SignIn
Kerala Kaumudi Online
Sunday, 04 October 2026 9.21 AM IST

ഗുഡ്‌ലക്ക് ഗേൾസ് , വിടരട്ടെ വിജയം

india-hockey

വനിതാ ഹോക്കി സെമിയിൽ ഇന്ത്യ ഇന്ന് അർജന്റീനയെ നേരിടും

ടോക്യോ : ഒളിമ്പിക്സിൽ വിസ്മയക്കുതിപ്പ് നടത്തുന്ന ഇന്ത്യൻ വനിതാ ഹോക്കി ടീം ഫൈനൽ പ്രതീക്ഷയോടെ ഇന്ന് സെമിയിൽ അർജന്റീനയെ നേരിടും. ഇന്ന് വൈകിട്ട് 3.30 മുതലാണ് ഇന്ത്യ മുഴുവൻ ആകാംഷയോടെ കാത്തിരിക്കുന്ന സെമി പോരാട്ടം. ചരിത്രത്തിലാദ്യമായാണ് ഇന്ത്യൻ വനിതാ ഹോക്കി ടീം ഒളിമ്പിക്സിന്റെ സെമി ഫൈനലിൽ കളിക്കാനിറങ്ങുന്നത്. 1980ൽ ഇന്ത്യ നാലാം സ്ഥാനം നേടിയെങ്കിലും അന്ന് ആറ് ടീമുകളെ മത്സരിക്കാനുണ്ടായിരുന്നുള്ളൂ. റൗണ്ട് റോബിൻ ഫോർമാറ്രിൽ മത്സരങ്ങൾ നടന്ന അന്ന് സെമി ഫൈനൽ ഇല്ലായിരുന്നു.

ഇന്നലെ പുരുഷ ടീം സെമിയിൽ ബെൽജിയത്തോട് തോറ്രതിന്റെ സങ്കടം അർജന്റീനയ്ക്കെതിരെ വിജയം നേടി ഫൈനലിലെത്തി സന്തോഷമാക്കാമെന്ന കണക്കു കൂട്ടലിലാണ് റാണി രാംപാലും സംഘവും.

സെമിയിൽ എത്തിയത്

പൂൾ എയിൽ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ ഇന്ത്യ തുടർന്നുള്ള രണ്ട് മത്സരങ്ങളിലും ജയം നേടി നാലാം സ്ഥാനക്കാരായാണ് ക്വാർട്ടറിൽ എത്തിയത്. ക്വാർട്ടറിൽ സാക്ഷാൽ ആസ്ട്രേലിയയെ ഏകപക്ഷീയമായ ഒരു ഗോളിന് മലർത്തിയടിച്ചാണ് സെമിക്ക് ടിക്കറ്റെടുത്തത്.

പൂൾ ബിയിൽ നിന്ന് മൂന്നാം സ്ഥാനക്കാരായി ക്വാർട്ടരിൽ എത്തിയ അർജന്റീന കഴിഞ്ഞ തവണത്തെ മൂന്നാം സ്ഥാനക്കാരായ ജർമ്മനിയെ മറുപടിയില്ലാത്ത മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് വീഴ്ത്തിയാണ് സെമിയിൽ എത്തിയത്.

റാങ്കിംഗ്

അർജന്റീന റാങ്കിംഗിൽ ഇന്ത്യയേക്കാൾ വളരെ മുകളിൽ രണ്ടാം സ്ഥാനത്താണ്. ഒളിമ്പിക്സിലെ മിന്നും വിജയങ്ങളുടെ പശ്ചാത്തലത്തിൽ റാങ്കിംഗിൽ ഏഴാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ് ടീം ഇന്ത്യ. ഇന്ത്യൻ വനിതകളുടെ ഏറ്രവും ഉയർന്ന റാങ്കാണിത്. മറുവശത്ത് ലോക രണ്ടാം റാങ്കുകാരായ അർജന്റീന റിയോയിൽ ക്വർട്ടറിൽ വീണതിന്റെ നിരാശ മറന്ന് ആദ്യമായി സ്വർണം സ്വന്തമാക്കുകയെന്ന ലക്ഷ്യത്തിലാണ്. 2000 ത്തിലും 2012ലും വെള്ളി നേടിയ ടീമാണ് അവർ.

മുഖാമുഖം

പരസ്പരം ഏറ്രുമുട്ടിയതിന്റെ സമീപകാല കണക്കുകൾ പരിശോധിച്ചാൻ അർജന്റീനയ്ക്കാണ് മുൻതൂക്കം. ഒളിമ്പിക്സ് ഒരുക്കങ്ങൾക്കായി ഇന്ത്യ കഴിഞ്ഞയിടെ അർജന്റീനയിൽ പര്യടനം നടത്തിയിരുന്നു.

ഏഴ് മത്സരങ്ങൾ അവിടെ ഇന്ത്യ കളിച്ചു. അതിൽ ആദ്യ രണ്ട് മത്സരങ്ങൾ യൂത്ത് ടീമിനെതിരെ ആയിരുന്നു രണ്ടും സമനിലയായി. തുടർന്ന് രണ്ട് മത്സരങ്ങൾ അർജന്റീന ബി ടീമിനെതിരെയായിരുന്നു. രണ്ടിലും ഇന്ത്യ തോറ്രു. തുടർന്ന് സീനിയർ ടീമിനെതിരെ കളിച്ച രണ്ട് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ തോൽക്കുകയും ഒരെണ്ണം സമനിലയിലാവുകയും ചെയ്തു.

സെമി ഫൈനലിൽ എത്തി ചരിത്രം സൃഷ്ടിക്കാൻ ഞങ്ങൾക്കായി. സെമി ഫൈനലിനപ്പുറം സ്വർണമാണ് ഞങ്ങൾ സ്വപ്നം കാണുന്നത്. സെമിയിൽ അവസാനിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.

റാണി രാംപാൽ

ഇന്ത്യൻക്യാപ്ടൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, INDIAAN WOMENS HOCKEY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360