SignIn
Kerala Kaumudi Online
Tuesday, 26 May 2026 2.43 PM IST

വെള്ളിനേഴി കലാഗ്രാമം മാർച്ച് അഞ്ചിന് നാടിന് സമർപ്പിക്കും

പാലക്കാട്: കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ കളരിയും നിരവധി കലാകാരന്മാരുടെ ജന്മഗ്രാമവുമായ വെള്ളിനേഴിക്ക് അഭിമാനമായി ഇനി സാംസ്‌കാരിക സമുച്ചയം ശിരസുയർത്തും. സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി മാർച്ച് അഞ്ചിന് സാംസ്‌കാരിക സമുച്ചയം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാടിന് സമർപ്പിക്കും.
ടൂറിസം വകുപ്പ് രണ്ടുകോടി ചെലവിലാണ് സമുച്ചയം നിർമ്മിച്ചിരിക്കുന്നത്. 6870 ചതുരശ്ര അടി വിസ്തൃതിയിൽ രണ്ടു നിലകളിലായാണ് നിർമ്മാണം. താഴത്തെ നിലയിൽ പൂമുഖം, മ്യൂസിയം, ലോബി, ലൈബ്രറി, പരിശീലന ഹാൾ, പഠന കളരി, ശുചിമുറി എന്നിവയ്ക്ക് പുറമേ അന്തരിച്ച കലാകാരന്മാരുടെ സ്മാരകങ്ങളോടു കൂടിയ ഉദ്യാനവും പ്രവേശനകവാടവും ഉണ്ട്. ചുറ്റുമതിൽ, ഉദ്യാനം, ആംഫി തീയറ്റർ, ഇരിപ്പിടങ്ങൾ എന്നിവകൂടി ഒരുക്കാൻ പദ്ധതിയുണ്ട്. വെള്ളിനേഴി ഹൈസ്‌കൂൾ ഗ്രൗണ്ടിന് പടിഞ്ഞാറ് ഭാഗത്തായി വിദ്യാഭ്യാസ വകുപ്പ്, ടൂറിസം വകുപ്പിന് ഉപയോഗാനുമതി നൽകിയ 73 സെന്റിലാണ് സമുച്ചയത്തിന്റെ നിർമ്മാണം. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പിനാണ് നിർമ്മാണ ചുമതല.
പത്മഭൂഷൺ കലാമണ്ഡലം രാമൻകുട്ടി നായർ, പത്മശ്രീ വാഴേങ്കട കുഞ്ചുനായർ, കീഴ്പ്പടം കുമാരൻ നായർ, കഥകളിക്ക് ആദ്യമായി കേന്ദ്ര സംഗീതനാടക അക്കാഡമി പുരസ്‌കാരം നേടിയ വെള്ളിനേഴി നാണു നായർ എന്നീ കഥകളി ആചാര്യന്മാർ വെള്ളിനേഴിയിൽ നിന്നുള്ളവരാണ്. നാടിന്റെ സാംസ്‌കാരിക പാരമ്പര്യവും കലകളും സംരക്ഷിക്കാനും വളർത്താനുമുള്ള മികച്ച കലാകേന്ദ്രമായി പ്രവർത്തിക്കാൻ കഴിയുന്ന വിധമാണ് കലാഗ്രാമം ഒരുക്കുന്നതെന്ന് ടൂറിസം വകുപ്പ് അധികൃതർ അറിയിച്ചു.

ഫോട്ടോ (1): ഉദ്ഘാടനത്തിനൊരുങ്ങിയ വെള്ളിനേഴി കലാഗ്രാമം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL