SignIn
Kerala Kaumudi Online
Sunday, 20 September 2026 6.10 AM IST

വാദം, പ്രതിവാദം; പിണറായി വിജയൻ v\s വി.ഡി.സതീശൻ

vd-satheesan

തിരുവനന്തപുരം: ഇന്നലെ നിയമസഭയിൽ അടിയന്തര പ്രമേയ വേളയിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുണ്ടായത് രൂക്ഷമായ വാദപ്രതിവാദം. മന്ത്രി വി.ശിവൻകുട്ടി രാജിവയ്‌ക്കേണ്ടതില്ലെന്ന തന്റെ വാദത്തെ ന്യായീകരിക്കാൻ മുഖ്യമന്ത്രി പറഞ്ഞ ഓരോ കാര്യങ്ങൾക്കും പ്രതിപക്ഷ നേതാവ് ബദൽവാദമുയർത്തി.


 സഭയിലെ പ്രശ്‌നങ്ങൾ സഭയിൽ തീരണം: മുഖ്യമന്ത്രി

സുപ്രീംകോടതി വിധി അംഗീകരിക്കാൻ സർക്കാർ ബാദ്ധ്യസ്ഥമാണ്. നിയമസഭ കൈയാങ്കളി കേസ് പിൻവലിക്കാൻ സർക്കാരിന് അവകാശമുണ്ടോയെന്ന കാര്യമാണ് കോടതിയിൽ പരിഗണിക്കപ്പെട്ടത്. കേസ് പിൻവലിക്കാനുള്ള അപേക്ഷ നൽകാൻ പ്രോസിക്യൂട്ടർക്ക് അവകാശമുണ്ട്. പൊതുതാത്പര്യം മുൻ നിർത്തിയാണ് കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയത്. രാഷ്ട്രീയം പ്രക്ഷുബ്ധമല്ലാതിരിക്കുമ്പോൾ ഇതുപോലുള്ള കേസുകൾ പിൻവലിക്കുന്നതിൽ തെറ്റില്ല. രാഷ്ട്രീയതാത്പര്യത്തിനുവേണ്ടി എന്തും ചെയ്യുന്ന പ്രതിപക്ഷത്തിന്റെ ലീലാവിലാസമായി മാത്രമേ ഇതിനെ കാണുന്നുള്ളൂ. ജമീലപ്രകാശം ഉൾപ്പെടെയുള്ള വനിതാ അംഗങ്ങൾ നൽകിയ പരാതി അന്ന് പരിഗണിച്ചുമില്ല. സഭയിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ സഭയിൽ തീരണം. അതിനെ പുറത്തേക്ക് കൊണ്ടുപോയാൽ അത് സഭയുടെ പരമാധികാരത്തെ ഇല്ലായ്മ ചെയ്യുന്ന പ്രവണതകളെയാവും ശക്തിപ്പെടുത്തുക.


 എം.എൽ.എമാർക്ക് കൊമ്പുണ്ടോ: വി.ഡി. സതീശൻ

ചില വക്കീലന്മാർ കേസ് തോറ്റാലും കോടതി വരാന്തയിൽ നിന്ന് വാദിക്കും. അതാണ് മുഖ്യമന്ത്രി ചെയ്തത്. സുപ്രീംകോടതി വിധിക്കെതിരായാണ് മുഖ്യമന്ത്രി സംസാരിച്ചത്. ഒരു മുഖ്യമന്ത്രിക്കും അതിനധികാരമില്ല. സർക്കാർ അഭിഭാഷകയുടെ നിയമ ബോധം പോലും മുഖ്യമന്ത്രി കാണിച്ചില്ല. കുറ്റം എവിടെ വച്ചു ചെയ്താലും വിചാരണ നേരിടണം. എം.എൽ.എമാർക്ക് എന്താ കൊമ്പ് ഉണ്ടോ? കുറ്റവാളികളെ രക്ഷിക്കാൻ ജനത്തിന്റെ നികുതി പണം എടുത്തു സുപ്രീംകോടതിയിൽ പോയി. പാർട്ടിയാണ് വക്കീൽഫീസ് അടയ്‌ക്കേണ്ടത്. കെ.എം. മാണിയെക്കുറിച്ച് അന്ന് വി.എസ്. അച്യുതാനന്ദൻ പറഞ്ഞതൊക്കെ കേട്ട് ഇവിടെ ഇരിക്കാൻ കേരള കോൺഗ്രസ് എമ്മുകാർക്ക് നാണമില്ലേ? ഇപ്പോഴത്തെ ഈ ചേർത്തുപിടിക്കൽ ധൃതരാഷ്ട്രാലിംഗനമാണ്. എം.വി. രാഘവനെ 1987ൽ ഈ സഭയിലിട്ട് തല്ലിയതിനെ മകൻ നികേഷ്‌കുമാറിന് സീറ്റ് നൽകി ന്യായീകരിച്ചു. മാണിയെക്കുറിച്ച് പറഞ്ഞതിനെയൊക്കെ അദ്ദേഹത്തിന്റെ പാർട്ടിയെ എ.കെ.ജി സെന്ററിൽ കൊണ്ടുപോയി ജ്ഞാനസ്‌നാനം ചെയ്യിച്ച് ന്യായീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD SATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA