SignIn
Kerala Kaumudi Online
Thursday, 11 June 2026 9.26 PM IST

അതിവേഗ റെയിൽ മുന്നോട്ട്,​ 33,700 കോടി ബാദ്ധ്യത കേരളം ഏൽക്കും

kk

തിരുവനന്തപുരം: സെമി-ഹൈസ്പീഡ് റെയിലിന് വേണ്ട 33,700 കോടി രൂപ വിദേശ വായ്പയുടെ ബാദ്ധ്യത ഏറ്റെടുക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ നേരിട്ടെത്തി കേന്ദ്ര സർക്കാരിന് ഉറപ്പുനൽകിയതോടെ വികസനക്കുതിപ്പിന് വഴിതുറക്കുന്ന സ്വപ്ന പദ്ധതി പ്രതീക്ഷയുടെ ട്രാക്കിൽ. റെയിൽ വന്നാൽ നാല് മണിക്കൂറിൽ തിരുവനന്തപുരം-കാസർകോട് യാത്ര സാദ്ധ്യമാകും.

കൂടിക്കാഴ്ചയിൽ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് വായ്പാ ബാദ്ധ്യത കേന്ദ്രമേൽക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് മുഖ്യമന്ത്രി സന്നദ്ധത അറിയിച്ചത്. മന്ത്രിസഭയുടെ അനുമതിയോടെ, കേന്ദ്രത്തിന് സത്യവാങ്മൂലം ഉടൻ അയയ്ക്കും.

തിരിച്ചടവിന് സംസ്ഥാനം പരാജയപ്പെട്ടാൽ ബാദ്ധ്യതയേൽക്കുമെന്ന് എല്ലാ വിദേശവായ്പകൾക്കും കേന്ദ്രം രേഖാമൂലം ഉറപ്പുനൽകാറുണ്ട്. ഇതാണ് സംസ്ഥാനം ഏറ്റെടുക്കുന്നത്. പദ്ധതി വിജയകരമായില്ലെങ്കിൽ നൂറുശതമാനം തിരിച്ചടവും സംസ്ഥാനം വഹിക്കണം. ഉറപ്പുനൽകിയതോടെ വായ്പയ്ക്ക് കേന്ദ്രാനുമതി കിട്ടാം. പക്ഷേ കേന്ദ്രം ഗാരന്റി നൽകില്ല.

പദ്ധതിക്ക് നിലവിൽ റെയിൽവേയുടെ തത്വത്തിലുള്ള അനുമതിയേയുള്ളൂ. ഇനി റെയിൽവേ, ധനമന്ത്രാലയങ്ങളുടെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും കേന്ദ്ര കാബിനറ്റിന്റെയും അനുമതിവേണം. 975 കോടി മൂല്യമുള്ള 185 ഹെക്ടർ റെയിൽവേ ഭൂമിയും 2150 കോടിയുടെ കേന്ദ്ര ഓഹരിയും വേണം.

റെയിൽവേ കേന്ദ്ര വിഷയമാണ്. റെയിൽവേക്കും സംസ്ഥാനത്തിനും ഓഹരിയുള്ള കേരള റെയിൽ വികസന കോർപ്പറേഷനാണ് സെമി-ഹൈസ്പീഡ് റെയിലിന്റെ നിർമ്മാണവും നടത്തിപ്പുമെന്നതിനാൽ അന്തിമാനുമതി ഉടൻ ലഭിച്ചേക്കും. അഹമ്മദാബാദ്-രാജ്കോട്ട് സെമി-ഹൈസ്പീഡ് റെയിലിൽ കേന്ദ്ര, റെയിൽവേ ഓഹരിയുണ്ട്. ബംഗളൂരു സബർബൻ റെയിൽവേ കേന്ദ്രവും റെയിൽവേയും കൂടി ഉൾപ്പെട്ട കമ്പനിയാണ് നടപ്പാക്കുന്നത്, ഓഹരിയുമുണ്ട്. അതിനാൽ കേരളത്തെ തഴയാനാവില്ല.

വായ്പ കിട്ടുന്നത്


ജപ്പാൻ

ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി (ജൈക്ക) 0.2- 0.5 ശതമാനം പലിശയ്ക്ക് എത്രതുക വേണമെങ്കിലും നൽകും. ഡോളർ വിനിമയനിരക്കിലെ വ്യത്യാസമാവുമ്പോൾ പലിശ 6 ശതമാനം വരെയാവാം. 20-30 വർഷം തിരിച്ചടവ് കാലാവധി, 10 വർഷം മൊറട്ടോറിയം. റെയിലിന്റെ ഉപകരണങ്ങളും സിഗ്നലിംഗ് സംവിധാനവും ജപ്പാനിൽ നിന്ന് വാങ്ങണം.

ലോക ബാങ്കുകൾ

ചൈനയിലെ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക്, ബ്രിക്സ് രാജ്യങ്ങളുടെ ന്യൂ ഡെവലപ്മെന്റ് ബാങ്ക്, ഫ്രഞ്ച് വികസന ബാങ്ക്, ഏഷ്യൻ വികസന ബാങ്ക്, ജർമ്മൻ ബാങ്ക്, ലോക ബാങ്ക് എന്നിവരും സന്നദ്ധരാണ്. പക്ഷേ, ഇവർക്കൊന്നും ഒരു ബില്യൺ ഡോളറിനു മുകളിൽ (7100കോടി രൂപ) ഒറ്റ വായ്പ നൽകാനാവില്ല.

തിരിച്ചടവിന്റെ വഴി

1. മുടക്കുമുതലിന്റെ 8.1ശതമാനം പ്രതിവർഷം തിരിച്ചുകിട്ടാം

2. നഗരവികസനം കൂടിയാവുമ്പോൾ ഇത് 16ശതമാനമാവാം

3. ചരക്കുലോറികൾ കൊണ്ടുപോവുന്ന റോ–റോ സർവീസ് വരുമാനം

"പദ്ധതിക്ക് അന്തിമാനുമതി വേഗത്തിലാക്കണമെന്ന് കേന്ദ്രത്തോടാവശ്യപ്പെട്ടു. ഭൂമിയേറ്റെടുക്കലുമായി മുന്നോട്ടുപോകാൻ കേന്ദ്ര ധനമന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്."

- പിണറായി വിജയൻ

മുഖ്യമന്ത്രി

ദൂരം

532 കി.മി

വേഗം

200 കി.മി

66,405 കോടി

ഭൂമിക്കും നഷ്ടപരിഹാരത്തിനും നിർമ്മാണത്തിനും ഉൾപ്പെടെ ആകെ ചെലവ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KRAIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA