SignIn
Kerala Kaumudi Online
Wednesday, 16 September 2026 1.01 AM IST

ബിഷപ്പിന്റെ വിവാദ പ്രസംഗം സഭയിലുയർത്തി ലത്തീഫ്

ass

തിരുവനന്തപുരം: യു.ഡി.എഫ് ഏറക്കുറെ പറഞ്ഞവസാനിപ്പിച്ച പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പ്രസംഗ വിവാദം അപ്രതീക്ഷിതമായി നിയമസഭയിലുയർത്തി മുസ്ലിം ലീഗ് അംഗം യു.എ. ലത്തീഫ്. പ്രതിപക്ഷ ബെഞ്ചുകളെയുൾപ്പെടെ ഇത് പൊടുന്നനെ അസ്വസ്ഥമാക്കി. ലീഗ് നിയമസഭാ കക്ഷി നേതാവായ പി.കെ. കുഞ്ഞാലിക്കുട്ടി പിൻനിരയിലേക്കെത്തി ലത്തീഫിനെ പുറത്തേക്ക് വിളിച്ചുകൊണ്ടുപോവുകയും ചെയ്തു.

ശൂന്യവേളയിൽ വിദ്യാർത്ഥികൾക്ക് കൗൺസലിംഗ് നൽകുന്നതുമായി ബന്ധപ്പെട്ട ഉപക്ഷേപം അവതരിപ്പിക്കുമ്പോഴാണ് ആമുഖമായി ലത്തീഫ് വിവാദവിഷയം എടുത്തിട്ടത്. നാർക്കോട്ടിക് ജിഹാദ്, ലവ് ജിഹാദ് എന്ന തരത്തിൽ പാലാ ബിഷപ്പ് നടത്തിയ മുറിവേല്പിക്കുന്ന പ്രസ്താവന മുസ്ലിം സമുദായത്തിന്റെ നെഞ്ചിലേക്കുതിർത്ത വെടിയാണെന്ന് ലത്തീഫ് പറഞ്ഞു. മഅ്ദനി വിഷയവും അദ്ദേഹമുയർത്തി.

ന്യൂനപക്ഷ വിഭാഗത്തിനെതിരെ വർഗീയവിഷം തുപ്പുന്ന പ്രസ്താവന കൊണ്ട് ആർക്കാണ് ഗുണമുണ്ടായത്? ബിഷപ്പിന്റേത് തീവ്രവാദ പ്രസംഗമായിട്ടും എന്താണ് മുഖ്യമന്ത്രി നടപടിയെടുക്കാത്തത്? ആർക്കും കയറി കൊട്ടാവുന്ന ചെണ്ടയാണോ മുസ്ലിം വിഭാഗം? ഇതെല്ലാം കണ്ടും കേട്ടും കുട്ടികളുടെ മനസ് കളങ്കിതമായിരിക്കുകയാണ്. വിദ്യാ‌ർത്ഥികൾക്കും രക്ഷിതാക്കൾക്കും കൗൺസലിംഗ് നൽകണം - ലത്തീഫ് പറഞ്ഞു.

ഇതോടെ ഉപക്ഷേപത്തിന്റെ വിഷയത്തിലേക്ക് വരാൻ ലത്തീഫിനോട് യു.ഡി.എഫ് നിരയിലെ പലരും നിർദ്ദേശിച്ചു. സഭയുടെ പൊതുവികാരം മാറിയത് മനസ്സിലാക്കി ലത്തീഫ് പെട്ടെന്നുതന്നെ വിഷയമവതരിപ്പിക്കുകയും ചെയ്തു.

മറുപടി പ്രസംഗത്തിൽ ഇതിനോട് മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചില്ല. പ്രത്യേക ചോദ്യമായി എഴുതിത്തന്ന് ചോദിക്കേണ്ടതാണെന്ന് പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടി ഇതിനിടെ ലത്തീഫിനടുത്തെത്തി അദ്ദേഹത്തെയും കൂട്ടി പുറത്തേക്ക് പോയി. അല്പസമയം കഴിഞ്ഞ് ഇരുവരുമൊന്നിച്ച് മടങ്ങിയെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASSEMBLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA