്നെ ആകർഷിച്ചു. കൃഷ്ണനും കുചേലനും തമ്മിലുള്ള തീവ്രമായ ഒരു സുഹൃത് ബന്ധത്തിന്റെ കഥയാണ് നമോ.

ഈ കാലഘട്ടത്തിലും പാഠമാക്കാവുന്നതാണ് കൃഷ്ണന്റെയും കുചേലന്റെയും സൗഹൃദം. അത് മനോഹരമായി തിരക്കഥയാക്കിയിരിക്കുന്നു. മുത്തച്ഛൻ പേരക്കുട്ടിയോട് കഥ പറഞ്ഞുകൊടുക്കുന്ന ശൈലിയിലാണ് ആ സൗഹൃദം നമോയിൽ ആവിഷ്കരിച്ചിരിക്കുന്നത്. അതാണ് എന്നെ ആദ്യമാകർഷിച്ചത്.

നമോ ശരിക്കും ഒരു ദേശീയോദ്‌ഗ്രഥന ചിത്രമാണ്. കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള പല സംസ്ഥാനക്കാരും നമോയിൽ പ്രവർത്തിക്കുന്നുണ്ട്. സാങ്കേതിക പ്രവർത്തകർ പല സംസ്ഥാനത്ത് നിന്നുള്ളവരാണെന്നത് രണ്ടാമത്തെ ആകർഷണമായി തോന്നി.

ഗുരുകുല വിദ്യാഭ്യാസ കാലത്ത് ഒരുമിച്ചായിരുന്നു കൃഷ്ണനും കുചേലനും. അവിടെനിന്ന് പിരിഞ്ഞ് പോകുന്ന സമയത്ത് ആറ്റിൻകരയിലെ മണ്ണ് എടുത്ത് കൈപ്പിടിയിലൊതുക്കി കുചേലൻ നെഞ്ചോട് ചേർത്ത് വച്ചപ്പോൾ അതൊരു കൃഷ്ണരൂപം പോലെയായി. ആ കൃഷ്ണരൂപം കുചേലൻ വീട്ടിൽ കൊണ്ടുപോയി സൂക്ഷിച്ചു. ആ കൃഷ്ണരൂപത്തെ എന്നും സ്തുതിച്ച് പാടിക്കൊണ്ട് ഭിക്ഷയാചിച്ച് നടക്കുകയാണ് കുചേലൻ. കൃഷ്ണനെ സ്തുതിച്ച് പാടുന്നവർക്കൊന്നും കൊടുക്കേണ്ടെന്ന കല്പന അന്ന് നിലവിലുണ്ട്. കുടുംബം നിത്യപട്ടിണിയിലായിട്ടും കുചേലൻ എന്നും കൃഷ്ണനെ സ്തുതിച്ച് പാടിനടന്നു. കുട്ടികൾ ഒരുപാടുമുണ്ട്. പ്രാരാബ്ധങ്ങളും. പണ്ട് ബ്രാഹ്മണരുടെ വീട്ടിൽ മരണം നടന്ന് കഴിഞ്ഞാൽ പ്രേതമാവാഹിച്ച് ഒരു ബ്രാഹ്മണനെ വിളിച്ച് ആഹാരവും എള്ളും അരിയും കൊടുക്കുന്ന പതിവുണ്ടായിരുന്നു. വീട്ടിലെ ദാരിദ്ര്യം കാരണം കുചേലൻ പോകുമായിരുന്നു.

ദാരിദ്ര്യം ക്ഷീണിപ്പിച്ച ശരീരമാണ് കുചേലന്റേത്. കുചേലനാകാൻ ശരീരഭാരം നന്നേ കുറയ്ക്കണം. അതിനായി ഞാൻ സംവിധായകനോട് കുറച്ച് സമയം ചോദിച്ചു. 'പട്ടാഭിരാമൻ" സിനിമ കഴിഞ്ഞ ശേഷം ഞാനൊരു അറുപത് എഴുപത് ദിവസം ഡയറ്റ് നോക്കി. ഇരുപത് കിലോ ശരീരഭാരം കുറച്ചു. വാരിയെല്ലുകൾ പൂർണമായും കാണുന്നത്ര മെലിഞ്ഞു. തല മുണ്ഡനം ചെയ്തു. കുടുമ വച്ചു. മൈസൂരിലും ബംഗളൂരുവിലുമായിരുന്നു നമോയുടെ പ്രധാന ലൊക്കേഷൻ. ഞാനൊരു ബ്രാഹ്മണനാണ്. പതിനൊന്നാം വയസിൽ പൂണൂലിട്ടതാണ്. അന്ന് തൊട്ട് ഗായത്രിയും വിശേഷ ദിവസങ്ങൾക്കെല്ലാം സംസ്കൃത മന്ത്രങ്ങളും ജപിക്കുന്നതാണ്. അതുകൊണ്ടുതന്നെ നമോയിൽ സംസ്കൃത ഭാഷ പറഞ്ഞഭിനയിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല."

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: JAYARAM, KALIDAS JAYARAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA